Friday, October 11, 2024
HomeSports houseപ്രതീക്ഷകളുടെ ഭാരവുമായി വീണ്ടും ഇന്ത്യ: ഒറ്റമന്ത്രം, ജയം

പ്രതീക്ഷകളുടെ ഭാരവുമായി വീണ്ടും ഇന്ത്യ: ഒറ്റമന്ത്രം, ജയം

ദുബായ് > ഒന്നില്‍നിന്നു തുടങ്ങാന്‍ വീണ്ടും ഇന്ത്യ. ട്വന്റി—20 ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാംമത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും. ദുബായില്‍ ഇന്ന് രാത്രി 7.30നാണ് പോരാട്ടം. ആദ്യകളിയില്‍ പാകിസ്ഥാനോട് തകര്‍ന്ന വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും ഇത് പിഴവുകള്‍ തിരുത്താനുള്ള അവസരമാണ്. കിവികളും പാകിസ്ഥാനോട് തോറ്റാണ് എത്തുന്നത്.

ഗ്രൂപ്പ് രണ്ടില്‍ മൂന്നു കളിയും ജയിച്ച പാക്പട സെമി ഏറെക്കുറെ ഉറപ്പിച്ചമട്ടാണ്. അടുത്ത ഊഴം ഇന്ത്യയുടേതും ന്യൂസിലന്‍ഡിന്റേതുമാണ്. അതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് സെമിസാധ്യത നിലനിര്‍ത്താം.

പ്രവചനക്കാര്‍ ഒന്നാമത് പറഞ്ഞ പേരായിരുന്നു ഇന്ത്യയുടേത്. ദുബായില്‍ ഐപിഎല്‍ കളിച്ച പരിചയവുമായി അണിനിരന്ന സംഘത്തിന് പോരായ്മകള്‍ ഒന്നുമുണ്ടായിരുന്നില്ല ചൂണ്ടിക്കാട്ടാന്‍. എന്നാല്‍, പാകിസ്ഥാനെതിരായ ഒറ്റമത്സരത്തോടെ പ്രതീക്ഷ മങ്ങി. ടീമിന്റെ എല്ലാ ദൗര്‍ബല്യങ്ങളും വെളിവായി. ആദ്യ പന്തുതൊട്ട് ഇന്ത്യ പതറി. സര്‍വരും അടിയറവുപറഞ്ഞു. കോഹ്ലിമാത്രമായിരുന്നു അപവാദം. എങ്കിലും ബാറ്റിങ്ങില്‍ ക്യാപ്റ്റന്റെ ആധികാരികത നഷ്ടമായി. ക്രീസില്‍ പഴയ കോഹ്ലിയല്ല ഇപ്പോള്‍. അനാവശ്യ ഷോട്ട് കളിച്ച് പുറത്താകുന്നത് പതിവാക്കി.
ടീം തെരഞ്ഞെടുപ്പാണ് ഇന്ത്യക്കുമുന്നിലെ വെല്ലുവിളി. ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ഉള്‍പ്പെടുത്തലില്‍ വലിയ വിമര്‍ശങ്ങളാണ് മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ നടത്തിയത്.

ഐപിഎല്ലിലും കഴിഞ്ഞ സീസണിലും മങ്ങിയ താരങ്ങളാണ് ഇരുവരും. ഹാര്‍ദിക്കാകട്ടെ പന്തെറിയുന്നുമില്ല. ഈ ഓള്‍റൗണ്ടറെ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് പാകിസ്ഥാനെതിരെ കളിപ്പിച്ചത്. പരാജയമായി. മാത്രമല്ല, ആറാം ബൗളര്‍ ഇല്ലാത്തതിന്റെ വില ഇന്ത്യ അറിയുകയും ചെയ്തു. എന്നാല്‍ ഹാര്‍ദിക്കിന് അനുകൂലമാണ് കോഹ്ലി. രണ്ടോവറോളം എറിയാന്‍ ഹാര്‍ദിക് പ്രാപ്തനാണെന്ന് ക്യാപ്റ്റന്‍ അറിയിച്ചു. ഭുവനേശ്വറിനുപകരം ബാറ്റില്‍ക്കൂടി ആശ്രയിക്കാവുന്ന ശര്‍ദുള്‍ താക്കൂര്‍ എത്താന്‍ സാധ്യത വര്‍ധിച്ചു. ശര്‍ദുള്‍ പരിഗണനയിലുണ്ടെന്ന് കോഹ്–ലി പറഞ്ഞു.

ടോസാണ് നിര്‍ണായകഘടകം. ദുബായില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് മുന്‍തൂക്കം. പാകിസ്ഥാനെതിരെ നാണയഭാഗ്യം നഷ്ടമായ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. രോഹിത് ശര്‍മ–ലോകേഷ് രാഹുല്‍ കൂട്ടുകെട്ട് മിന്നിയാല്‍ ഇന്ത്യക്ക് എളുപ്പമാകും കാര്യങ്ങള്‍. സൂര്യകുമാര്‍ യാദവും ഋഷഭ് പന്തും ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കേണ്ടതുണ്ട്. വരുണ്‍ ചക്രവര്‍ത്തിതന്നെയാകും പ്രധാന സ്പിന്നര്‍.  

ന്യൂസിലന്‍ഡ് നിരയില്‍ പരിക്കേറ്റ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ സംശയത്തിലാണ്. കെയ്ന്‍ വില്യംസണ്‍, ഡിവന്‍ കൊണ്‍വേ എന്നിവരാണ് ബാറ്റര്‍മാരില്‍ കരുത്തര്‍. പന്തില്‍ ട്രെന്റ് ബോള്‍ട്ടിലാണ് കിവികളുടെ പ്രതീക്ഷ. ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരെ സ്ഥിരംപതറുന്ന ഇന്ത്യയെ ബോള്‍ട്ടിലൂടെ കീഴടക്കാമെന്നാണ് ന്യൂസിലന്‍ഡിന്റെ കണക്കുകൂട്ടല്‍. ലോകകപ്പുകളില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച റെക്കോഡല്ല ഇന്ത്യക്ക്. അവസാനമായി കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയില്‍ തോറ്റു.

- Advertisment -

Most Popular