തിരുവനന്തപുരം > കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച കേസിൽ ജയിൽ മോചിതനായ ബിനീഷ് കോടിയേരി വീട്ടിലെത്തി. മരുതംകുഴിയിലെ വീട്ടിലെത്തിയ ബിനീഷിനെ കുടുംബാംഗങ്ങൾ സ്വീകരിച്ചു. കെട്ടിപ്പിടിച്ച് കരഞ്ഞാണ് അമ്മ വിനോദിനി മകനെ സ്വീകരിച്ചത്. ഒരു വർഷത്തിന് ശേഷം മകനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. കേസ് കോടതിയില്‍ നിലനില്‍ക്കുന്നതുകൊണ്ട് കേസ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ഇഡിക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിനീഷിനെ സ്വീകരിക്കാന്‍ ബൊക്കെയും മാലയുമായി നിരവധിപ്പേര്‍ കാത്തുനിന്നിരുന്നു. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതാണ് താന്‍ ജയിലിലാകാന്‍ കാരണമെന്ന് ബിനീഷ് കോടിയേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജയിൽമോചിതനായി വീട്ടിലേക്ക് വരുന്നത് ഒരു വര്‍ഷത്തിന് ശേഷമാണ്. ആദ്യം അച്ഛനെയും അമ്മയേയും ഭാര്യയേയും മക്കളേയും കാണണം. പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ട്. ഒരുപാട് കാര്യം പറയാനുണ്ട്. അതിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും ബിനീഷ് പറഞ്ഞു. ശനിയാഴ്‌ച രാത്രി എട്ടോടെയാണ് ജാമ്യ നടപടികൾ പൂർത്തിയാക്കി പരപ്പന അഗ്രഹാര ജയിലിൽ നിന്നും ബിനീഷ് കോടിയേരി പുറത്തിറങ്ങിയത്