Wednesday, September 11, 2024
Homeസംസ്ഥാന ഭരണം അട്ടിമറിക്കാനും പെഗാസസ്‌ ; കർണാടകത്തിൽ ജെഡിഎസ്‌ കോൺഗ്രസ്‌ സഖ്യസർക്കാരിനെയും മധ്യപ്രദേശ്‌ സർക്കാരിനെയും വീഴ്‌ത്തി
Array

സംസ്ഥാന ഭരണം അട്ടിമറിക്കാനും പെഗാസസ്‌ ; കർണാടകത്തിൽ ജെഡിഎസ്‌ കോൺഗ്രസ്‌ സഖ്യസർക്കാരിനെയും മധ്യപ്രദേശ്‌ സർക്കാരിനെയും വീഴ്‌ത്തി

ന്യൂഡൽഹി
രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ ചോർത്തുന്നതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാനും ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസിനെ കേന്ദ്ര സർക്കാർ ആയുധമാക്കി. 2019 ജൂലൈയിൽ കർണാടകത്തിൽ ജെഡിഎസ്‌–- കോൺഗ്രസ്‌ സഖ്യസർക്കാരിനെ അട്ടിമറിക്കാനാണ്‌ ബിജെപിയും കേന്ദ്രസർക്കാരും പെഗാസസിന്റെ സഹായം തേടിയത്‌. അന്ന്‌ ഉപമുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ്‌ നേതാവ്‌ ജി പരമേശ്വര, മുഖ്യമന്ത്രിയായിരുന്ന എച്ച്‌ ഡി കുമാരസ്വാമിയുടെയും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പേഴ്‌സണൽ സെക്രട്ടറിമാർ, മുൻ പ്രധാനമന്ത്രിയും ജെഡിഎസ്‌ അധ്യക്ഷനുമായ എച്ച്‌ ഡി ദേവഗൗഡയുടെ സുരക്ഷാവിഭാഗത്തിലെ പൊലീസുകാരൻ എന്നിവരുടെ ഫോണുകളിലേക്ക്‌ പെഗാസസ്‌ കടന്നുകയറ്റശ്രമം നടത്തിയെന്ന്‌ ‘ദ വയർ’ റിപ്പോർട്ടുചെയ്‌തു.

2019 ജൂലൈയിലെ ആദ്യ രണ്ടാഴ്‌ചയിലാണ്‌ കർണാടകത്തിൽ കേന്ദ്രസർക്കാർ സഹായത്തോടെ ബിജെപി അട്ടിമറിനീക്കം തകൃതിയാക്കിയത്‌. കോൺഗ്രസിന്റെ പതിമൂന്നും ജെഡിഎസിന്റെ മൂന്നും എംഎൽഎമാർ അപ്രതീക്ഷിതമായി രാജിപ്രഖ്യാപനം നടത്തി.  യുഎസ്‌ പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി കുമാരസ്വാമി തിടുക്കത്തിൽ മടങ്ങി വിമതരെ തിരിച്ചുപിടിക്കാൻ നീക്കങ്ങൾ സജീവമാക്കി. ഈ ഘട്ടത്തിലാണ്‌ പെഗാസസ്‌ ഇടപെട്ടത്‌. കുമാരസ്വാമിയുടെ പേഴ്‌സണൽ സെക്രട്ടറി സതീഷിന്റെ രണ്ട്‌ നമ്പർ പെഗാസസ്‌ ആക്രമണത്തിന്‌ ഇരയായി. സിദ്ധരാമയ്യയുടെ പേഴ്‌സണൽ സെക്രട്ടറി വെങ്കടേഷിന്റെ നമ്പറും നിരീക്ഷണത്തിലായി. 27 വർഷമായി കൂടെയുള്ള വിശ്വസ്‌തനായ വെങ്കടേഷിനെയാണ്‌ സ്വന്തമായി ഫോണില്ലാത്ത സിദ്ധരാമയ്യ വിളികൾക്ക്‌ ആശ്രയിക്കുന്നത്‌. 

ഭരണമുന്നണിയുടെ ഇടപെടലിൽ രണ്ട്‌ എംഎൽഎമാർ രാജിപ്രഖ്യാപനത്തിൽനിന്ന്‌ പിൻവാങ്ങി. തൊട്ടടുത്തദിവസം വീണ്ടും തീരുമാനംമാറ്റിയ ഇവർ പിന്നീട്‌ മുഖ്യമന്ത്രിയായ ബിജെപി നേതാവ്‌ ബി എസ്‌ യെദ്യൂരപ്പയുടെ സെക്രട്ടറിക്കൊപ്പം മുംബൈയിലേക്ക്‌ പറന്നു. കോൺഗ്രസ്‌ നേതാവ്‌ ഡി കെ ശിവകുമാർ ഇവരെ കാണാൻ മുംബൈയിൽ എത്തിയെങ്കിലും കാര്യമുണ്ടായില്ല. 4000 കോടിയുടെ ചിട്ടിത്തട്ടിപ്പ്‌ കേസിൽ സിബിഐ അന്വേഷണം നേരിട്ടിരുന്ന റോഷൻ ബെയ്‌ഗ്‌ അടക്കം കൂടുതൽ കോൺഗ്രസ്‌ എംഎൽഎമാർ വിമതപക്ഷത്തേക്ക്‌ ചേക്കേറിയതോടെ സർക്കാർ വീണു. 17 വിമതരിൽ 12 പേർ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച്‌ യെദ്യൂരപ്പ സർക്കാരിൽ മന്ത്രിമാരായി. മധ്യപ്രദേശിലെ കോൺഗ്രസ്‌ സർക്കാരിനെയും സമാനമായ രീതിയിൽ ബിജെപി വീഴ്‌ത്തിയിരുന്നു.

- Advertisment -

Most Popular