Saturday, July 27, 2024
HomeHealth & Fitness houseഇത് പഞ്ചനക്ഷത്ര ഹോട്ടലല്ല, മലപ്പുറത്തെ ഒരു കുടുംബാരോഗ്യകേന്ദ്രം; കൊവിഡ് കാലത്ത് കേരളത്തിന് ആത്മവിശ്വാസമേകി രാജ്യത്തെ ഏറ്റവും...

ഇത് പഞ്ചനക്ഷത്ര ഹോട്ടലല്ല, മലപ്പുറത്തെ ഒരു കുടുംബാരോഗ്യകേന്ദ്രം; കൊവിഡ് കാലത്ത് കേരളത്തിന് ആത്മവിശ്വാസമേകി രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രം; 10 കോടി ചെലവില്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ പുനര്‍നിര്‍മിച്ച പിഎച്ച് സി ഒരുങ്ങി

പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനത്തിന് സജ്ജമായി. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി വിപിഎസ് ഹെല്‍ത്ത് കെയര്‍ 10 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മിച്ച വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഈ മാസം 24ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രത്തിന് അസാധാരമായ പല പ്രത്യേകതകളും ഉണ്ട്.
ഓക്സിജൻ കോണ്സന്ട്രേറ്റർ സപ്പോർട്ടുള്ള നിരീക്ഷണ കിടക്കകൾ, മൊബൈൽ ഐസിയു ആംബുലൻസ്, ഓപ്പൺ ജിംനേഷ്യം അടക്കം കേന്ദ്രത്തിൽ വിപുലീകരിച്ച സൗകര്യങ്ങളും സേവനങ്ങളും 
അത്യാധുനിക സാങ്കേതിക വിദ്യയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒന്നിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് അനുകരണീയ മാതൃകയെന്ന് വിദഗ്ദർ 
വാഴക്കാട്, മലപ്പുറം:  2018 ലെ  പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് വിപിഎസ്-റീബിൽഡ് കേരള ഉദ്യമത്തിലൂടെ പുതിയ മുഖം. പ്രളയജലത്തിൽ മുങ്ങി  പൂർണ്ണമായും ഉപയോഗശൂന്യമായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായാണ് വിപിഎസ് ഹെൽത്ത്കെയർ പത്തുകോടി ചിലവിൽ പുനർനിർമ്മിച്ചത്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള  പുതിയ കുടുംബാരോഗ്യ കേന്ദ്രം സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് യാഥാർഥ്യമായിരിക്കുന്നത്. മലപ്പുറത്തിന്റെ ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക ലബോറട്ടറിയും ഇമേജിംഗ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂണിറ്റും കേന്ദ്രത്തിൽ  പ്രവർത്തന സജ്ജം. 


പതിവ് വൈദ്യപരിശോധനകൾക്കും ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം പ്രളയത്തിൽ നശിച്ചത് വാഴക്കാട്ടുകാർക്ക് സങ്കടകരമായ അനുഭവമായിരുന്നു. താൽക്കാലിക കെട്ടിടത്തിൽ  സൗകര്യങ്ങളോടെ നിലവിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് പ്രദേശവാസികൾക്കാകെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനുള്ള ശേഷിയോടെ പുനർനിർമ്മിച്ച ബൃഹത്തായ കെട്ടിടത്തിലേക്ക് മാറുന്നത്. പ്രതിവർഷം 75,000 ആൾക്കാരാണ് വാഴക്കാട്ടെ പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ  സേവനങ്ങൾ ലഭ്യമാക്കിയിരുന്നത്. നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിവർഷം രണ്ടുലക്ഷം പേർക്ക് ചികിത്സ ലഭ്യമാക്കാനാകും.ഈ കണക്ക് തന്നെ വാഴക്കാട്ടെ ജനങ്ങളുടെ ജീവിതത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പങ്കിന് അടിവരയിടുന്നു. ഗുണനിലവാരമുള്ള പ്രാഥമികാരോഗ്യ സേവനങ്ങൾ  നൽകാനുള്ള  ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ് പദ്ധതിയെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു.പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറായ വിപിഎസ് ഹെൽത്ത്കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിലിന് ഡോ. സക്കീന നന്ദിപറഞ്ഞു. 
“ജില്ലാ ആരോഗ്യ വകുപ്പും വാഴക്കാട്ടെ  ജനങ്ങളും വളരെയധികം സന്തുഷ്ടരാണ്. തകർന്ന ആരോഗ്യ കേന്ദ്രത്തിന്റെ പുനർനിർമ്മാണം ഞങ്ങളുടെ സ്വപ്നമായിരുന്നു. പദ്ധതിയുടെ പൂർത്തീകരണത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ജനങ്ങൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യയും  ആധുനിക സൗകര്യങ്ങളുമുള്ള കേന്ദ്ര കോവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.”

■ആർദ്രം മിഷനിൽ നാഴികക്കല്ല് 
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അത്യാധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ആർദ്രം മിഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം പൂർത്തിയാകുന്നത്. ആരോഗ്യ സേവനരംഗത്തുള്ള അന്തർദേശീയ അനുഭവ സമ്പത്തും സർക്കാർ വിഭാവനം ചെയ്ത ആശയങ്ങളും ചേർത്തിണക്കിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആശയവും സമീപനവും വിപിഎസ് ഹെൽത്ത്കെയർ രൂപീകരിച്ചത്. ആർദ്രം മിഷന്റെ ഭാഗമായി കേരളത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരമുയർത്തുന്നതിനുള്ള അനുകരണീയ മാതൃകയായി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മാറും. അതോടൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണെന്ന സന്ദേശം സന്ദേശം ദേശീയതലത്തിൽ നൽകാനും പദ്ധതി കാരണമാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. 


അന്തർ‌ദ്ദേശീയ പരിചയമുള്ള വിപിഎസ് ഹെൽ‌ത്ത് കെയർ ഗ്രൂപ്പ് സ്ഥാപിച്ച ഉന്നത  നിലവാരമുള്ള ഒരു കുടുംബ ആരോഗ്യ കേന്ദ്രം അനുകരണീയ മാതൃകയാണെന്ന് ആരോഗ്യ വിദഗ്ദനും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ രാജീവ് സദാനന്ദൻ പറഞ്ഞു. 
“വാഴക്കാട് പദ്ധതി അർദ്രം ദൗത്യത്തിന്റെ വിശാല സാധ്യതയാണ് കാണിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ കേരള സർക്കാർ തീരുമാനിച്ചപ്പോൾ, സംസ്ഥാന, പ്രാദേശിക സർക്കാർ ഫണ്ടുകളും പൊതുസമൂഹ പങ്കാളിത്തവുമാണ് ഇതിനായി ലക്ഷ്യമിട്ടത്. എന്നാൽ 2018ലെ പ്രളയത്തെത്തുടർന്ന് ചില പഞ്ചായത്തുകളിൽ ഈ പദ്ധതി തടസ്സപ്പെട്ടു.” സഹായവും പിന്തുണയും നൽകാൻ ഡോ. ഷംഷീർ  തയ്യാറായതിനെ തുടർന്നാണ് ദേശീയതലത്തിൽ തന്നെ അനുകരണീയമായ  മാതൃക രൂപപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

■ഐഐടി വിദ്ഗദർ നിർദ്ദേശിച്ച പരിസ്ഥിതി-സൗഹൃദ സാങ്കേതിക വിദ്യ; 
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യാണ് വാഴക്കാട്ടെ പുതിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഘടന വികസിപ്പിച്ചെടുത്തത്. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ കേന്ദ്രത്തിന്റെ ഡിസൈൻ തയ്യാറാക്കി.  പ്രകൃതി ദുരന്തങ്ങളിൽ കേടുപാടുകൾ പറ്റാതിരിക്കാൻ ഫലപ്രദമെന്ന് കണ്ടെത്തിയ ഗ്ലാസ് ഫൈബർ റിഇൻ‌ഫോഴ്‌സ്ഡ് ജിപ്‌സം (ജി‌എഫ്‌ആർ‌ജി) പാനൽ സാങ്കേതികവിദ്യയാണ് കേന്ദ്രത്തിന്റെ  നിർമ്മാണത്തിനായി ഉപയോഗിച്ചത്. 
ഇഷ്ടികകൾ, ബ്ലോക്കുകൾ, തടി, പ്ലാസ്റ്റർബോർഡ് ലൈനിംഗുകൾ എന്നിവ ഒഴിവാക്കിയുള്ളതാണ് ഈ  സാങ്കേതിക വിദ്യ. കെട്ടിടത്തെ പരിസ്ഥിതി സൗഹൃദവും മലിനീകരണമില്ലാത്തതും ഊർജ്ജ-കാര്യക്ഷമവും സൗന്ദര്യാത്മകവുമാക്കുന്ന ഈ രീതി ഭാവി പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ സഹായകരമാകുമെന്നാണ് ഐഐടി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. പുനർനിർമാണ പദ്ധതിക്കായി വിപിഎസ് ഹെൽത്ത്കെയർ സ്വീകരിച്ച സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണ സാങ്കേതികവിദ്യ പ്രശംസനീയമാണെന്ന് മദ്രാസ് ഐഐടി  സ്ട്രക്ചറൽ എഞ്ചിനീയറിംഗ് വിഭാഗം പ്രോജക്ട് സയന്റിസ്റ്റ് ഫിലിപ്പ് ചെറിയാൻ പറഞ്ഞു. 
“ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങൾ കാരണം നമ്മുടെ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും  ഗുരുതര ഭീഷണിയാണ് നേരിടുന്നത്. കേരളത്തിലെ കഴിഞ്ഞ രണ്ട് വെള്ളപ്പൊക്കത്തിൽ നിരവധി കെട്ടിടങ്ങൾ  നശിപ്പിക്കപ്പെടുകയും ആൾക്കാർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നിർമ്മാണം അനിവാര്യമാകുന്നത്. ജിപ്‌സത്തിന്റെ ഉപയോഗ ശൂന്യമായ ഭാഗങ്ങളിൽ നിന്ന് നിർമിക്കുന്ന കെട്ടിട പാനൽ ഉൽപ്പന്നമായ ജി‌എഫ്‌ആർ‌ജിയ്ക്ക് നിർമ്മാണത്തിലെ വേഗത, സുസ്ഥിരത തുടങ്ങി നിരവധി സവിശേഷതകളുണ്ട്.”


2018 ലെ വെള്ളപ്പൊക്കത്തെ  കേരളത്തിലെ ജി.എഫ്.ആർ.ജി കെട്ടിടങ്ങൾ അതിജീവിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ഐ.ഐ.ടി വിദഗ്ദരുടെ ശുപാർശ.വിപിഎസ് ഹെൽത്ത്കെയറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും ബദൽ, സുസ്ഥിര നിർമ്മാണ രീതികളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കാൻ ഇത്തരമൊരു വലിയ ജനകീയ പങ്കാളിത്ത പദ്ധതി സഹായിക്കുമെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.


■ ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രം; ഡെന്റൽ ക്ലിനിക്ക്, ജിം, ഡയറ്റ് ക്ലാസുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ, സമ്പൂർണ ആരോഗ്യ സമീപനം. 
15,000 ചതുരശ്രയടി വിസ്തീർണമുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. എമർജൻസി റൂം, ഒരു മിനി ഓപ്പറേഷൻ തിയേറ്റർ, ഡോക്ടർമാരുടെ കൺസൾട്ടിംഗ് റൂമുകൾ, നഴ്‌സുമാരുടെ സ്റ്റേഷൻ, മെഡിക്കൽ സ്റ്റോർ, വാക്‌സിൻ സ്റ്റോർ, സാമ്പിൾ കളക്ഷൻ സെന്റർ, വിഷൻ ആൻഡ് ഡെന്റൽ ക്ലിനിക്ക്, അമ്മമാർക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കുമുള്ള പ്രത്യേക മേഖലകൾ എന്നിവ കേന്ദ്രത്തിലുണ്ട്. ആധുനിക കോൺഫറൻസ് ഹാളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളുമാണ് രണ്ടാം നിലയിൽ സജ്ജീകരിച്ചിരിക്കുന്നത്. 
കുട്ടികൾക്കു വേണ്ടിയുള്ള കളിസ്ഥലമാണ് മറ്റൊരു പ്രത്യേക സവിശേഷത. ഗർഭിണികൾക്കും പ്രായമായവർക്കും പ്രത്യേകവും ഔട്ട്‌പേഷ്യന്റ് സൗകര്യവും.  ഇത്തരം സൗകര്യങ്ങളിലൂടെ മികച്ച പരിശോധനയും പരിചരണവും ഉറപ്പാക്കാനാവും. 
വെള്ളപ്പൊക്കത്തിൽ നശിച്ച പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക മരുന്ന്, വാക്സിൻ സ്റ്റോറുകളും സാമ്പിൾ ശേഖരണ മുറിയും പുതിയ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്.  ലബോറട്ടറി, ഇമേജിംഗ് വിഭാഗത്തിന് ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ലഭ്യമാക്കിയതിനാൽ വേഗത്തിലുള്ള കൃത്യമായും ഫലങ്ങൾ ഉറപ്പാക്കാനാവും.   ഇതോടൊപ്പം കുടുംബാരോഗ്യ കേന്ദ്രം ഭിന്നശേഷി സൗഹൃദമാണ്, ലിഫ്റ്റ്, റാമ്പ് സൗകര്യങ്ങളും ലഭ്യം. 
■ സ്വപനപദ്ധതി യാഥാർഥ്യമാക്കിയത് ജനകീയ കൂട്ടായ്മ
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാക്കളിലൊന്നായ വിപിഎസ് ഹെൽത്ത്കെയർ വാഴക്കാട് പദ്ധതിക്ക് നേതൃത്വം നൽകിയപ്പോൾ പല തലങ്ങളിലായി പങ്കാളികളായത്  സാധാരണക്കാർ മുതൽ വിദഗ്ദർവരെയുള്ളവരുടെ വൻ നിര. കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പദ്ധതിയെന്നതിനേക്കാളുപരി ജനകീയ കൂട്ടായ്‌മയുടെ വിജയമായി പദ്ധതി മാറുന്നതിന് കാരണവും ഇതുതന്നെ. പുനർ‌നിർമ്മാണ പദ്ധതിയിൽ‌  തുടക്കം മുതൽ‌ ജനകീയ പങ്കാളിത്തം സജീവമായിരുന്നു. കൂട്ടായമായിലൂടെ പദ്ധതി യാഥാർഥ്യമാക്കുകയെന്നതായിരുന്നു വിപിഎസ് ഹെൽത്ത്കെയർ മുന്നോട്ടവച്ച ആശയം. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആന്റ് പ്ലാനിംഗിലെ 40 ഓളം കുട്ടികൾ പദ്ധതിയുടെ ഭാഗമായിരുന്നു.
ഒരു സർക്കാർ ആരോഗ്യ കേന്ദ്രം പുനർനിർമ്മിക്കുന്നതിനുള്ള ഒസി‌എസ്‌ആർ പദ്ധതിയുടെ ഭാഗമാകുന്നത് പുതിയ അനുഭവമാണെന്ന് തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗം തലവൻ സിഎ ബിജു പറഞ്ഞു. “സാമൂഹിക പ്രതിബദ്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും സന്ദേശമാണ് പദ്ധതി നൽകുന്നത്.  പൊതുജനങ്ങൾക്കായി കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ വകുപ്പിനും വിദ്യാർത്ഥികൾക്കും അഭിമാനമുഹൂർത്തം.”
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിയുള്ള സമഗ്ര പങ്കാളിത്ത പദ്ധതിയായാണ് വാഴക്കാട് പുനർനിർമ്മാണത്തെ ഗ്രൂപ്പ്‌ വിഭാവനം ചെയ്തതെന്ന് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 
“പ്രാദേശിക ജനസംഖ്യയ്‌ക്കൊപ്പം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദരും ഈ ശ്രമം വിജയകരമാക്കാൻ ഒത്തുചേർന്നു. ഐഐടി-മദ്രാസ്, തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്ദരടക്കം വിവിധ മേഖലകളിലെ ആളുകളുടെ പങ്കാളിത്തം പദ്ധതിക്ക് വിലമതിക്കാനാവാത്തതാണ്. നാട്ടുകാർ സ്വന്തം നിലയിൽ പദ്ധതി ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിച്ചു. ഇതിന്റെ ഗുണഫലങ്ങൾ പദ്ധതി മുന്നോട്ടവയ്ക്കുന്ന കാഴ്ചപ്പാടിലും അതിന്റെ വിജയത്തിലും ദൃശ്യമാണ്. അതുകൊണ്ട് പദ്ധതിയുടെ വിജയത്തിന്റെ അംഗീകാരം ഞങ്ങളുമായി  ബന്ധപ്പെട്ടിരിക്കുന്ന ജനങ്ങൾക്കുള്ളതാണ്. “
■ വിപിഎസ്- റീബിൽഡ് കേരള മിഷൻ
2018ലെ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടങ്ങൾ നേരിടേണ്ടിവന്ന കേരളത്തിന്റെ പുനരധിവാസത്തിനും പുനര്നിര്മാണത്തിനുമുള്ള രണ്ടാം ഘട്ട ഇടപെടലാണ് പദ്ധതിയിലൂടെ വിപിഎസ് ഹെൽത്ത്കെയർ പൂർത്തിയാക്കുന്നത്. സംസ്ഥാനത്തിന് സഹായമെത്തിക്കാൻ ഡോ. ഷംഷീർ വയലിൽ നൽകിയ നിർദ്ദേശത്തെ തുടർന്ന് പ്രാഥമിക ഘട്ടത്തിൽ മെഡിക്കൽ സാമഗ്രികൾ, വാട്ടർ പ്യൂരിഫയറുകൾ, ശുചിത്വ ഉൽപ്പന്നങ്ങൾ, കുടിവെള്ളം, വസ്ത്രങ്ങൾ എന്നിവയുമായി കേരളത്തിലേക്ക് പ്രത്യേക ദുരിതാശ്വാസ വിമാനം അയച്ചു. അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചറാണ് സർക്കാരിനുവേണ്ടി ദുരിതാശ്വാസ സാമഗ്രികൾ ഏറ്റുവാങ്ങിയത്. രണ്ടാം ഘട്ടത്തിൽ, വെള്ളപ്പൊക്കത്തിൽ നശിച്ച സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാനുള്ള പദ്ധതി വിപിഎസ് ഹെൽത്ത്കെയർ മുന്നോട്ടുവച്ചു. തകർന്നുകിടക്കുന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം പുനർനിർമിക്കുന്നതിനായി സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. തുടർന്ന്, 2019 ഫെബ്രുവരി 18നാണ് ഷൈലജ ടീച്ചറും ഡോ. ​​ഷംഷീറും ചേർന്ന് പദ്ധതിക്ക് തറക്കല്ലിട്ടത്. കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ശേഷം അടുത്തിടെ  ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകനം പൂർത്തിയായിരുന്നു.  ■ പദ്ധതി നാടിനു സമർപ്പിക്കുക മുഖ്യമന്ത്രി; വാഴക്കാടിന് ആഘോഷം പ്രളയാനന്തരമുള്ള കേരള പുനർനിർമ്മാണത്തിന്റെ ഭാഗമായി ഒരു വ്യക്തി ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയാണ് വാഴക്കാട് ആരോഗ്യ കേന്ദ്രത്തിന്റെ പുനർനിർമ്മാണം. പുനർനിർമിച്ച കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24 (ശനിയാഴ്‌ച) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനുനായി ജനകീയ സ്വാഗത സംഘം രൂപീകരിച്ചു. ഇടി മുഹമ്മദ് ബഷീർ എംപിയാണ് സ്വാഗതസംഘം അധ്യക്ഷൻ.

- Advertisment -

Most Popular