Saturday, July 27, 2024
HomeNewshouse18 കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; കുഞ്ഞ് ഇമ്രാൻ യാത്രയായി

18 കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; കുഞ്ഞ് ഇമ്രാൻ യാത്രയായി

അങ്ങാടിപ്പുറം: 18 കോടിരൂപയുടെ മരുന്നിന് കാത്തുനില്‍ക്കാതെ കുഞ്ഞ് ഇമ്രാന്‍ യാത്രയായി, വേദനയില്ലാത്ത ലോകത്തേക്ക്.

ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാന്‍ മുഹമ്മദ് മരണത്തിന് കീഴടങ്ങി.

ചികിത്സയ്ക്കായി ലോകംമുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. എന്നാലതെല്ലാം വിഫലമായി. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്.

കഴിഞ്ഞ മൂന്നുമാസമായി വലമ്പൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടേയും മകനായ ഇമ്രാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററിലായിരുന്നു.

പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കള്‍ ആശുപത്രികളിലൂടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള യാത്ര തുടങ്ങി.

പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്.

18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എം.എല്‍.എ. മഞ്ഞളാംകുഴി അലി ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു.

ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസംഘടനകളും ക്ലബ്ബുകളും തൊഴിലാളികളും ഡ്രൈവര്‍മാരുമടക്കം ലോക മലയാളികള്‍ കൈകോര്‍ത്ത് സമൂഹസമാഹരണം വഴി ഇമ്രാന്റെ ചികിത്സയ്ക്ക് ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു.

ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇമ്രാന്റെ കുടുംബവും ചികിത്സാ സമിതിയും. ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ചാണ് മരിച്ചത്.

- Advertisment -

Most Popular