Saturday, July 27, 2024
Homeവിവാദത്തില്‍ നിന്ന് തലയൂരാന്‍ പിണറായിയുടെ തന്ത്രപരമായ നീക്കം; ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് പുനക്രമീകരിക്കം; ഇനി പുതിയ...
Array

വിവാദത്തില്‍ നിന്ന് തലയൂരാന്‍ പിണറായിയുടെ തന്ത്രപരമായ നീക്കം; ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് പുനക്രമീകരിക്കം; ഇനി പുതിയ സെന്‍സസ് പ്രകാരം; എതിര്‍പ്പുമായി മുസ്ലിംലീഗ്‌

തിരുവനന്തപുരം- ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

നിയമസഭാ സമ്മേളനം ജൂലൈ 22 മുതല്‍

15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 21 മുതല്‍ ചേരാനിരുന്ന സഭാ സമ്മേളനം ബക്രീദ് പ്രമാണിച്ച് മാറ്റുകയായിരുന്നു.

ധനസഹായം

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത തടവുകാരന്‍ സജിത്തിന്റെ കുടുംബത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വ്യവസ്ഥയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്ന ഉത്തരവില്‍ ഭേദഗതി

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നല്‍കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും. ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നല്‍കുന്ന മാറ്റിവെച്ച ശമ്പളത്തില്‍ നിന്ന് ജീവനക്കാരന്റെ ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ല എന്ന് ഫെബ്രുവരി 26 ലെ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.

പൊലീസ് മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 49 തസ്തികകള്‍

കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് സംസ്ഥാന പോലീസിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 49 തസ്തികകള്‍ സൃഷ്ടിക്കും. ക്രൈംബ്രാഞ്ചില്‍ നിലവിലുള്ള അഞ്ച് ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ സീനിയര്‍ സൂപ്രണ്ട് തസ്തികകളായി ഉയര്‍ത്തും.

- Advertisment -

Most Popular