Saturday, July 27, 2024
HomeNewshouseവീണാജോര്‍ജ്ജിന്റെ പാതയില്‍ സിന്ധുസൂര്യകുമാറും? ന്യൂസ് ചാനല്‍ രംഗത്ത് എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന രണ്ടാമത്തെ വനിത ;...

വീണാജോര്‍ജ്ജിന്റെ പാതയില്‍ സിന്ധുസൂര്യകുമാറും? ന്യൂസ് ചാനല്‍ രംഗത്ത് എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന രണ്ടാമത്തെ വനിത ; വീണാ ജോര്‍ജ്ജിന്റെ റെക്കോര്‍ഡ് മറികടന്ന്‌ ആദ്യ വനിതാ എഡിറ്ററാകുമോ സിന്ധുസൂര്യകുമാര്‍

തിരുവനന്തപുരം: മലയാളം ചാനല്‍ ചരിത്രത്തിലെ ചാനല്‍ തലപ്പത്തെത്തിയ ആദ്യവനിത ഇപ്പോള്‍ നമ്മുടെ ആരോഗ്യമന്ത്രിയാണ്. ന്യൂസ് ചാനലിലാദ്യമായി എക്‌സിക്യൂട്ടീവ് എഡിറ്ററായ വീണാജോര്‍ജ്ജ്. അതും രണ്ടുചാനലുകളില്‍. ടിവി ന്യൂവില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ വീണ പിന്നീട് റിപ്പോര്‍ട്ടര്‍ ടിവിയില്‍ എത്തിയപ്പോള്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി. ഒരുപക്ഷേ അവരുടെ മാധ്യമയാത്ര തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് മലയാളത്തിലെ ഏതെങ്കിലും വാര്‍ത്താ ചാനലില്‍ എഡിറ്റര്‍ സ്ഥാനത്തുണ്ടായിരുന്നേനെ. എന്നാല്‍ അവര്‍ രാഷ്ട്രീയത്തിലിറങ്ങി മല്‍സരിച്ചു, എംഎല്‍എയായി, മന്ത്രിയുമായി. പിന്നീട് മലയാളത്തിലെ ഒരു ന്യൂസ് ചാനലിലും പ്രധാന തസ്തികയിലൊന്നും വനിതകള്‍ കാര്യമായി എത്തിയിട്ടില്ല.

ഏറ്റവും ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി സിന്ധുസൂര്യകുമാര്‍ ചുമതലയേല്‍ക്കുമ്പോള്‍ വീണ്ടും അത്തരം ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. വീണാജോര്‍ജ്ജിന് പിന്നാലെ മറ്റൊരു വനിത കൂടി ഒരു ന്യൂസ്ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി എന്ന ചര്‍ച്ച.

എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഒരു മാധ്യമസ്ഥാപനത്തിന്റെ വര്‍ക്കിംഗ് എഡിറ്റര്‍ക്ക് തുല്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തുക. എഡിറ്റര്‍ ഉത്തരവാദപ്പെട്ട ഒരു സ്ഥാനമായി, പലയിടത്തും ആലങ്കാരിക പദവിയായി നില്‍ക്കുമ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരാണ് സ്ഥാപനത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിക്കുക. ഏഷ്യാനെറ്റ് ചാനലില്‍ വാര്‍ത്താ വിഭാഗം ആരംഭിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ജേര്‍ണലിസ്റ്റ് ട്രെയിനിയായി ജോയിന്‍ ചെയ്ത സിന്ധുസൂര്യകുമാര്‍ പിന്നീട് പടിപടിയായാണ് ചാനലില്‍ തന്റെ സ്ഥാനക്കയറ്റള്‍ നേടിയെടുത്തത്. ഏറ്റവും കവര്‍ സ്റ്റോറി എന്ന പരിപാടിയിലൂടെ അവര്‍ പൊതുസമൂഹത്തിലും ശക്തമായ സാന്നിധ്യമായി. എന്നാലിപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായതോടെ ഉത്തരവാദിത്തവും വര്‍ദ്ധിച്ചു.

എംജി രാധാകൃഷ്ണന്‍ എഡിറ്റര്‍ സ്ഥാനത്ത് നിന്നൊഴിയുമ്പോഴാണ് സിന്ധുസൂര്യകുമാര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ കസേരയിലെത്തുന്നത്. എസ് ബിജുവിനൊപ്പമാണ് സിന്ധുസൂര്യകുമാറിനെയും എകിസിക്യൂട്ടീവ് എഡിറ്ററായി ഉയര്‍ത്തിയത്.ചാനലിന്റെ ഗ്രൂപ്പ് എഡിറ്ററായി മാതൃഭൂമിയുടെ എഡിറ്ററായിരുന്ന മനോജ് കെ ദാസ് ചുമതലയേല്‍ക്കുകയും ചെയ്തത് ഈ ഘട്ടത്തിലാണ്. അതുകൊണ്ട് നയപരമായി പ്രത്യേക റോളൊന്നും ഉണ്ടാകില്ലെങ്കിലും അവരിരിക്കുന്ന സ്ഥാനത്തിന് വലിയ പ്രധാന്യമുണ്ട്.

എന്നാല്‍ ഇനി ഉറ്റുനോക്കുന്നത് മറ്റൊരുകാര്യമാണ്. മാധ്യമരംഗത്ത് പ്രത്യേകിച്ച് ദൃശ്യമാധ്യമരംഗത്ത് ഒരു വനിതയുടെ പേരിലുള്ള പ്രധാനറെക്കോര്‍ഡ് വീണയുടെ പേരിലാണ്. അത് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയിലാണ്. എന്നാല്‍ അതിനെ മറികടന്ന് വരും വര്‍ഷങ്ങളില്‍ സിന്ധുസൂര്യകുമാര്‍ ഏഷ്യാനെറ്റിന്റെ എഡിറ്ററാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാല്‍ സിന്ധുവിന് സ്വന്തം പേരില്‍ ഒരു ചരിത്രമെഴുതാം. അതേ സമയം ചാനലിലെ പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ആന്തരികപ്രതിസന്ധിയെ മറികടന്ന് എങ്ങനെ അവര്‍ മുന്നോട്ട് പോകും എന്ന ആശങ്കയും പലരും ഉന്നയിക്കുന്നു.

- Advertisment -

Most Popular