Friday, October 11, 2024
HomeNewshouseഗാന്ധിജിയെ നിശബ്ദനാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച നിയമം; ഗുരുതര ഭീഷണിയാണിത്; സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി

ഗാന്ധിജിയെ നിശബ്ദനാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച നിയമം; ഗുരുതര ഭീഷണിയാണിത്; സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ബ്രിട്ടീഷുകാരുടെ കാലത്തെ രാജ്യദ്രോഹനിയമം സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനുശേഷവും തുടരേണ്ടതുണ്ടോയെന്ന് സുപ്രീം കോടതി. അധികാര ദുര്‍വിനിയോഗത്തിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് വിലക്കുന്നതിനും നിയമം കാരണമാകുന്നുവെന്നും കോടതി വിലയിരുത്തി. കോടതി ഇക്കാര്യത്തില്‍ നിയമത്തിന്റെ സാധുത പരിശോധിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടുകയും ചെയ്യും.

രാജ്യദ്രോഹ നിയമം കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്തിന് ഈ നിയമം ആവശ്യമുണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ ചോദ്യം.

ഗാന്ധിയെ നിശബ്ദനാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച നിയമമാണിത്. യാതൊരു വിശ്വാസ്യതയുമില്ലാതെ നിയമം നടപ്പാക്കുകയും ദുരുപയോഗം ചെയ്യുകയുമാണ്. നിയമം ഗുരുതരമായ ഭീഷണിയാണ്. ദുരുപയോഗം ചെയ്യാന്‍ വളരെ വലിയ സാധ്യതയാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിട്ട.മേജര്‍ ജനറല്‍ എസ്.ജി. വോംബട്‌കെരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യദ്രോഹക്കുറ്റത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളെല്ലാം ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

- Advertisment -

Most Popular