Saturday, May 25, 2024
HomeFilm houseഒടുവില്‍ ആ വേദനിപ്പിക്കുന്ന തീരുമാനം എടുക്കേണ്ടി വന്നു; ഫഹദും മഹേഷും എന്നോടൊപ്പം നിന്നു; ശ്രദ്ധേയമായി ആന്റോ...

ഒടുവില്‍ ആ വേദനിപ്പിക്കുന്ന തീരുമാനം എടുക്കേണ്ടി വന്നു; ഫഹദും മഹേഷും എന്നോടൊപ്പം നിന്നു; ശ്രദ്ധേയമായി ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം, മാലിക് ആമസോണ്‍ പ്രൈമില്‍ എത്തി. ആന്റോ ജോസഫാണ് നിര്‍മാണം. ചിത്രം ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാണ്. നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ഒരു പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മാലിക് നാളെ നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈമിലൂടെ. ഒരുപാട് പേരുടെ സ്വപ്നമാണ്, മാലിക്. എഴുതി സംവിധാനം ചെയ്ത മഹേഷ് നാരായണന്റെ, സ്വയം സമര്‍പ്പിച്ചഭിനയിച്ച ഫഹദിന്റെ, നിമിഷ സജയന്റെ, ജോജുവിന്റെ, വിനയ് ഫോര്‍ട്ടിന്റെ, മറ്റ് അഭിനേതാക്കളുടെ, ക്യാമറ ചലിപ്പിച്ച സാനുവിന്റെ, സംഗീതം കൊടുത്ത സുഷിന്‍ ശ്യാമിന്റെ, ശബ്ദരൂപകല്‍പ്പന നിര്‍വ്വഹിച്ച വിഷ്ണു ഗോവിന്ദിന്റെ, ആര്‍ട്ട് ഡയറക്റ്റര്‍ സന്തോഷ് രാമന്റെ, കൊസ്റ്റ്യുംസ് ഡിസൈന്‍ ചെയ്ത ധന്യ ബാലകൃഷ്ണന്റെ, മേക്കപ്പ് മാന്‍ രഞ്ജിത്ത് അമ്പാടിയുടെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് കുര്യന്റെ, ഇവര്‍ക്കെല്ലാം ഈ സിനിമ, അതിന്റെ വലിപ്പത്തിലും, മിഴിവിലും, ശബ്ദഭംഗിയിലും, തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. തീര്‍ച്ചയായും, ഒരു ഗംഭീര തീയറ്റര്‍ അനുഭവം ആകുമായിരുന്നു, മാലിക്. ഏറെ കഷ്ടപ്പാടുകള്‍ക്കിടയിലും, നിര്‍മ്മാതാവ് എന്ന നിലയില്‍ മാലിക് എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ഞാന്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച സിനിമ. പക്ഷേ, നീണ്ടുനീണ്ടു പോവുന്ന കോവിഡ് അനിശ്ചിതത്വത്തില്‍ എന്നെ പോലെ ഒരു നിര്‍മ്മാതാവിന് താങ്ങാവുന്നതിനപ്പുറത്തേക്ക് ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ പെരുകിയപ്പോള്‍, ഒടിടിയില്‍ വിപണനം ചെയ്തുകൊണ്ട്, ബാധ്യതകള്‍ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു. എന്റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും മഹേഷും വേദനയോടെ ഒപ്പം നിന്നു. ചിത്രം വാങ്ങിച്ച ആമസോണിനും, ഏഷ്യാനെറ്റിനും നന്ദി. മാലിക് നിങ്ങളിലേക്ക് എത്തുകയാണ്. കാണുക, ഒപ്പം നില്‍ക്കുക.

- Advertisment -

Most Popular