Sunday, April 21, 2024
HomeBook houseവംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരാമ; ആ അപൂര്‍വ്വ ജീവിതത്തിലെ ഓര്‍മകളും കാഴ്ചകളും; ഒലീവ് റിഡ്‌ലിയുമായി പ്രിയ സുനില്‍

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരാമ; ആ അപൂര്‍വ്വ ജീവിതത്തിലെ ഓര്‍മകളും കാഴ്ചകളും; ഒലീവ് റിഡ്‌ലിയുമായി പ്രിയ സുനില്‍

സന്തോഷ് ഇലന്തൂര്‍
മലയാള കഥാ ലോകത്ത് പച്ചപ്പുകളിലേക്ക് മാത്രം തുഴഞ്ഞ് വേറിട്ട പതിനഞ്ച് കാഴ്ചയുമായി എത്തുകയാണ്
‘ഒലീവ് റിഡ്‌ലി’ എന്ന കഥാസമാഹാരം. പ്രീയ സുനില്‍ എഴുതിയ കഥകളുടെ അപൂര്‍വ്വ അനുഭവം അറിയാന്‍ ഒലീവ്ഡ റിഡ്‌ലിയെന്ന പുസ്തകത്തിലൂടെ സഞ്ചരിക്കണം.

വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ആമയായ ഒലീവ് റിഡ്‌ലിയുടെ ജീവിതത്തിലെ ഓര്‍മ്മകളും കാഴ്ചകളുമായി ആദ്യ കഥ ‘ഒലീവ് റിഡ്‌ലി’
സഹജീവികളോടുള്ള സ്‌നേഹം മനസ്സില്‍ നിറഞ്ഞ് ചുറ്റുപാട് കളറിഞ്ഞ് പെണ്ണാമയുടെ ജീവിതങ്ങള്‍ നിരീക്ഷണത്തിലും അന്യേഷണത്തിലും കണ്ടെത്തലിലൂടെ എഴുതിയ കഥയിലെ പെണ്ണാമയുടെ ദു:ഖം വായനക്കാരിലേക്കും പടരുമ്പോള്‍ ഹൃദയസ്പര്‍ശിയാകുന്നു.
‘എളുപ്പമല്ലാത്ത കാര്യങ്ങള്‍ ‘എന്ന കഥയില്‍ വനിതാ പൊലീസായ ലീനയുടെ ജീവിതത്തിലൂടെ കുര്യാക്കോസും, ജോസി, അരവിന്ദന്‍ സാറും വെള്ളിത്തിരയയില്‍ എന്നപോലെ നമ്മുടെ മുമ്പില്‍ എത്തുമ്പോള്‍.കുര്യാക്കോസിന്റെ ചൊറിച്ചിലിനു മരുന്നു ലീന കൊടുക്കുമ്പോള്‍ സമൂഹത്തില്‍ സ്ത്രീകള്‍ ജോലി സ്ഥലങ്ങളില്‍ അനുഭവിക്കുന്ന യാതനകള്‍ കലര്‍പ്പില്ലാതെ എഴുതിയിരിക്കുന്നു. ‘ഇതിഹാസ നാരി’ എന്ന കഥയിലൂടെ പൂര്‍വ്വ കാലത്തെങ്ങോ പരിചിതമെന്ന് തോന്നിപ്പിച്ച ഒരു ഗന്ധം അനുഭവപ്പെടുമ്പോള്‍ അതാസ്വദിച്ച് അല്പനേരം കണ്ണുമടച്ചു നിന്നപ്പോള്‍ നനുത്തൊരു കുളിര്‍മ്മ ഉള്ളിലേക്ക് പടര്‍ന്നു കയറി ഇന്നോളമനുഭവപ്പെട്ടിട്ടില്ലാത്തൊരു കഥാവായനയുടെ ആനന്ദത്തില്‍ നമ്മുടെ കണ്ണുകള്‍ നിറഞ്ഞടഞ്ഞൊരു കഥാ വായന.
‘ഒളിച്ചുകളികള്‍ ‘എന്ന കഥയില്‍. മീര വാതിലടച്ച് കണ്ണുകള്‍ പൊത്തി എണ്ണാന്‍ തുടങ്ങുമ്പോള്‍
മനസ്സിന്റെ ആഴങ്ങളില്‍ നിന്നൊരു പിടച്ചില്‍ അനുഭവപ്പെട്ട് ഒരു കഥാ വായന.
എതെങ്കിലും മരത്തിന്റെയോ കാട്ടുചെടിയുടെയോ മറവു പറ്റി ചീവീടുകളുടെ മൂളലില്‍ ഇഴകി ചേര്‍ന്നിരുന്ന ചീമയുടെ സങ്കടങ്ങള്‍. ആ സങ്കടങ്ങളിലുടെ’ ‘ഉടല്‍ വേവുന്ന ഗന്ധം ‘എന്ന കഥ. ഷിബുവിന്റെ മനസ്സില്‍ കഥയുടെ ഒരു വിത്ത് വീണ് മുളയ്ക്കുമ്പോള്‍. കഥയില്‍ നിന്നിറങ്ങി വന്ന ഗന്ധം ചീമയുടെ ഓര്‍മകളിലേക്കാഴ്ന്നിറങ്ങി സുഖകരമല്ലാത്ത പലതിനേയും വലിച്ച് പുറത്തിട്ടു കൊണ്ടിരുന്നു അവയ്ക്ക് ഉടല്‍ വെന്ത് കരിഞ്ഞ ഗന്ധമായിരുന്നു.
നോവിക്കുന്ന നേരുകള്‍ കൊണ്ട് എഴുതിയ കഥ മനസ്സില്‍ നൊമ്പരമുണര്‍ത്തും.
ഇനിയൊരു പകലിനു കൂടി ആവതുണ്ടോ എന്ന് സംശയിച്ചെന്നോണം മടിച്ചു മടിച്ച് കടന്നു വന്ന നാലു മണിവെയിലേക്ക് രഘുവരന്റ ചുവടു പറ്റി പവിത്ര നടന്നു. പവിത്രയുടെ ജീവിതത്തിലെ നടത്തവുമായി’ കൊന്നമരങ്ങള്‍ ‘എന്ന കഥ
പവിത്രയുടെ തേങ്ങലില്‍ പെട്ടാടിയുലഞ്ഞ് പൂവിട്ടിട്ടും വിഷുവെത്തും മുന്‍പേ കൊഴിയാന്‍ വിധിക്കപ്പെട്ട കൊന്നമരങ്ങളുടെ കാഴ്ചയില്‍ നിറഞ്ഞ കണ്ണുകളോട് ഒരു കഥാ വായന.
കഥാസമാഹാരത്തിന്റെ ഉള്ളറകളില്‍ ഒളിഞ്ഞിരിക്കുന്ന കഥകളായ ഏകത്വം, അര്‍ദ്ധവിരാമം, മായം മറിയുന്ന ഒളികണ്ണുകള്‍, നിറങ്ങള്‍ കണ്ടുമുട്ടുന്നു, പോറ്റു നോവ്, ഗതിമാറ്റുന്ന അടിയൊഴുക്കുകള്‍, ഇന്‍വെര്‍ട്ടര്‍, റിമോട്ട് ഗേറ്റ്, സ്വര്‍ഗം. എന്നീ കഥകളുടെ രചന കൊണ്ട് മലയാള കഥകളില്‍ പുതിയൊരു ഭാവുകത്വവുമായി കടന്നു വന്നിരിക്കുന്ന കഥാകാരിയായ പ്രിയ സുനില്‍. സ്ത്രീ സ്വത്വത്തിന്റെ സ്വഭാവങ്ങള്‍ സാമൂഹികവും സാംസ്‌കാരികവുമായ അനുഭവ മേഖലകളില്‍ നിന്നും അതനുഭവിക്കുന്ന അന്ത:സംഘര്‍ഷങ്ങളില്‍ സ്ത്രീയുടെ സാമൂഹിക ജീവിതങ്ങളേയും, വികാര വിചാരങ്ങളേയും, ആന്തരീക സഘര്‍ഷങ്ങളേയും എല്ലാ അര്‍ത്ഥത്തിലും ക്രീയാന്മകമായി ഉപയോഗപ്പെടുത്തി ജീവിതഗന്ധിയായ കഥകളായി എഴുതി കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന രചനകളിലൂടെ സഞ്ചരിക്കുമ്പോള്‍ വായനക്കാരന് അത് തിരിച്ചറിയാം.
പ്രമേയം, ഭാഷ, കഥ പറച്ചിലിന്റെ സ്വഭാവം തുടങ്ങി തികച്ചും വ്യത്യസ്തമായ രചനകളിലുടെ എഴുത്തുകാരിയുടെ മാനസീകാവസ്ഥകളിലേക്ക് വികാരങ്ങളിലേക്ക് സ്വയം ആഴ്ന്നിറങ്ങി വായനക്കാരനും വായനയിലൂടെ സഞ്ചരിക്കുമ്പോള്‍ ആ അനുഭവങ്ങളില്‍ നിന്ന് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ മികച്ച വായനാനുഭവം തന്ന പ്രിയാ സുനിലിനും പുസ്തകം പ്രസിദ്ധീകരിച്ച ലോഗോസ് ബുക്‌സിനും നന്മ നിറഞ്ഞ ആശംസകള്‍.

- Advertisment -

Most Popular