നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരകന്‍ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഒരു സ്റ്റാര്‍ ക്യാമ്പയിനറുടെ കുറവ് ഇടതുമുന്നണിയിലില്ലെന്നും വിഎസ് അച്യുതാനന്ദന്റെ അസാന്നിധ്യം പ്രചരണരംഗത്ത് പ്രതിസന്ധിയുണ്ടാക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണിയില്‍ പ്രതിസന്ധിയില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
കലാപം അഴിച്ചുവിട്ട് തുടര്‍ഭരണം ഇല്ലാതാക്കാന്‍ പാഴ്ശ്രമം നടത്തുകയാണ് യുഡിഎഫെന്നും എ. വിജയരാഘവന്‍ ഇന്ന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ കൊണ്ട് വലിയ ഗുണമൊന്നും യുഡിഎഫിന് ഉണ്ടായില്ലെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് യുഡിഎഫ് പൊതുസമൂഹത്തോട് തുറന്നു പറയണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.
അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുന്ന ഇടതുസര്‍ക്കാറിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുണ്ട്. ജനങ്ങള്‍ക്കു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ഈ സര്‍ക്കാര്‍ പാലിച്ചു. തൊഴില്‍ നല്‍കുന്ന കാര്യത്തിലും മുന്നിലാണ്. നിരവധി പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഏറെ പേര്‍ക്കു തൊഴില്‍ നല്‍കി. കാലാവധി കഴിഞ്ഞ റാങ്ക്‌ലിസ്റ്റുകളില്‍നിന്ന് നിയമനം നടത്താന്‍ കഴിയില്ല. 63 ലക്ഷം പേര്‍ അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്. അവര്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.