Wednesday, September 11, 2024
HomeFilm houseകൊക്കെയ്‌നുമായി പിടിയിലായ യുവമോര്‍ച്ചാ നേതാവിന് വേണ്ടി ബിജെപി രംഗത്ത്; സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങി മയക്കുമരുന്നുമായി...

കൊക്കെയ്‌നുമായി പിടിയിലായ യുവമോര്‍ച്ചാ നേതാവിന് വേണ്ടി ബിജെപി രംഗത്ത്; സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങി മയക്കുമരുന്നുമായി പിടിയിലായ നേതാവിനെ കുരുക്കിയതെന്ന് പാര്‍ട്ടി

കൊല്‍ക്കത്ത: കൊക്കെയ്‌നുമായി പിടിയിലായ യുവമോര്‍ച്ച ബംഗാള്‍ ജനറല്‍ സെക്രട്ടറി പമേല ഗോസാമിയ്ക്ക് വേണ്ടി ബിജെപി രംഗത്ത്. മമത സര്‍ക്കാര്‍ പമേലയെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന് സംസ്ഥാന ബിജെപി നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ ആസൂത്രണം ചെയ്താണ് പമേലയെ അറസ്റ്റ് ചെയ്തതെന്നും ഇത്തരത്തില്‍ നിരവധി നേതാക്കളെ ബംഗാള്‍ പൊലീസ് കുടുക്കിയിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. ഇനി പമേലയ്ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നേതാക്കള്‍ അറിയിച്ചു. അതേ സമയം സാധാരണ നടിയായിരുന്ന പമേലയുടെ വളര്‍ച്ച അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നുവെന്ന് ഇഡി വൃത്തങ്ങള്‍സൂചിപ്പിച്ചു. നടിയെന്ന നിലയില്‍ ബിജെപിയിലെത്തിയ പമേല പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയ ക്യാമ്പയിനുകളിലൂടെയാണ് ശ്രദ്ധേയയായത്. 2019ലാണ് മോഡലും നടിയുമായിരുന്ന പമേല ബിജെപിയില്‍ ചേര്‍ന്നത്. മികച്ച പ്രാസംഗികയായ പമേല വളരെ പെട്ടെന്ന് തന്നെ യുവാക്കളില്‍ സ്വാധീനം ചെലുത്തി വളര്‍ന്നു.

സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം സ്ഥാപിച്ച പമേല, ആദ്യം യുവമോര്‍ച്ചയുടെ ഹൂബ്ലി മേഖലയിലെ നേതാവായിരുന്നു. പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. ലഹരിമരുന്ന് കേസിലെ അറസ്റ്റിന് പിന്നാലെ ബിജെപി ദേശീയനേതാവ് മുകുള്‍ റോയി, യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എന്നിവര്‍ക്കൊപ്പം പമേല നില്‍ക്കുന്ന ഫോട്ടോകളും പുറത്തുവന്നു.

ഇന്നലെയാണ് പമേല ഗോസാമിയെയും സുഹൃത്തിനെയും കൊക്കെയിനുമായി കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. 100 ഗ്രാം കൊക്കെയിനാണ് പമേലയുടെ കൈവശത്ത് നിന്ന് പൊലീസ് പിടികൂടിയത്. ജാമ്യമില്ല വകുപ്പുപ്രകാരമാണ് പമേലയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പമേലയും സുഹൃത്ത് പ്രോബിര്‍ കുമാറും സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച ബാഗില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൊക്കെയിനുമായി പമേലയും സുഹൃത്തും സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനം പരിശോധിച്ചത്. എട്ടോളം വാഹനങ്ങളില്‍ എത്തിയ പൊലീസ് വളഞ്ഞിട്ടാണ് പമേലയെ പിടികൂടിയത്. ന്യൂ അലിപോരിലെ കോഫി ഹൗസിന് സമീപത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.

സുഹൃത്ത് പ്രോബിര്‍ ലഹരിമരുന്ന് മാഫിയയുടെ ഭാഗമാണെന്നും ഇരുവരും കൊക്കെയിന്‍ വില്‍പ്പനയ്ക്കാണ് നഗരത്തിലൂടെ സഞ്ചരിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പമേലയ്ക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

- Advertisment -

Most Popular