Tuesday, November 5, 2024
HomeTalk houseആ ചിത്രം കണ്ട് സങ്കടം തോന്നി; എന്നെ തല്ലിയത് പോലീസുകാരന്‍ തന്നെ; വെളുത്ത് വണ്ണം കുറഞ്ഞ...

ആ ചിത്രം കണ്ട് സങ്കടം തോന്നി; എന്നെ തല്ലിയത് പോലീസുകാരന്‍ തന്നെ; വെളുത്ത് വണ്ണം കുറഞ്ഞ പോലീസുകാരന്‍; ആശുപത്രിയിലും തളരാതെ സ്‌നേഹ

തന്നെ തല്ലിയത് പോലീസുകാര്‍ തന്നെയെന്ന്് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ആര്‍വി. കെഎസ് യുപ്രവര്‍ത്തകര്‍ തന്നെ തല്ലി പരിക്കേല്‍പ്പിച്ചതാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തല്ലിയ പൊലീസുകാരന്റെ മുഖം തനിക്ക് കൃത്യമായി ഓര്‍മയുണ്ടെന്നും അദ്ദേഹത്തോട് തല്ലരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നെന്നും സ്നേഹ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറില്‍ സംസാരിക്കുമ്പോള്‍ ഏത് പ്രചാരണത്തിലും തളരാതെ പോരാടുമെന്ന് സ്‌നേഹ വിശദീകരിച്ചു. അതേ സമയം തനിക്ക് പരുക്കേറ്റിട്ടില്ലെന്ന് തോന്നുന്നവര്‍ക്ക് ആശുപത്രിയില്‍ വന്നു നോക്കാമെന്നും സ്നേഹ പറഞ്ഞു.

”ഒരു മാധ്യമപ്രവര്‍ത്തകനാണ് ആ ചിത്രം കാണിച്ചു തന്നത്. ശരിക്കും സങ്കടം തോന്നി അത് കണ്ടപ്പോള്‍. നടന്ന സംഭവം ഞാന്‍ പറായം. ഞാന്‍ ആ ചിത്രം കണ്ടു. ഏത് ഡിവൈഎഫ്ഐക്കാരനായാലും എസ്എഫ്ഐക്കാരനായാലും അതിന്റെ തിരക്കഥയ്ക്ക് പിന്നിലുണ്ടെങ്കില്‍ കാലം അതിന് ഉത്തരം നല്‍കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സമരത്തിനിടെ ലാത്തി വീശിയപ്പോള്‍ പ്രവര്‍ത്തകര്‍ ചിതറിയോടി. ആ സമയത്ത് ഒരു പൊലീസുകാരന്‍ ഒറ്റപ്പെട്ട് മറിഞ്ഞുവീഴാന്‍ പോയപ്പോഴാണ് ഇടയ്ക്ക് നിന്ന് അയാളെ ഉപദ്രവിക്കരുതെന്ന് പറയുന്നത്. ഈ സംഭവം അവിടെയുണ്ടായിരുന്ന രാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ കണ്ടിട്ടുണ്ട്. അതിന് ശേഷം ശോഭാ സുരേന്ദ്രന്‍ നിരാഹാരം അനുഷ്ടിക്കുന്ന സമരപ്പന്തലിന്റെ അടുത്ത് വച്ചാണ് എനിക്ക് മര്‍ദ്ദനമേറ്റത്. അതും അവിടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കാണുന്നുണ്ട്. ഡിവൈഎഫ്ഐക്കാരുടെ കാഴ്ച നഷ്ടപ്പെട്ട് പോയതിന് നമ്മള്‍ക്ക് എന്ത് പറയാന്‍ പറ്റും. ‘

‘എന്നെ തല്ലിയ പൊലീസുകാരനെ എനിക്ക് കൃത്യമായിട്ട് അറിയാം. അദ്ദേഹം ഒരു വെളുത്ത വണ്ണം കുറഞ്ഞ പൊലീസുകാരനാണ്. തല്ലാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എന്നെ തല്ലരുതെന്ന്. അത് ഒരിക്കലും എന്റെ പ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ അപകടമല്ല. ഒരു നാടകവേഷം കെട്ടി ഇവിടെ വന്ന് കിടക്കേണ്ട കാര്യമില്ല. സംശയമുണ്ടെങ്കില്‍ ഞാന്‍ കിടക്കുന്ന ആശുപത്രിയില്‍ വന്നു നോക്കാം. പൊലീസുകാര്‍ മര്‍ദ്ദിച്ച പാട് നിങ്ങള്‍ക്ക് കാണാം.”

സ്നേഹയ്ക്ക് പരുക്കേറ്റത് സഹപ്രവര്‍ത്തകരുടെ തല്ല് കൊണ്ടാണെന്ന വാദവുമായി സൈബര്‍ സിപിഐഎം രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ദൃശ്യമാധ്യമങ്ങള്‍ ടെലികാസ്റ്റ് ചെയ്ത വീഡിയോകളും സഹിതമാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലത്ത് വീണ പൊലീസുകാരനെ തല്ലുമ്പോള്‍ ഒരു കെഎസ്യുക്കാരന്‍ വീശുന്ന വടി സ്നേഹയുടെ മുഖത്ത് കൊള്ളുന്നത് ഒരു മാധ്യമം പുറത്തുവിട്ട വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയിലും സമാനസംഭവമാണ് വ്യക്തമാകുന്നത്. സെക്രട്ടേറിയറ്റ് മതില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ സ്നേഹയെ പൊലീസ് തടയാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ ഒരു വടി സ്നേഹയുടെ മുഖത്തേക്ക് വീശിയടിക്കുന്നതും വീഡിയോയില്‍ കാണാം. ഇക്കാര്യങ്ങള്‍ തെളിവുസഹിതം പുറത്തുവന്നെങ്കിലും മര്‍ദ്ദിച്ചത് പൊലീസുകാരാണെന്ന വാദത്തില്‍ കെഎസ്യു ഉറച്ചുനില്‍ക്കുകയാണെന്ന് സോഷ്യല്‍മീഡിയയിലെ സിപിഐഎം ആരോപിക്കുന്നു. ഡിവൈഎഫ്ഐ നേതാവ് വിജിനും ഇക്കാര്യം ആരോപിക്കുന്നുണ്ട്. എങ്ങനെയാണ് സ്നേഹയ്ക്ക് മര്‍ദ്ദനമേറ്റതെന്ന് വീഡിയോ കാണുന്നവര്‍ക്ക് വ്യക്തമാകുമെന്നാണ് വിജിന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി സ്നേഹ രംഗത്തെത്തിയത്.

- Advertisment -

Most Popular