Saturday, July 27, 2024
HomeBook houseകീഴാളര്‍ മീശവച്ചാല്‍ ലോകം ഇടിഞ്ഞുവീഴുമോ? പെലയക്രിസ്ത്യാനി മീശവച്ചുണ്ടാക്കിയ വിപ്ലവം; അതെ മീശ മാഹാത്മ്യം തന്നെ

കീഴാളര്‍ മീശവച്ചാല്‍ ലോകം ഇടിഞ്ഞുവീഴുമോ? പെലയക്രിസ്ത്യാനി മീശവച്ചുണ്ടാക്കിയ വിപ്ലവം; അതെ മീശ മാഹാത്മ്യം തന്നെ

നിള രാജീവ്

എസ്.ഹരീഷിന്റെ ‘മീശയുടെ’ ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ ആയ ‘ങീൗേെമരവല’ വായിക്കാന്‍ എടുത്തപ്പോള്‍തന്നെയാണ് മീശ നോവലിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. റിസര്‍ച്ചിന്റെ തിരക്കിനിടയില്‍ വായിക്കാതെ മാറ്റിവച്ച പുസ്തകങ്ങളില്‍ മീശയും പെട്ടിരുന്നു. ഇതിനിടയിലാണ് മീശയെക്കുറിച്ചുള്ള അച്ഛന്റെ (രാജീവ് ശിവശങ്കരന്റെ) പഠനം ‘മീശമാഹാത്മ്യം’ പിറവികൊള്ളുന്നത്. സ്വാഭാവികമായും മീശ വായിക്കാന്‍ ഉല്‍സാഹമേറി. ശരിക്കും ഇത് വേറിട്ട ഒരു കൃതിയാണ്. ചുറ്റിപ്പിണഞ്ഞ വേരുകള്‍പോലെ പല അടരുകളുള്ള ദേശത്തിന്റെ ചരിത്രനിര്‍മിതിയിലേക്കുള്ള പുനര്‍വായന.

നോവലിലെ ഒരധ്യായത്തില്‍ ഒരു കാരാമയും വെള്ളാമയും മീശയുടെ പേരില്‍ പോരാടുന്ന മനുഷ്യരെ വിലയിരുത്തുന്നുണ്ട്.
‘ഈ മണ്ടനെന്തിനാണ് മീശ വളര്‍ത്തി ഒളിച്ചിരിക്കുന്നത്?
മറ്റവരെന്തിനാണ് അവനെ പിടിക്കാന്‍ നടക്കുന്നത്?
….ഹോ! ഇവന്മാരൊരു കാര്യവും നേരെ ചൊവ്വേ ചെയ്യില്ല.’
വെള്ളാമ പറയുന്നു. നോവലിന്റെ കാര്യത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതും ഇതുതന്നെ. മുക്കാല്‍ നൂറ്റാണ്ടുമുന്‍പത്തെ ജീവിതത്തിന്റെ നെറികേടുകളെപ്പറ്റിയാണു നോവല്‍ സംസാരിക്കുന്നത് എന്നതു പലരും മറന്നു. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ഒരു നാടന്‍കഥ പറയുമ്പോള്‍ സ്വാഭാവികമായും പ്രയോഗങ്ങളും സംഭാഷണങ്ങളുമൊക്കെ അക്കാലത്തോടു നീതി പുലര്‍ത്തണമല്ലോ. നോവലിനെപ്പറ്റി വിവാദമുണ്ടായതും ഒരു സംഭാഷണത്തിന്റെ പേരിലായിരുന്നെന്നു മറക്കരുത്. നോവല്‍ മുഴുവന്‍ വായിക്കുന്നൊരാള്‍ക്ക് അതില്‍ വെടിമരുന്നൊന്നും ഒളിപ്പിച്ചുവച്ചതായി തോന്നില്ല. എന്നിട്ടും വെടിപൊട്ടിച്ചു.
സദസ്സിനു മുന്നിലിരിക്കുന്നവര്‍ക്കുനേരേ പോലും ആക്ഷേപശരങ്ങളെയ്ത് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാന്‍ കൂത്തും, പാഠകവും, തുള്ളലും മുതലായ സാംസ്‌കാരിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത നാടാണിത്.

കുഞ്ചന്‍ നമ്പ്യാരൊന്നും ഇക്കാലത്തു ജീവിക്കാഞ്ഞതു ഭാഗ്യം. കഥാകൃത്ത് പറയുന്നതുപോലെ, ഉയര്‍ന്ന പൗരബോധവും ജനാധിപത്യബോധവുമുള്ള സ്വതന്ത്ര രാജ്യങ്ങളാണ് നോവലുകള്‍. അവിടെ കഥാപാത്രങ്ങള്‍ എഴുത്തുകാരുടെ പിടിയില്‍ നിന്നാല്‍ കഥ തീര്‍ന്നു. സ്വതന്ത്രരായ മനുഷ്യര്‍ ജീവിതത്തിലായാലും കഥയിലായാലും എപ്പോഴും യുക്തിപൂര്‍വവും കാര്യകാരണസഹിതവും പെരുമാറണമെന്നും സംസാരിക്കണമെന്നുമില്ല. മീശയെന്ന നോവലിനെ തെറ്റായി വായിച്ചതും ഇത്തരം കഥാപാത്രങ്ങളുടെ മാനസികവിചാരങ്ങളുടെ പേരിലായിരുന്നു.

നോവലില്‍ പറയുന്നതുപോലെ, ഓരോ ശക്തനും ഓരോ ദൗര്‍ബല്യമുണ്ട്. ഹെര്‍ക്കുലീസിന് മുടി, കര്‍ണന് കവചകുണ്ഡലങ്ങള്‍, കാണ്ടാമൃഗത്തിന് കൊമ്പ്, പരുന്തിന് നഖങ്ങള്‍, വാവച്ചന് മറ്റാര്‍ക്കുമില്ലാത്ത വലിയ മീശ. പക്ഷേ, മീശയെങ്ങനെയാണ് വിപത്താകുന്നത്? ‘മീശ’ എന്ന നോവല്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും അതുതന്നെയാണ്. ഒരു പെലയകൃസ്ത്യാനി മീശവയ്ക്കുന്നു എന്നതാണ് സാമൂഹികമായ അതിന്റെ പ്രസക്തി. മീശവച്ച കീഴാളനെ അംഗീകരിക്കാന്‍ മുന്നാക്കക്കാരനു കഴിയില്ല. പതിനെട്ടാം നൂറ്റാണ്ടിനുമുന്‍പ് കീഴാളര്‍ മീശവച്ച ചരിത്രം ഇന്ത്യയിലില്ല. 1850-നും 1950നുമിടയില്‍ ആരെങ്കിലും മീശവച്ചെങ്കില്‍ അത് അവന്റെ പുരുഷാധികാരത്തിന്റെയും വിപ്ലവമനസ്സിന്റെയും കരുത്തുകൊണ്ടായിരിക്കും. അതിന് വലിയവിലയും കൊടുക്കേണ്ടിവന്നിരിക്കും. മീശയെയല്ല, മീശവച്ച പുലയനെയാണ് നോവലിലെ നാടു ഭയക്കുന്നത്.

‘മീശമാഹാത്മ്യം’ എന്ന പഠനം മീശ നോവലിനെ ആഴത്തില്‍ അറിയാനുള്ള ശ്രമമാണ്. ഒരു എഴുത്തുകാരന്റെ സൃഷ്ടിരഹസ്യങ്ങളെക്കുറിച്ച് മറ്റൊരു എഴുത്തുകാരന്റെ അന്വേഷണം കൂടിയാണിത്. മീശ നോവല്‍ വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും ഇത് ഉപകരിക്കും.
(ലേഖനം ഫെയ്‌സ്ബുക്കില്‍ നിന്ന് കടമെടുത്തത്)

- Advertisment -

Most Popular