Wednesday, September 11, 2024
Homeകാലാവധി കഴിഞ്ഞ പട്ടിക പുനസ്ഥാപിക്കണമെന്നതുള്‍പ്പെടെ നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ ഇളക്കിവിടുന്നു; യുഡിഎഫിന്റേത് കലാപനീക്കം; നിന്നുകൊടുക്കണോ...
Array

കാലാവധി കഴിഞ്ഞ പട്ടിക പുനസ്ഥാപിക്കണമെന്നതുള്‍പ്പെടെ നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ ഇളക്കിവിടുന്നു; യുഡിഎഫിന്റേത് കലാപനീക്കം; നിന്നുകൊടുക്കണോ എന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആലോചിക്കണം; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി സിപിഎം

സെക്രട്ടറിയേറ്റിന് മുന്നില്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി കലാപം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കാലാവധി കഴിഞ്ഞ പി.എസ്.സി ലിസ്റ്റ് പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഒരുനിലയിലും നിയമപരമായി നിലനില്‍ക്കാത്ത കാര്യത്തെ മുന്‍നിര്‍ത്തിയാണ് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ഈ സമരം നടത്തുന്നതെന്ന് വ്യക്തമാക്കപ്പെട്ടതാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമാക്കിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ഇതില്‍ നിന്ന് പിന്‍വാങ്ങുകയുണ്ടായി. യു.ഡി.എഫിന്റെ രാഷ്ട്രീയ കളിക്ക് വിധേയരാകേണ്ടതുണ്ടോയെന്ന് അവശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചിന്തിക്കണമെന്ന് സിപിഐഎം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസങ്ങളിലായി പതിനായിരക്കണക്കിന് പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് കൂടുതല്‍ ആളുകള്‍ക്ക് ഇതുവഴി തൊഴിലവസരം ലഭിക്കും. തൊഴില്‍രഹിതരായ യുവതീ-യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കരുതലും നടപടികളുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അഞ്ചു വര്‍ഷം കൊണ്ട് 1,57,909 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കി. സര്‍ക്കാരിന്റെ 100 ദിന പ്രഖ്യാപനത്തിലൂടെ 50,000 പേര്‍ക്കാണ് വിവിധ മേഖലകളിലായി തൊഴില്‍ ലഭ്യമാക്കിയത്. ഇരുപതു ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രസംഗത്തിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ഇതിലൂടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.

സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ എല്‍.ഡി.എഫിന് അനുകൂലമാകുമെന്ന് കണ്ടാണ് യു.ഡി.എഫ്, സര്‍ക്കാരിനെതിരെ കുപ്രചരണങ്ങളും, കലാപങ്ങളും സൃഷ്ടിക്കാന്‍ ശ്രമിയ്ക്കുന്നത്. എല്‍.ഡി.എഫിന്റെ തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നൂവെന്ന കാര്യം മനസ്സിലാക്കി ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കാനാണ് യു.ഡി.എഫ് പരിശ്രമിക്കുന്നത്. തികച്ചും രാഷ്ട്രീയപ്രേരിതമായി യു.ഡി.എഫ് നടത്തുന്ന ഇത്തരം ശ്രമങ്ങളെ തുറന്നു കാണിക്കുകയും ജാഗ്രത പാലിക്കുകയും വേണം. യു.ഡി.എഫിന്റെ കലാപനീക്കങ്ങളെ തുറന്നു കാണിക്കുന്നതിനായി ജില്ലാ-ഏരിയാ കേന്ദ്രങ്ങളില്‍ ഇന്നും നാളെയുമായി വൈകുന്നേരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

- Advertisment -

Most Popular