Saturday, July 27, 2024
HomeNewshouseയാത്രകള്‍ താരാകര്‍ഷണ മാര്‍ഗ്ഗങ്ങള്‍? സുരേന്ദ്രന്റെ വിജയ യാത്രയ്ക്കിടെ പിടി ഉഷ ബിജെപിയില്‍ ചേരുമെന്ന് സൂചന; ചെന്നിത്തലയുടെ...

യാത്രകള്‍ താരാകര്‍ഷണ മാര്‍ഗ്ഗങ്ങള്‍? സുരേന്ദ്രന്റെ വിജയ യാത്രയ്ക്കിടെ പിടി ഉഷ ബിജെപിയില്‍ ചേരുമെന്ന് സൂചന; ചെന്നിത്തലയുടെ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ സുരാജ് വെഞ്ഞാറമ്മൂട് വന്നേക്കുമെന്ന് ധര്‍മജന്‍

തിരുവനന്തപുരം: ചെന്നിത്തലയുടെയും കെ സുരേന്ദ്രന്റെയും കേരളയാത്രകള്‍ താരങ്ങളെ തങ്ങളുടെ ഇടങ്ങളിലേക്കാകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമായി മാറുന്നു. ഐശ്വര്യകേരളയാത്രയ്ക്കിടെ ചെന്നിത്തലയ്ക്ക് കിട്ടിയത് രണ്ട് നേതാക്കളെയാണ്. മേജര്‍ രവിയും രമേഷ് പിഷാരടിയും. ഇപ്പോള്‍ കെ സുരേന്ദ്രനും യാത്രയെ താരാകര്‍ഷണമാര്‍ഗ്ഗമായി കാണുന്നു എന്നാണ് സൂചന. യാത്ര പയ്യോളിയിലെത്തുമ്പോള്‍ കേരളത്തിന്റെ അഭിമാനമായ പിടി ഉഷ ബിജെപിയില്‍ ചേരുമെന്ന് സുരേന്ദ്രനുമായി അടുത്തവൃത്തങ്ങള്‍ സൂചന നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ബിജെപിയുടെ സംസ്ഥാന നേതാവിനെ ഉദ്ധരിച്ച് ദി ക്യൂ വെബ്‌സൈറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ മെട്രോ മാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. കെ. സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഇ. ശ്രീധരന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പി.ടി ഉഷയെ തെരഞ്ഞെടുപ്പ് ക്യാംപെയ്നില്‍ സജീവമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുക. കായിക-സിനിമാ താരങ്ങള്‍ പാര്‍ട്ടിയിലെത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. നേരത്തെ കര്‍ഷക സമരത്തിന് വിദേശത്ത് നിന്ന് ലഭിക്കുന്ന പിന്തുണയ്ക്കെതിരെ പി.ടി ഉഷ പ്രതികരിച്ചിരുന്നു.

കര്‍ഷകര്‍ക്കെതിരായ പ്രതികരണത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങളും മുന്‍ അത്‌ലറ്റിനെ നേരിടേണ്ടി വന്നിട്ടുണ്ട്. ഉഷയുടെ പ്രതികരണം ബിജെപി പ്രവേശനത്തിന്റെ ആദ്യപടിയാണെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

ഇ. ശ്രീധരന്‍, നടന്‍ കൃഷ്ണകുമാര്‍ എന്നിവരാണ് സമീപ ദിവസങ്ങളില്‍ ബിജെപിയിലെത്തിയ പ്രമുഖര്‍. ഇടത് സര്‍ക്കാരുമായിട്ടുള്ള ഔദ്യോഗിക ബന്ധം അവസാനിച്ചെന്നും മുഴുവന്‍ സമയവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലായിരിക്കും ഇനി ശ്രദ്ധയെന്നും ശ്രീധരന്‍ ആദ്യ പ്രതികരണം നടത്തിയിട്ടുണ്ട്.

അതേ സമയം ചെന്നിത്തലയുടെ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ സുരാജ് വെഞ്ഞാറമ്മൂട് യാത്രയില്‍ പങ്കെടുത്താല്‍ അല്‍ഭുതപ്പെടാനില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. സുരാജ് കോണ്‍ഗ്രസ്സിലേക്ക് എന്ന് പറഞ്ഞ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ പ്രചാരണം ശക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ സുരാജ് സജീവമായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നുവെന്നും സിപിഎം അനുഭാവിയാണെന്നും എന്നാല്‍ പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

- Advertisment -

Most Popular