Friday, October 11, 2024
Homeപിണറായിക്ക് ധാര്‍ഷ്ട്യം; ഉദ്യോഗാര്‍ത്ഥികളോട് പോലും പ്രതികാരമെന്ന് ചെന്നിത്തല; വീണ്ടും മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് പ്രതിപക്ഷം
Array

പിണറായിക്ക് ധാര്‍ഷ്ട്യം; ഉദ്യോഗാര്‍ത്ഥികളോട് പോലും പ്രതികാരമെന്ന് ചെന്നിത്തല; വീണ്ടും മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് പ്രതിപക്ഷം

പത്തനംതിട്ട: പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം പിന്‍വലിക്കാനുള്ള നീക്കം നടക്കുന്നതിനിടെ വീണ്ടും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെയും മുന്‍നിര്‍ത്തി ആക്രമിക്കാന്‍ പ്രതിപക്ഷം. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയാണെന്ന് ചെന്നിത്തല പറഞ്ഞു. സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാവണം. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള വിധേയത്വം മുഖ്യമന്ത്രിക്ക് അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

‘ജനവികാരത്തിന്റെ മുമ്പില്‍ മുഖ്യമന്ത്രിക്ക് മുട്ടുമടക്കേണ്ടി വന്നു. പക്ഷേ, ഇപ്പോഴും അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ല. താല്‍ക്കാലികമായി പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ വിധേയത്വം അവസാനിച്ചിട്ടില്ല. താല്‍ക്കാലികമായുള്ള പിന്‍വാതില്‍ നിയമനത്തിന്റെ പ്രശ്നം സംവരണ തത്വം അട്ടിമറിക്കപ്പെടുന്നു എന്നുള്ളതാണ്. അതെന്തുകൊണ്ടാണ് സര്‍ക്കാരും മുഖ്യമന്ത്രിയും കാണാത്തത്? സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട വിഭാഗങ്ങള്‍ക്ക് ഗുരുതരമായ പ്രതിസന്ധിയാണ് പിന്‍വാതില്‍ നിയമനങ്ങളിലൂടെ ഉണ്ടാവുന്നത്. ഒരു ഭരണാധികാരി എന്ന നിലയില്‍ മുഖ്യമന്ത്രി അത് കാണേണ്ട കാര്യമല്ലേ? അത് കാണാതെ, അനധികൃതമായി പാര്‍ട്ടി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമിച്ച ആളുകളെ സ്ഥിരപ്പെടുത്തുന്നത് മുഖ്യമന്ത്രി കാണിക്കുന്ന ക്രൂരമായ വഞ്ചനയാണ്’, ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം കൊടുക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. റാങ്ക് ഹോള്‍ഡേഴ്സിനോട് ക്രൂരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എന്തുകൊണ്ട് മുഖ്യമന്ത്രി ധാര്‍ഷ്ട്യം ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ല? എന്തുകൊണ്ട് അവരുമായി സംസാരിച്ചുകൂടാ? ഇത് പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ അനാവശ്യമായ ഈഗോയാണ്. അത് ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്റെ പിടിവാശിയും ദുര്‍വാശിയും ഉപേക്ഷിച്ച് അവരുമായി ചര്‍ച്ച ചെയ്യണം. തങ്ങളിതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

- Advertisment -

Most Popular