Wednesday, September 11, 2024
HomeNewshouseഅച്ഛനെ വധിച്ചവരോട് വൈരാഗ്യമില്ല; ഞാന്‍ ക്ഷമിക്കുന്നു; ഹൃദയം മുറിഞ്ഞുപോയപ്പോള്‍ പോലും പക തോന്നിയിട്ടില്ലെന്ന് രാഹുല്‍ഗാന്ധി; പ്രതികാരരാഷ്ട്രീയത്തിന്റെ...

അച്ഛനെ വധിച്ചവരോട് വൈരാഗ്യമില്ല; ഞാന്‍ ക്ഷമിക്കുന്നു; ഹൃദയം മുറിഞ്ഞുപോയപ്പോള്‍ പോലും പക തോന്നിയിട്ടില്ലെന്ന് രാഹുല്‍ഗാന്ധി; പ്രതികാരരാഷ്ട്രീയത്തിന്റെ കാലത്ത് ഇതാ മനുഷ്യന്റെ സ്‌നേഹമാതൃക

പിതാവിനെ കൊന്നവരെകുറിച്ച് പ്രതികരിച്ച് രാഹുല്‍ഗാന്ധി. പുതുച്ചേരി ഭാരതിദാസന്‍ വനിതാ കോളെജിലെ വിദ്യാര്‍ഥിനികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പിതാവ് രാജീവ് ഗാന്ധിയെ കൊന്നവരോട് ഇപ്പോള്‍ തനിക്ക് വൈരാഗ്യമോ പകയോ ഇല്ല. അവരോട് ഇപ്പോള്‍ ഞാന്‍ ക്ഷമിക്കുകയാണ്. രാജീവ് ഗാന്ധി വധം ആസൂത്രണം ചെയ്ത എല്‍ടിടിഇയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവേയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വികാരഭരിതമായ മറുപടി.


‘എനിക്കിപ്പോള്‍ ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്കെന്റെ അച്ഛനെ നഷ്ടമായി. അത് എനിക്ക് കടന്നുപോകാന്‍ വളരെ പ്രയാസമുള്ള ഒരു സമയമായിരുന്നു. ഹൃദയം മുറിഞ്ഞുപോകുന്നതുപോലെ വേദന തോന്നിയിരുന്നു. വളരെ ആഴത്തില്‍ വേദന തോന്നിയപ്പോഴും എനിക്ക് ആരോടും പക തോന്നിയില്ല. എനിക്ക് ദേഷ്യമോ വെറുപ്പോ തോന്നിയില്ല. ഹിംസയ്ക്ക് നിങ്ങളില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല. എന്റെ അച്ഛന്‍ എന്നില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നുണ്ട്’. രാഹുല്‍ ഗാന്ധി പറഞ്ഞതിങ്ങനെ.

1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിക്കിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കേസില്‍ അറസ്റ്റിലായ പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

അതേസമയം പതിറ്റാണ്ടുകളായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യം തമിഴ്നാട്ടില്‍ ശക്തമാകുകയാണ്. 1991ലെ രാജീവ്ഗാന്ധിവധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 2018ലാണ് തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഈ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിട്ടതോടെ മോചനം ഇനിയും വൈകുമെന്ന് ഉറപ്പായിട്ടുണ്ട്. രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ശിക്ഷ ഇളവുചെയ്യുകയായിരുന്നു.

- Advertisment -

Most Popular