Friday, October 11, 2024
Homeപഞ്ചാബ് തദ്ദേശതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സ് ശക്തമായി തിരിച്ചുവരുന്നു; ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് മാത്രമോ?
Array

പഞ്ചാബ് തദ്ദേശതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സ് ശക്തമായി തിരിച്ചുവരുന്നു; ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് മാത്രമോ?

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരോഷം പ്രതിഫലിപ്പിച്ച് പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍. ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി തകര്‍ന്നടിയുമ്പോള്‍ പലയിടത്തും കോണ്‍ഗ്രസ് അപ്രതീക്ഷിത നേട്ടം കൊയ്യുന്നതായാണ് ആദ്യ ഫലസൂചനകള്‍ തെളിയിക്കുന്നത്. പ്രധാന മുന്‍സിപ്പാലിറ്റികളിലെല്ലാം ബിജെപിയെ അപേക്ഷിച്ച് കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്തിയപ്പോള്‍ ശിരോമണി അകാലിദള്‍ പലയിടത്തും നിര്‍ണ്ണായക നേട്ടമുണ്ടാക്കി.

അമൃത്സര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മാത്രൂസര്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക മേഖലകളില്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചതായാണ് വിവരം. ഭവനിഗാഹ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 15 ഇടങ്ങളില്‍ 13 ഇടങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. ബദ്‌നി പ്രദേശത്ത് 9 ഇടങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയപ്പോള്‍ ഒരു പ്രദേശത്ത് ശിരോമണി അകാലി ദള്‍ നേട്ടമുണ്ടാക്കി. സിരക്പുര്‍, മോഗ മുന്‍സിപ്പാലിറ്റികളും കോണ്‍ഗ്രസിനെ തുണച്ചപ്പോള്‍ മാജിത പ്രദേശം ശിരോമണി അകാലിദളിനൊപ്പം നിന്നു.

ബദനി കലാനില്‍ കോണ്‍ഗ്രസ് 9 സീറ്റുകളില്‍ മുന്നേറിയപ്പോള്‍ എഎപി മൂന്നിടത്തും ശിരോമണി അകാലിദള്‍ ഒരിടത്തും വിജയം ഉറപ്പിച്ചു. മുന്‍ ബിജെപി മന്ത്രി തിക്ഷന്‍ സൂദിന്റെ ഭാര്യ ഹോഷിയാപൂരില്‍ ദയനീയമായി പരാജയപ്പെട്ടു. റോപ്പറില്‍ 16 സീറ്റുകളും ഗിഡര്‍ബാഹയില്‍ 18 സീറ്റുകളും ഫില്ലൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 15 ഇടങ്ങളില്‍ 11 സീറ്റുകളും കോണ്‍ഗ്രസ് നേടി.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി-അകാലി ദള്‍ സഖ്യം തൂത്തുവാരുകയായിരുന്നു. എന്നാല്‍ ഇത്തവണ മൂന്നില്‍ രണ്ട് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും ബിജെപിക്ക് സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറത്തിറങ്ങാന്‍ പല നേതാക്കള്‍ക്കും ഭയമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംസ്ഥാന കോര്‍കമ്മറ്റിയിലെ ഏക സിഖ് മുഖമായിരുന്ന മാല്‍വിന്ദര്‍ സിങ് കാങ് പാര്‍ട്ടി വിട്ടതും ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയായി.

ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 109 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കും മറ്റ് നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. പൂര്‍ണ്ണമായ തെരഞ്ഞെടുപ്പ് ഫലം വൈകീട്ട് നാല് മണിയോടെ ലഭ്യമാകും.

- Advertisment -

Most Popular