പിച്ചിലേക്ക് അബദ്ധത്തില്‍ ഹെല്‍മെറ്റ് വലിച്ചെറിഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് വിമര്‍ശനം. ഓസീസ് ക്രിക്കറ്റര്‍ സ്റ്റീവ് സ്മിത്തുമായി ബന്ധപ്പെടുത്തിയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. സ്റ്റീവ് സ്മിത്താണ് ഇക്കാര്യം ചെയ്തിരുന്നതെങ്കില്‍ വലിയ വിവാദമാവുമായിരുന്നുവെന്നും അട്ടിമറി ആരോപിക്കപ്പെട്ടേക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യക്കെതിരായ പരമ്പരയില്‍ സ്മിത്ത് ബാറ്റ്സ്മാന്റെ ലെഗ് സ്റ്റെംപ് ഗാഡ് മനപൂര്‍വ്വം മായ്ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊരു മനപൂര്‍വ്വമായ നടപടിയല്ലെന്ന് സ്മിത്ത് പ്രതികരിച്ചു.
ചെന്നൈ ടെസ്റ്റിലെ രണ്ടാം ദിനമാണ് വിവാദ സംഭവം നടക്കുന്നത്. ക്രീസില്‍ ഇംഗ്ലണ്ടിന്റെ ജാക്ക് ലീച്ചായിരുന്നു. ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്ലി അശ്വിന്റെ ഓവറിന് ശേഷം ഋഷഭ് പന്തിന് ഹെല്‍മെറ്റ് എറിഞ്ഞു നല്‍കി.
എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ക്രീസിന് മുന്നിലൂടെ നടക്കുകയായിരുന്ന ഗില്‍ പന്തിന്റെ ശ്രദ്ധമാറ്റി. ഇതോടെ ഹെല്‍മറ്റ് പിച്ചിന്റെ നടുവിലേക്ക് വീണു. അബദ്ധം പിണഞ്ഞെന്ന് കോഹ്ലിയുടെ മുഖഭാവത്തില്‍ വ്യക്തമായിരുന്നു.