Thursday, November 7, 2024
Homeസമരം തീര്‍ക്കാന്‍ ചര്‍ച്ചവേണം; ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ചെറുതാക്കിക്കാണിക്കരുത്; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എഐവൈഎഫ്‌
Array

സമരം തീര്‍ക്കാന്‍ ചര്‍ച്ചവേണം; ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ചെറുതാക്കിക്കാണിക്കരുത്; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എഐവൈഎഫ്‌

തിരുവനന്തപുരം :  സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് എഐവൈഎഫ്. സര്‍ക്കാരിന്‍റെ ഭാഗം അവരെ ബോധ്യപ്പെടുത്തണം. സമരം തീര്‍ക്കാന്‍ ഇടപെടണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍.സജിലാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രിസഭായോഗത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനു പിന്നാലെ സര്‍ക്കാരിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. മുട്ടിലിഴഞ്ഞും യാചനാസമരം നടത്തിയും ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. സമരത്തിനിടെ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ കുഴഞ്ഞുവീണു. വനിതകള്‍ അടക്കം സമരരംഗത്തുണ്ട്.

സമരം ഒത്തുതീര്‍പ്പാക്കാനുളള യാതൊരു ചര്‍ച്ചയും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ നടന്നില്ല.  ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതില്‍ പ്രത്യേക തീരുമാനങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മാത്രമാണ്‌ ഇന്ന് യോഗത്തിലുണ്ടായത്.

അതേസമയം സർക്കാരിന്‍റെ യുവജനവഞ്ചനയ്ക്കെതിരെ ഉദ്യോഗാർത്ഥികളുടേയും യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാരം സമരം തുടരുന്നു.

- Advertisment -

Most Popular