Saturday, July 27, 2024
Homeപെന്‍ഷന്‍പ്രായംകൂട്ടല്‍, മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ ടീമിനെ സ്ഥിരപ്പെടുത്തല്‍, ഒടുവിലിതാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കലാവശ്യവും; സര്‍ക്കാരിനെതിരെ നിത്യവും തെറ്റായ...
Array

പെന്‍ഷന്‍പ്രായംകൂട്ടല്‍, മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ ടീമിനെ സ്ഥിരപ്പെടുത്തല്‍, ഒടുവിലിതാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കലാവശ്യവും; സര്‍ക്കാരിനെതിരെ നിത്യവും തെറ്റായ വാര്‍ത്തകള്‍; വിശ്വാസ്യതാപ്രതിസന്ധിയില്‍ മനോരമ

സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകള്‍ തെറ്റായ വാര്‍ത്തകള്‍ പൊളിഞ്ഞതോടെ മനോരമ പത്രം പ്രതിരോധത്തില്‍. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരായി നിരന്തരം നല്‍കിയ മൂന്ന് വാര്‍ത്തകള്‍ കൈയോടെ പിടികൂടിയതോടെ പത്രം ലേഖകരുടെ വിശദീകരണം നല്‍കിയും മൗനമവലംബിച്ചുമൊക്കെ തടിരക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഏറ്റവും ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ എല്‍ഡിഎഫ് എന്ന തലക്കെട്ടോടെ ഇന്ന് നല്‍കിയ വാര്‍ത്ത പത്രത്തിന്റെ മഷിയണങ്ങും മുമ്പ് പൊളിഞ്ഞുപോയി. സര്‍ക്കാരിനെതിരായ സമരങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതുകൊണ്ട് കൊവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞ് തെരഞ്ഞെടുപ്പ് മെയ്മാസത്തിലേക്ക് നീട്ടിവയ്ക്കാന്‍ എല്‍ഡിഎഫ്് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നായിരുന്നു വലിയ തലക്കെട്ടോടെ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തില്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമന്ന ആവശ്യമാണ് എല്‍ഡിഎഫ് മുന്നോട്ട് വച്ചത് എന്ന വാര്‍ത്ത അതേ പത്രത്തിന്റെ ചാനലിനുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു.

റംസാന്‍ പ്രമാണിച്ച് തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്. അതേ സമയം തെരഞ്ഞെടുപ്പ് മെയ്മാസത്തില്‍ മതിയെന്ന നിലപാട് ബിജെപിയാണ് മുന്നോട്ട് വച്ചത്. ഈ സാഹചര്യതതില്‍ മനോരമയുടെ വ്യാജവാര്‍ത്തകള്‍ക്കെതിരെ കനത്ത പ്രചാരണമാണ് സോഷ്യല്‍ മീഡയയിലുള്‍പ്പെടെ നടക്കുന്നത്.

നേരത്തെ ബജറ്റിന് മുന്നോടിയായി പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുമെന്നതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പത്രം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും, അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശിച്ചതായ തെറ്റായ വാര്‍ത്ത മനോജ് കടമ്പാടിന്റെ പേര് വച്ചാണ് പത്രം പ്രസിദ്ധീകരിച്ചത്.

പതിമൂന്നാം തീയതി ഒന്നാം പേജില്‍ ലീഡ് വാര്‍ത്തയായി നല്‍കിയ വിവരം തെറ്റാണെന്നും വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്നും ഫയല്‍ നമ്പര്‍ വെളിപെടുത്തണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് തന്നെ രംഗതെത്തി. എന്നാല്‍ വകുപ്പ് മന്ത്രിയുടെ നിഷേധക്കുറിപ്പ് നല്‍കി പത്രം തടിരക്ഷിച്ചു.

വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞതോടെ രൂക്ഷമായ പ്രതിഷേധമാണ് പത്രത്തിന് നേരിടേണ്ടി വന്നത്. ഇതോടെ വാര്‍ത്ത നല്‍കിയ ലേഖകന്റെ വിശദീകരണം എഡിറ്റ് പേജില്‍ കത്തായി നല്‍കണ്ടി വന്നുമനോരമയ്ക്ക്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാചഹര്യത്തില്‍ വിരമിക്കല്‍ പ്രായം 58 ആക്കണമെന്ന ധനവകുപ്പിന്റെ ശുപാര്‍ശ ഫയല്‍ മന്ത്രി അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യമന്ത്രിക്ക് നല്‍കിയെന്നായിരുന്നു വാര്‍ത്ത. ഈ ശുപാര്‍ശയുടെ ഫയല്‍ നമ്പര്‍ വ്യക്തമാക്കണമെന്നും വാര്‍ത്ത അസത്യമാണെന്നും പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മന്ത്രി തോമസ് ഐസക്ക് പത്രകുറിപ്പ് ഇറക്കിയിരിന്നു.

എന്നാല്‍ വെള്ളിയാഴ്ച ലേഖകന്റേതായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ ശുപാര്‍ശയ്ക്ക് ഫയല്‍ നമ്പര്‍ ഇല്ലെന്നും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട ശുപാര്‍ശകളുടെ കൂട്ടത്തില്‍ ധനവകുപ്പ് നല്‍കിയ ശുപാര്‍ശ ആണ്. ഫയല്‍ രൂപത്തിലല്ല ഇത് മന്ത്രിയുടെ ഓഫീസില്‍ നിന്ന് പോകുന്നത്. വകുപ്പ് തല ശുപാര്‍ശയില്‍ മന്ത്രി അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന ആദ്യ വാദത്തിന് കടകവിരുദ്ധമാണ് പുതിയ അവകാശവാദം.

അതോടൊപ്പം മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിനെ സ്ഥിരപ്പെടുത്താന്‍ നീക്കമെന്ന പിന്‍വാതില്‍ നിയമനവാര്‍ത്തയുടെ ഇടയ്ക്ക് കയറ്റിയടിച്ചതും പത്രത്തെ കുരുക്കിലാക്കി. പത്തുവര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്തുന്ന നടപടി മന്ത്രിസഭയോഗം കൂടി തീരുമാനിക്കുന്നതാണെന്നും അതില്‍ നിയമപരമായി തെറ്റായകാര്യമില്ലെന്നും നയപരമായ കാര്യമാണെന്നും സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ പേരുള്‍പ്പെടെ പരാമര്‍ശിക്കുന്നവിധത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ പിഎം മനോജ് മനോരമയെ വെല്ലുവിളിക്കുകയും ഇതുസംബന്ധിച്ചെന്തെങ്കിലും വിവരമുണ്ടെങ്കില്‍ പരസ്യപ്പെടുത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ട് ദിവസങ്ങളായി. എന്നാല്‍ മനോരമ അത്കണ്ടില്ലെന്ന് നടിച്ച് തടി രക്ഷപ്പെടുത്തുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരം വാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിക്കന്നത് ലേഖകരുടെ താല്‍പര്യമല്ല പത്രത്തിന്റെ മാനേജ്‌മെന്റ് താല്‍പര്യമാണെന്ന വിമര്‍ശനമാണ് സോഷ്യല്‍ മിഡിയയില്‍ ഉയരുന്നത്. അതേ സമയം തെറ്റായ വാര്‍ത്തകള്‍ നല്‍കുകയും റിപ്പോര്‍ട്ടര്‍മാരുടെ വിശദീകരണങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുന്നതും പത്രത്തിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുമെന്ന വിലയിരുത്തല്‍ ഒരു വിഭാഗത്തിനുണ്ട്.

- Advertisment -

Most Popular