Friday, November 22, 2024
HomeBook houseഏഴാംവയസില്‍ അടിമവേല, 1994ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആദിവാസികളുടെ പ്രതിനിധി; ഇത് ഒരു അടിമസന്തതിയുടെ അടയാളപ്പെടുത്തല്‍;...

ഏഴാംവയസില്‍ അടിമവേല, 1994ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആദിവാസികളുടെ പ്രതിനിധി; ഇത് ഒരു അടിമസന്തതിയുടെ അടയാളപ്പെടുത്തല്‍; സി.കെ. ജാനുവിന്റെ ആത്മകഥ ഒരുങ്ങുന്നു

കല്‍പ്പറ്റ: ആദിവാസിയുടെ വിമോചനത്തിനായി മുന്‍നിന്ന് പോരാടിയ മുത്തങ്ങ സമരനായിക സികെ ജാനുവിന്റെ ആത്മകഥയൊരുങ്ങുന്നു. അടിമസന്തതിയുടെ അടയാളപ്പെടുത്തല്‍ എന്ന് പേരിട്ട ആത്മകഥയുടെ അവസാന വട്ട മിനുക്കുപണികളിലാണ് ജാനു. ആദിവാസി ചൂഷണത്തിന്റെ വെളിപ്പെടുത്തലുകള്‍ക്കൊപ്പം ജാനുവിന്റെ ജീവിതമുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയ ഒരു കരുത്തുറ്റ ആത്മകഥയായിരിക്കും പുറത്തുവരികയെന്നാണ് വായനക്കാരുടെ പ്രതീക്ഷ. ലോക്ഡൗണ്‍ കാലത്താണ് ആത്മകഥ പുസ്തകത്താളുകളിലേക്ക് പകര്‍ത്താന്‍ തുടങ്ങിയത്. 80 ശതമാനത്തോളം പൂര്‍ത്തിയായി. ‘അടിമസന്തതിയുടെ അടയാളപ്പെടുത്തല്‍’ എന്ന പേരാകും നല്‍കുകയെന്ന് സി.കെ. ജാനു പറഞ്ഞു. ഒരു കാലത്ത് വള്ളിയൂര്‍ക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കബനി നദിക്കരയില്‍ നടന്നിരുന്ന അടിമക്കച്ചവടത്തില്‍നിന്നു തുടങ്ങി അവിവാഹിത ആദിവാസി അമ്മമാരുടെ ഇരുള്‍നിറഞ്ഞ ജീവിതവും തലചായ്ക്കാന്‍ ഇടമില്ലാതെ അലയുന്ന ഗോത്രവര്‍ഗ ജനതയുടെ നൊമ്പരങ്ങളും സി.കെ. ജാനു ഓര്‍ത്തെടുക്കുന്നു.

മുത്തങ്ങ ഭൂസമരം, പോലീസിന്റെ അതിക്രൂര മര്‍ദനം… ചുട്ടുപൊള്ളിക്കുന്ന ഓര്‍മകള്‍ക്കെല്ലാം പുസ്തകത്തില്‍ ജീവന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ജാനു. മൂന്നുവര്‍ഷം മുമ്പ് മംഗളം ഓണപതിപ്പില്‍ സി.കെ. ജാനുവിന്റെ കവിത പ്രസിദ്ധീകരിച്ചിരുന്നു.

തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ അടിയ സമുദായത്തില്‍ 1970ല്‍ ജനിച്ച സി.കെ. ജാനുവിനു പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. 1980കളിലെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിലെ ക്ലാസുകളില്‍ പങ്കെടുത്താണു മലയാളം എഴുതാനും വായിക്കാനും പഠിച്ചത്. ഏഴാംവയസില്‍ വീട്ടുജോലിക്കാരിയായി അടിമ വേലയെടുത്തു തുടങ്ങിയ ജാനു 12-ാം വയസില്‍ കര്‍ഷകത്തൊഴിലാളിയായി. മുത്തങ്ങ സമരത്തെത്തുടര്‍ന്നു രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 1992ല്‍ മൂന്നു സംസ്ഥാനങ്ങളിലെ ആദിവാസി ഭൂസമരങ്ങള്‍ ഏകോപിപ്പിച്ചിരുന്ന സൗത്ത് സോണ്‍ ആദിവാസി ഫോറത്തിന്റെ ചെയര്‍പേഴ്സണായി സി.കെ ജാനു തെരഞ്ഞെടുക്കപ്പെട്ടു. 1994ല്‍ ഐക്യരാഷ്ട്രസംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയില്‍ നിന്നുള്ള ആദിവാസികളെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചിരുന്നു.

- Advertisment -

Most Popular