പിന്‍വാതില്‍ നിയമനങ്ങളുടെ പേരില്‍ പ്രതിപക്ഷം ആരോപണം കടുപ്പിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അനധികൃത നിയമനങ്ങളുടെ രേഖകള്‍ പുറത്തുവന്നത് നേതൃത്വത്തിന് വിനയായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കര്‍ ശക്തന്‍ നാടാര്‍, ആര്‍ സെല്‍വരാജ് എം എല്‍ എ എന്നിവര്‍ നല്‍കിയ ശുപാര്‍ശക്കത്തും പുറത്തായി. അനധികൃത നിയമനത്തിന് എന്‍ജിഒ അസോസിയേഷന്റേയും ശുപാര്‍ശ നല്‍കിയതായി ആരോപണമുണ്ട്. താത്ക്കാലിക മായി ജോലിക്ക് കയറി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ 38 പേരെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്
എന്നാല്‍ മൂന്ന് വര്‍ഷം മാത്രം സര്‍വ്വീസുള്ളവരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാകുമെന്ന് കാണിച്ച് അന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ എതിര്‍പ്പുണ്ടായി. ഒപ്പം പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലും എതിര്‍ത്തു. മൂന്ന് വര്‍ഷം എന്ന കാലയളവ് നിയമപരമായി നിലനില്‍ക്കില്ലെന്നും 10 വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്താന്‍ പാടില്ലെന്ന് നിലപാട് അറിയിച്ചു എന്നാല്‍ അതിനെ മറികടന്നാണ് സ്ഥിരപ്പെടുത്തല്‍ മഹമഹം നടത്തിയത്. മൂന്ന് വര്‍ഷം മാത്രം തികഞ്ഞ 38 പേരെ സ്ഥിരപ്പെടുത്തിയ തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിലെ രണ്ടാമനായിരുന്നു ഇന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിചിത്രമായ തീരുമാനം പുറത്തുവന്നതോടെ യുഡിഎഫ് പ്രതിരോധത്തിലായി.
ഐശ്വര്യകേരളയാത്ര പാലക്കാട്ടെത്തിയതോടെ നിയമനവിവാദം തിരിഞ്ഞുകൊത്തുന്നു എന്ന് മനസ്സിലാക്കിയ ചെന്നിത്തല മലക്കം മറിഞ്ഞു. എല്ലാം ഉമ്മന്‍ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് കൈകഴുകി. അനധികൃത നിയമനം ആരുനടത്തിയാലും ശരിയല്ലെന്നും യുഡിഎഫ് സര്‍ക്കാരിനെതിരെ അന്നുയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ടെന്നും ചെന്നിത്തല പാലക്കാട്ട് പറഞ്ഞു.