Tuesday, April 16, 2024
HomeBook houseകോലമണിഞ്ഞാല്‍ ദൈവം; വേഷമഴിച്ചാല്‍ അയിത്തം; തെയ്യക്കാരന്റെ അതിജീവനം പറയുന്ന ദൈവം എന്ന ദുരന്തനായകന്‍

കോലമണിഞ്ഞാല്‍ ദൈവം; വേഷമഴിച്ചാല്‍ അയിത്തം; തെയ്യക്കാരന്റെ അതിജീവനം പറയുന്ന ദൈവം എന്ന ദുരന്തനായകന്‍

(ചെത്തുകാരന്റെ ജാതീയത ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് പ്രസക്തിയേറുകയാണ് ദൈവം എന്ന ദുരന്തനായകന്‍ എ്ന്ന നോവലിന്. പിപി പ്രകാശന്റെ നോവല്‍ തെയ്യം കെട്ടുമ്പോള്‍ ദൈവമായി ആരാധിക്കുകയും അണിയലങ്ങളഴിക്കുമ്പോള്‍ അയിത്തം കൊണ്ട് അകറ്റിനിര്‍ത്തുകയും ചെയ്യുന്ന തെയ്യക്കാരന്റെ ജീവിതകഥയാണ്. ജാതീയതയും ദൈവീകതയും ഏറ്റുമുട്ടുന്ന ജീവിസ്ഥലികളിലൂടെയുള്ള യാത്ര. പിപി പ്രകാശന്റെ നോവലിന് സുജിത് സിഎം എഴുതിയ ആസ്വാദനക്കുറിപ്പാണ്)

സുജിത് സിഎം

തീവ്രാനുഭവങ്ങളുടെ ആഖ്യാനങ്ങളില്‍ ഭാവനയേത് അനുഭവമേത് എന്ന് വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ ഒരു തെയ്യം കലാകാരന്റെ ജീവിതം അടുത്തറിയുന്ന കണ്ണൂര്‍ക്കാരന്, ദൈവം എന്ന ദുരന്ത നായകന്‍ – എന്ന പി.പി പ്രകാശന്റെ പുസ്തകത്തെ ഒരു ഫിക്ഷന്‍ ആയി കാണാനേ പറ്റില്ല. വേണമെങ്കില്‍ ജീവിതത്തിന്റെ ഡോക്യുമെന്റേഷന്‍ എന്നു വിളിക്കാം. അത്രയ്ക്ക് നേരുള്ള ഒരു സത്യകഥയാണിത്. ഞാന്‍ എന്ന പ്രശാന്തന്‍ തന്റെ അച്ഛന്‍ എന്ന കോലക്കാരനെയാണ് വരച്ചു വയ്ക്കുന്നത്. ആ ജീവിതത്തില്‍ ദൈവ വേഷം മാത്രമല്ല വ്യവസ്ഥയോടു വിധേയപ്പെട്ട് ജീവിക്കുന്ന ഗതികെട്ടവന്റെ വേഷവും അയാള്‍ കെട്ടുന്നുണ്ട് സ്വന്തം മുറ്റത്തേക്ക് ചാഞ്ഞ പ്ലാവിന്റെ കൊമ്പ് ഒരാളെ മൂലധനം വായിച്ചവനേക്കാള്‍ വലിയ കമ്യൂണിസ്റ്റാക്കിയേക്കും. ആ കമ്യുണിസ്റ്റ് മനുഷ്യന്‍ കള്ളുകുടിക്കുന്ന ദൈവമായി മാറും. ഇതില്‍ ഒട്ടും വൈരുദ്ധ്യം കാണാന്‍, ഒരു കണ്ണൂക്കാരനു കഴിയില്ല. തെയ്യത്തിന് ഒരു നിറമുണ്ടെങ്കില്‍ അത് ചുകപ്പാണെന്ന് തെയ്യത്തെ അറിയുന്നവന് അറിയാം.

എന്നാല്‍, ദൈവത്തെപ്പോലും തൊടാന്‍ മടിക്കുന്ന എമ്പ്രാശന്മാര്‍ എമ്പാടുമുണ്ടിവിടെ. അവര്‍ക്ക് തെയ്യക്കോലത്തിലും വണ്ണാനെ കാണാന്‍ കഴിയും. രക്തചാമുണ്ഡിയെ മലയനായിത്തന്നെ കാണും. തോറ്റത്തിലുറഞ്ഞ് ദൈവമായവന്‍, മുടിയഴിച്ച് മനുഷ്യനാവുമ്പോള്‍ തൊട്ടു തീണ്ടാനാവാത്ത മറ്റൊരാളായി മാറും.
അയാളുടെ ചുമലില്‍ നിന്ന് തോര്‍ത്ത് താഴേക്ക് ഊര്‍ന്നു വരും.

തെയ്യത്തിലെ ദ്രാവിഡോര്‍ജം ഏതാണ്ട് ചത്തു കഴിഞ്ഞു. ആര്യവല്‍ക്കരണം തോറ്റത്തിലും ചടങ്ങുകളിലും നിറയുന്നതില്‍ ആര്‍ക്കും പരിഭവമില്ല. തെയ്യം കഥകളെല്ലാം ശിവനിലേക്കും വിഷ്ണുവിലേക്കും ബൈപ്പാസ് ചെയ്യപ്പെട്ടിട്ട് കാലം കുറച്ചായി. അങ്ങനെയാണ് എമ്പ്രാശന്‍ തെയ്യങ്ങള്‍ക്ക് മുകളില്‍ ആരൂഢനാവുന്നത്. തെയ്യക്കാലം കഴിഞ്ഞാല്‍, കടുത്ത ദുരിതത്തിന്റെ നീണ്ട എപ്പിസോഡുണ്ട് ദൈവങ്ങള്‍ക്കൊപ്പം. കര്‍ക്കടകം തുടങ്ങിയാല്‍ കുട നന്നാക്കിയും മീന്‍ പിടിച്ചും ആ ദൈവങ്ങളുടെ കുടുംബം ജീവിക്കും. സമയത്തുണ്ണാതെ, ഉറങ്ങാതെ രോഗപീഡകളേറ്റ് മരിച്ചു പോയ നൂറുകണക്കിന് ദൈവങ്ങളുടെ കണ്ണീരു വീണ നാടാണ് കണ്ണൂര്. കൊണ്ടു നടന്നവര്‍ തന്നെ, ഒറ്റ വീഴ്ചയില്‍ ദൈവത്തെ കൈയൊഴിയും.

അക്കൂട്ടത്തില്‍ ഒരു ദൈവത്തിന്റെ ‘ കഥയാണിത്. തുടിയ്ക്കുന്നതോ പിടയ്ക്കുന്നതോ ആയ അച്ഛന്റെ ഓര്‍മ്മകള്‍ അക്ഷരങ്ങളിലേക്ക് നിറച്ചു വച്ച പുസ്തകം.
ചുവടുവെക്കുമ്പോള്‍ നര്‍ത്തകനായും തോറ്റത്തില്‍ ഗായകനായും മുഖത്തെഴുതുമ്പോള്‍ ചിത്രകാരനായും അണിയല്‍ ഒരുക്കുമ്പോള്‍ ശില്പിയായും ഭാവാഭിനയത്തില്‍ അതുല്യ നടനായും മാറുന്ന നൂറുകണക്കിന് തെയ്യക്കാരുടെ കനലാട്ടത്തിന്റെ കഥ കൂടിയാണിത്. കണ്ണൂരിന്റെ ഭാഷ ഈ നോവലിലില്ല. വാചാലുകളില്‍, ഉരിയാടലുകളില്‍, തോറ്റങ്ങളില്‍ നിറയുന്ന ചൈതന്യമുള്ള ഭാഷ ഇതിലുണ്ട്. അത് തെയ്യത്തിന്റെ ഭാഷയാണ്. അതില്ലാതെ ഈ നോവലിന് എഴുന്നേറ്റ് നില്‍ക്കാനാവില്ല.

- Advertisment -

Most Popular