Saturday, July 27, 2024
Homeതെരഞ്ഞെടുപ്പടുത്തപ്പോള്‍ പിണറായി സര്‍ക്കാരിന് ഉമ്മന്‍ചാണ്ടി സ്റ്റൈല്‍; ജനസമ്പര്‍ക്കം മോഡലില്‍ കാരുണ്യപ്പെരുമഴ; സാന്ത്വനസ്പര്‍ശം അദാലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍...
Array

തെരഞ്ഞെടുപ്പടുത്തപ്പോള്‍ പിണറായി സര്‍ക്കാരിന് ഉമ്മന്‍ചാണ്ടി സ്റ്റൈല്‍; ജനസമ്പര്‍ക്കം മോഡലില്‍ കാരുണ്യപ്പെരുമഴ; സാന്ത്വനസ്പര്‍ശം അദാലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അഞ്ചുജില്ലയില്‍ രണ്ടുദിവസത്തിനിടെ 8.45 കോടിയുടെ സഹായം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയിരുന്ന ജനസമ്പര്‍ക്ക പരിപാടിക്കെതിരെ ശക്തമായ നിലപാടെടുത്തവരാണ് ഇടതുപക്ഷം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിന് ശേഷവും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ക്യൂവില്‍ കാത്തുനിര്‍ത്തിയെന്നും പറഞ്ഞ് നാടുനീളെ പ്രചാരണം അഴിച്ചുവിട്ടിരുന്നു എല്‍ഡിഎഫ്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുമ്പോള്‍ സര്‍കത്കാരിന്റെ ഉമ്മന്‍ചാണ്ടി മോഡല്‍ ജനസമ്പര്‍ക്ക നമ്പര്‍പുറത്തെടുത്തിരിക്കുന്നു. സാന്ത്വനസ്പര്‍ശം എന്ന് പേരിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് വ്യാപകമായി പണം അനുവദിച്ചുകൊടുക്കുകയാണ്. ചുവപ്പുനാടകളുടെ കുരുക്കില്ലാതെ പതിനായിരങ്ങള്‍ക്ക് സഹായമേകുകയാണ് ലക്ഷ്യം. ചൊവ്വാഴ്ച 3,47, 65,000 രൂപയിലേറെ സഹായം അനുവദിച്ചു. ഇതോടെ അഞ്ചുജില്ലയില്‍ രണ്ടുദിവസമായി 8.45കോടിയുടെ സഹായം അര്‍ഹമായ കൈകളിലേക്കെത്തി. ചൊവ്വാഴ്ചമാത്രം 24000ത്തിലേറെ പരാതി പരിഗണിച്ചു.

സാന്ത്വനസ്പര്‍ശത്തില്‍ കാല്‍കൊണ്ട് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്ന ജന്മനാ ഇരുകൈയുമില്ലാത്ത സജയകുമാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ

മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിഅമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍, ടി എം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍, എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ്, ടി പി രാമകൃഷ്ണന്‍, കെ ടി ജലീല്‍, എ കെ ശശീന്ദ്രന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അദാലത്തുകളില്‍ പങ്കെടുത്തു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ചികിത്സാ സഹായമായി 58.85 ലക്ഷം രൂപ അനുവദിച്ചു. 15 പട്ടയവും എട്ട് കൈവശാവകാശികള്‍ക്ക് ഉടമസ്ഥാവകാശ രേഖയും നല്‍കി. 2609 പരാതിയില്‍ 1284 ഉം തീര്‍പ്പാക്കി.

കോഴിക്കോട് വടകര താലൂക്കില്‍ 3759 അപേക്ഷയാണ് പരിഗണിച്ചത്. ഇതില്‍ 1400 അപേക്ഷയും ബിപിഎല്‍ റേഷന്‍ കാര്‍ഡിനുവേണ്ടിയാണെത്തിയത്.ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ 2,55,65,000 രൂപയുടെ സഹായം അനുവദിച്ചു. 5,797 അപേക്ഷയാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുമാത്രം 2133 അപേക്ഷ ലഭിച്ചു. ഇതില്‍ 1213 എണ്ണം തീര്‍പ്പാക്കി. മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് വ്യാഴാഴ്ച മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

കണ്ണൂര്‍, തലശേരി താലൂക്കുകളിലെ 4907 പരാതിയാണ് കണ്ണൂരില്‍ പരിഗണിച്ചത്. ചികിത്സാ സഹായമായി 220 പേര്‍ക്ക് 33.15 ലക്ഷം രൂപയും അനുവദിച്ചു. തൃശൂരില്‍ കുന്നംകുളം, ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിലെ അദാലത്തുകള്‍ വൈകിയും തുടര്‍ന്നു.

- Advertisment -

Most Popular