ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി പിടിക്കാന്‍ എല്‍ഡിഎഫ് ഇത്തവണ അവരുടെ തുറുപ്പുചീട്ടിറക്കുന്നു. കോട്ടയത്ത് എവിടെ നിന്നാലും വിജയിക്കാന്‍ കെല്‍പ്പുണ്ടെന്ന് സിപിഎം കരുതുന്ന സാക്ഷാല്‍ സുരേഷ്‌കുറുപ്പിനെ ഇറക്കി ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. കോട്ടയം ജില്ലയില്‍ ആകെ ആഴത്തില്‍ സ്വാധീനമുള്ള സുരേഷ്‌കുറുപ്പിന്റെ വ്യക്തിപരമായ സ്വാധീനംകൂടിയാകുമ്പോള്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ തോല്‍പ്പിക്കല്‍ എളുപ്പമാണെമന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
ജി സുകുമാരന്‍ നായരുമായും എന്‍എസ്എസുമായും ആത്മബന്ധമുള്ളയാള്‍ കൂടിയാണ് സുരേഷ്‌കുറുപ്പ്. ചെന്നിത്തലയെ ഒതുക്കി ഉമ്മന്‍ചാണ്ടിയെ യുഡിഎഫിന്റെ നായകനാക്കി പ്രതിഷ്ഠിച്ചതില്‍ എതിര്‍പ്പുള്ള സുകുമാരന്‍ നായരുടെയും എന്‍എസ്എസിന്റെയും പിന്തുണകൂടി ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല പള്ളിത്തര്‍ക്കത്തിലെ കോടതി വിധിയില്‍ മുറിവേറ്റ യാക്കോബായ സഭയ്ക്ക് കാര്യമായി സ്വാധീനമുള്ള മണ്ഡലം കൂടിയാണ് പുതുപ്പള്ളി പിണറായി വിജയന്റെ നിലപാടിനോട് അവര്‍ക്കുളള മമത പരസ്യമായി തന്നെ സഭ പറഞ്ഞിട്ടുളളതുമാണ്.
സംവരണക്കാര്യത്തില്‍ ക്ലിമ്മിസ് പ്രഖ്യാപിച്ച നിലപാട് കൂടിയാകുമ്പോള്‍ വിജയം സാധ്യമാണ് എന്ന വിലയിരുത്തല്‍ എല്‍ഡിഎഫിനുണ്ട്. അതുകൊണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥീ നിബന്ധനകളില്‍ ഇളവ് നല്‍കി സുരേഷ്‌കുറുപ്പിനെ മണ്ഡലംമാറ്റി പരീക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം.
പുതുപ്പള്ളിയിലുണ്ടായ അടിയൊഴുക്കുകള്‍ ഇങ്ങനെ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പളിയില്‍ എട്ടില്‍ ആറ് പഞ്ചായത്തിലും ഉമ്മന്‍ചാണ്ടിയുടെ യു ഡി എഫിന് കനത്ത തോല്‍വിയായിരുന്നു.2015 ല്‍ ഏഴ് പഞ്ചായത്തുകള്‍ നേടിയ ഇടത്താണ് ഈ തോല്‍വി. 2015 ല്‍ പുതുപ്പള്ളി, മണര്‍കാട്,പാമ്പാടി,കൂരോപ്പടി,അകലകുന്നം,അയര്‍ക്കുന്നം,മീനടം,എന്നീ പഞ്ചായത്തുകളിലായിരുന്നു യു ഡി എഫ് ഭരണം. ഇത്തവണ അത് അയര്‍ക്കുന്നം, മീനടം എന്നിവ മാത്രമായി ചുരുങ്ങി. കഴിഞ്ഞ തവണ വാകത്താനത്ത് ഇടത് സ്വതന്ത്രന്റെ പിന്തുണയോടെ ഭരിച്ചിരുന്ന ഇടതുപക്ഷം ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി, മണര്‍കാട്, പാമ്പാടി, കൂരോപ്പടി, അകലക്കുന്നം എന്നീ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു.ഇതില്‍ അകലക്കുന്നത്ത് കേരളകോണ്‍ഗ്രസിന്റെ വരവാണ് ഗുണം ചെയ്തതെങ്കില്‍, മറ്റ് അഞ്ചിടത്തും സി പി ഐ എമ്മിന്റെ സംഘടനാമികവും മുന്നണിയുടെ പ്രവര്‍ത്തനവുമാണ് അട്ടിമറികള്‍ നേടിക്കൊടുത്തത്.സ്വന്തം പഞ്ചായത്തിലടക്കം നേരിടേണ്ടി വന്ന കനത്ത തോല്‍വിയാണ് ഉമ്മന്‍ചാണ്ടിയെ ഭയപ്പെടുത്തുന്നത്.
17 അംഗങ്ങളുള്ള മണര്‍കാട് പഞ്ചായത്തില്‍ യു ഡി എഫിന് കഴിഞ്ഞ തവണ 12 സീറ്റുണ്ടായിരുന്നു. ഇത്തവണ അഞ്ച് സീറ്റ് കൊണ്ട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. പാമ്പാടിയില്‍ 13 സീറ്റില്‍ നിന്നും 8 ലേക്കാണ് യു ഡി എഫ് പതനം. സ്വന്തം നാടായ പുതുപ്പള്ളിയില്‍ 11 ല്‍ നിന്നും 7 ലേക്ക് ഒതുങ്ങി. ഇപ്പോള്‍ ഭരണം കിട്ടയ മീനടത്തും അയര്‍ക്കുന്നത്തും സീറ്റ് കുറയുകയും ചെയ്തു. എട്ട് പഞ്ചായത്തുകളിലായി മുപ്പതിലധികം സീറ്റുകള്‍ യു ഡി എഫിന് ഒറ്റയടിക്ക് നഷ്ടമായി.
മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം നഷ്ടപ്പെട്ടതും യുഡിഎഫിന് കനത്ത തിരിച്ചടിയാണ്. 13 ല്‍ 12 സീറ്റും നേടി കഴിഞ്ഞ തവണ ഭരിച്ച പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണ 7 സീറ്റുമായി എല്‍ ഡി എഫ് അധികാരത്തില്‍ വന്നു. പാമ്പാടി ബ്ലോക്കിലും ഇത്തവണ സമാനമാണ് സാഹചര്യം. 2015 ല്‍ 11 സീറ്റ് ഉണ്ടായിരുന്ന യു ഡി എഫ് ഇവിടെ 4 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എല്‍ ഡി എഫ് 4 ല്‍ നിന്നും 10 സീറ്റിലേക്ക് സീറ്റ് നില വര്‍ധിപ്പിച്ചു.