സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് എല്‍ഡിഎഫും കടന്നതോടെ ഇത്തവണ ഹരിപ്പാട് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം സിഎസ് സുജാതയെ രംഗത്തിറക്കുമെന്ന സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടി ജില്ലാകമ്മറ്റി നടത്തി അനൗദ്യോഗിക ചര്‍ച്ചകളില്‍ സുജാതയുടെ പേരിന് മുന്‍തൂക്കമുണ്ട്. ഹരിപ്പാടും കുട്ടനാടുമാണ് സുജാതയെ മുന്‍നിര്‍ത്തിയാല്‍ തിരിച്ചുപിടിക്കാമെന്ന് പാര്‍ട്ടി ഉറപ്പിക്കുന്ന മണ്ഡലം. എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളും സിപിഎമ്മിന്റേതല്ല എന്നതാണ് ആദ്യതടസ്സം. ഹരിപ്പാട് സിപിഐയാണ് മല്‍സരിച്ചുവരുന്നത്. കുട്ടനാട് എന്‍സിപിയും.
ഹരിപ്പാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായിട്ടും സിപിഐയുടെ സ്ഥാനാര്‍ത്ഥി കുറഞ്ഞവോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. എന്നാല്‍ സിപിഎം അതേറ്റെടുക്കുകയും സിഎസ് സുജാതയെ പോലൊരു സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുകയും ചെയ്താല്‍ എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്ക്. നേരത്തെ മാവേലിക്കര ലോകസഭാ മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ വന്‍മാര്‍ജ്ജിനില്‍ പരാജയപ്പെടുത്തിയ ചരിത്രം സുജാതയ്ക്ക് തുണയാകും. എംപിയായിരുന്ന കാലത്ത് നടത്തിയ മികച്ച പ്രവര്‍ത്തനവും തുണയാകും.
സിപിഎമ്മിന്റെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ വനിതാ നേതൃത്വമായിരുന്നു ഒരുകാലത്ത് സുജാത. ഇപ്പോള്‍ സംസ്ഥാനകമ്മറ്റി അംഗമായ സുജാത നേരത്തെ വിഎസ് പക്ഷമാണെന്ന കാരണത്താല്‍പാര്‍ട്ടിയില്‍ അപ്രഖ്യാപിത നടപടിയെന്ന പോലെ പല കാരണങ്ങളാല്‍ അകറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍ വിഎസ് പക്ഷം നേതൃപരമായി ക്ഷയിക്കുകയും പിണറായി മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ അത്തരം പ്രശ്‌നങ്ങളും അവസാനിച്ചു. ഇപ്പോള്‍ വിഭാഗീയത സംബന്ധിച്ച പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്തു. വിഎസ് പക്ഷത്തിന് ഇപ്പോഴും സ്വാധീനമുള്ള മേഖലകളില്‍ മുന്നേറ്റമുണ്ടാക്കാനുള്ള ജനപിന്തുണയുണ്ട് എന്നതും സുജാതയ്ക്ക് അനുകൂല ഘടകമാണ്. ഹരിപ്പാടിനേക്കാള്‍ അതുകൊണ്ട് തന്നെ സുജാത പ്രാധാന്യം നല്‍കുന്നത് കുട്ടനാട്ടിനാണ്.
തോമസ് ചാണ്ടിയുടെ മരണത്തോടെ എന്‍സിപിയ്ക്ക് ശക്തനായ നേതാവില്ലെങ്കിലും ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ മല്‍സരിക്കാന്‍ തയാറായിരുന്നു. എന്നാല്‍ കുട്ടനാട് കണ്ട് ആരും പനിക്കണ്ട എന്ന് ജില്ലാ സെക്രട്ടറി ആര്‍നാസര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചതോടെ ജില്ലാകമ്മറ്റി കുട്ടനാടിന് വേണ്ടി ശ്രമം നടത്തുന്നുണ്ടെന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ സുജാതയ്ക്ക് കുട്ടനാടുള്ള സ്വാധീനവും പാര്‍ട്ടി പരിഗണിച്ചേക്കും. വള്ളിക്കുന്നം സ്വദേശിയായ സുജാത് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോ അക്കാദമി ലോകോളേജില്‍നിന്ന് നിയമബിരുദം നേടിയ ഇവര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹി, കേന്ദ്ര കമ്മിറ്റിയംഗം, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജനാധപിത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗവുമാണ്. ഇപ്പോള്‍ മാവേലിക്കര കോടതിയില്‍ അഭിഭാഷകയാണ്.
ഹരിപ്പാട്സി പിഐയില്‍ നിന്നേറ്റെടുക്കാതിരിക്കുകയും എന്‍സിപി മുന്നണി വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട് സുജാതയെ മല്‍സരിപ്പിക്കുമെന്നുറപ്പാണ്. മാത്രമല്ല സമീപകാലത്ത് സുജാത കുട്ടനാട് മണ്ഡലത്തില്‍ പലപരിപാടികളിലും പങ്കെടുത്തുവരുന്നുമുണ്ട്. എന്തായാലും സുജാതയെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു എന്നതിന് രാഷ്ട്രീയമായ നിരവധി മാനങ്ങളുണ്ട്. ഇതോടെ ആലപ്പുഴയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാനാണ് സിപിഎമ്മിന്റെ നീക്കം. സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച് ചര്‍ച്ച ചെയ്ത സിപിഎമ്മിന്റെ ആദ്യസെക്രട്ടേറിയേറ്റ് യോഗത്തില്‍ ജയസാധ്യതയ്ക്ക് മുഖ്യപരിഗണന നല്‍കാന്‍ നിര്‍ദ്ദേശിച്ചു എന്നതും അനൂകൂലഘടകമാണ്. ഇന്ന് കൂടി സെക്രട്ടേറിയേറ്റ് യോഗം സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് നയപരമായ തീരുമാനങ്ങളെടുത്ത് ജില്ലാകമ്മറ്റിക്ക് റിപ്പോര്‍ട്ട് കൈമാറി.