കൊവിഡ് പ്രതിസന്ധിയിലാക്കിയ നിരവധി സിനിമാസ്വപ്‌നങ്ങളുണ്ട്. ഒരുപാട് പ്രതീക്ഷയോടെ രാവുംപകലും അധ്വാനിച്ച് ഒടുക്കം തിയേറ്ററിലെത്തിച്ച ഒരു ചിത്രം റിലീസ് ചെയ്ത ഉടനെ തിയേറ്ററുകള്‍ അടച്ചിട്ടാല്‍ എന്തുസംഭവിക്കും. കോഴിപ്പോര് എന്ന സിനിമയുടെ സ്ഥിതി അതായിരുന്നു. നവജിത്ത് നാരായണനെ നായകനാക്കി ജിനോയ് ജിബിറ്റ് സംവിധാനം ചെയ്ത ഒരു പുതുമുഖപരീക്ഷണമായിരുന്ന ആ ചിത്രം. പക്ഷേ മൗത്ത് പബ്ലിസിറ്റി രൂപീകരിക്കും മുമ്പ് തിയേറ്ററില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ കൊവിഡ് സാധ്യതയില്‍ തഴച്ചുവളര്‍ന്ന ഒടിടി പ്ലാറ്റ് ഫോമില്‍ ഫുള്‍ ഫോമില്‍ മുന്നേറി ചരിത്രം തിരുത്തിയിരിക്കുകയാണിപ്പോള്‍ കോഴിപ്പോര്.
2020 മാര്‍ച്ച് 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന ചിത്രം, മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നതിനിടെ കൊവിഡ് 19 മൂലം ലോക്ക് ഡൗണ്‍ ആയതോടെ തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജെ പിക് മൂവീസിന്റെ ബാനറില്‍ വി ജി ജയകുമാര്‍ നിര്‍മ്മിച്ചതാണ് ചിത്രം. ഇന്ദ്രന്‍സ്, പൗളി വത്സന്‍, ജോളി ചിറയത്ത്, വീണ നന്ദകുമാര്‍, നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ സിനിമയില്‍ അഞ്ജലി നായര്‍, പ്രവീണ്‍ ടി.ജെ, ജിബിറ്റ് ജോര്‍ജ്, ഷൈനി സാറാ, സരിന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, അസീസ് നെടുമങ്ങാട്, മേരി എരമല്ലൂര്‍, രശ്മി അനില്‍, ബിറ്റോ ഡേവിസ്, വിനീത് ഇടക്കൊച്ചി, നന്ദിനി ശ്രീ, ബേബി സമീക്ഷ, മാസ്റ്റര്‍ അര്‍ഷിത്, സന്തോഷ് തുടങ്ങി വലിയൊരു താര നിര അഭിനയിച്ചിരുന്നു.
ചിത്രത്തിന്റെ തിരക്കഥ ജിനോയ് ജനാര്‍ദ്ദനന്‍, ക്യാമറ രാഗേഷ് നാരായണന്‍, എഡിറ്റര്‍ അപ്പു ഭട്ടതിരി, മ്യൂസിക് & ബിജിഎം ബിജിബാല്‍, ആര്‍ട്ട് മനുജഗത്, ഗാനരചന വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, കോസ്റ്റ്യൂം അരുണ്‍ രവീന്ദ്രന്‍, ഡിഐ കളറിസ്റ്റ് മുത്തുരാജ്, ഡിസൈന്‍സ് ഷിബിന്‍ സി ബാബു, പി ആര്‍ ഓ എ. എസ്. ദിനേശ് എന്നിവരാണ്.വൈക്കം വിജയലക്ഷ്മി, ആന്‍ ആമി, ബിജിബാല്‍, ഉദയ് നാരായണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.
ഒരു കുടുംബകഥ രസകരമായ കോഴിപ്പോരിലൂടെ വികസിച്ച് മനുഷ്യപ്പോരിലെത്തുകയും നിഷ്‌കളങ്കമായ മനുഷ്യഹൃദയങ്ങളെ കോര്‍ത്തിണക്കി ഒരു സ്‌നേഹഗാഥ നിര്‍മിക്കുകയും ചെയ്തിരിക്കുകയാണ് കോഴിപ്പോര്. ആമസോണ്‍ പ്രൈമിലൂടെ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ നവജിത്ത നാരായണന്‍ എന്ന നായക നടന്റെ പ്രതീക്ഷകള്‍ കൂടിയാണ് തളിര്‍ക്കുന്നത്. പുതുതലമുറ നടന്മാരില്‍ മികച്ച വാഗ്ദാനമായ നവജിത്ത് നിരവധി സിനിമകളില്‍ ചെറുവേഷങ്ങളിലൂടെ ശ്രദ്ധേയനായി വരുമ്പോഴാണ് കോഴിപ്പോര് എത്തിയത്.
എന്നും എപ്പോഴും എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് തുടങ്ങിയത്. ആര്‍ എസ് വിമലിന്റെ എന്നു നിന്റെ മൊയ്ദീന്‍, കമലിന്റെ ഉട്ടോപ്യയിലെ രാജാവ്, ലാല്‍ ജോസിന്റെ നീന, പ്രശോബ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്നി സിനിമയില്‍ ചെറിയവേഷങ്ങള്‍ ചെയ്തു.
കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയില്‍ മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ കഥാപാത്രം മികച്ച അഭിപ്രായം നേടികൊടുത്തു. ബിലഹരിയുടെ സംവിധാനത്തില്‍ കുറഞ്ഞ ചിലവില്‍ ചിത്രീകരിച്ച പോരാട്ടം എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മടികൈ അടുക്കത്ത് പറമ്പില്‍ 1988 ഫെബ്രുവരി 23 ന് നാരായണന്റെയും വത്സലയുടെയും മകനായി ജനിച്ചു. അമ്മ തീയറ്റര്‍ ആര്‍ട്ടിസ്റ്റ് ആണ്. മടിക്കൈ ഗവണ്മെന്റ് എച് എസ് എസിലും പയ്യന്നൂര്‍ കോളേജിലുമാണ് നവജിത് പഠിച്ചത്. 1999ല്‍ അമ്മയുടെ കൂടെ നാടകത്തില്‍ അഭിനയിച്ചു കൊണ്ടാണ് തുടക്കം. 2019 ആയപ്പോഴേക്കും 2500ല്‍ പരം വേദികളില്‍ നാടകം അവതരിപ്പിച്ചു. അമ്മയുടെ കൂടെ 250ല്‍ അധികം വേദികളില്‍ നവജിത് അഭിനയിച്ച അഭയം എന്ന നാടകം ശ്രദ്ധിക്കപ്പെടുകയും മികച്ച നടനുള്ള പുരസ്‌കാരം ഈ നാടകത്തിലൂടെ ഇദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു. ഭഗത് സിംഗ് എന്ന ഒറ്റയാള്‍ നാടകം 500ല്‍ പരം വേദികളില്‍ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തു ചുവടുറപ്പിച്ചു. സുവീരന്‍, മഞ്ജുളന്‍, ഇ വി ഹരിദാസ്, അനില്‍ നടക്കാവ്, പി ജി സുര്‍ജിത്, പ്രദീപ് മണ്ടൂര്‍, ബാബു അന്നൂര്‍ എന്നിവരുടെ കീഴില്‍ ആയിരുന്നു നാടക പരിശീലനം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ രണ്ടു തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്.
അഭിനയത്തിന് പുറമെ ഇരുപതോളം നാടകങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മുണ്ട് എന്ന ഷോര്‍ട് ഫിലിം സംവിധാനം ചെയ്തു. അറിയപ്പെടുന്ന അഭിനയ പരിശീലകന്‍ കൂടെ ആയ നവജിത്, ചെന്നൈ കൂത്തുപട്ടരായില്‍ അഭിനയ പരിശീലകന്‍ ആയിരുന്നു. ഇപ്പോള്‍ പടക്കളം എന്ന പേരില്‍ സൗത്ത് ഇന്ത്യയില്‍ ഒട്ടാകെ ആര്‍ട്ടിസ്റ്റുകള്‍ക്കും പുതുമുഖ പ്രതിഭകള്‍ക്കും അഭിനയപരിശീലനം നടത്തിവരുന്നു. ഭാര്യ ഗ്രീഷ്മ നവജിത്. മകന്‍ നിധാഗ്‌ന്.
newsathouse.com
അപ്‌ഡേറ്റിനായി ഫെയ്‌സ്ബുക്ക് പേജ് ലൈക്കുചെയ്യുക