കണ്ണൂര്‍: വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ മുസ്ലിംലീഗിക്കാര്യം ഗൗരവത്തിലാലോചിക്കുന്നുവെന്ന് സൂചന. അതേ സമയം വനിതാ ലീഗ് നേതൃത്വം ഉയര്‍ത്തിക്കാട്ടിയ നേതാക്കളെ പരിഗണിക്കേണ്ടെന്നും സമസ്തയുടെ നിര്‍ദ്ദേശം പരിഗണിച്ച് മുസ്ലിമായ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടെന്നും ലീഗ് തീരുമാനിച്ചുവെന്നാണ് വിവരം. മുസ്ലിംവിഭാഗത്തില്‍ നിന്ന് സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതനേതൃത്വത്തിന്റെ അനിഷ്ടം ഏറ്റുവാങ്ങേണ്ടി വരുമെന്നതാണ് പ്രധാനകാര്യം. മാത്രമല്ല സമസ്ത ഇക്കാര്യത്തില്‍ കടുത്ത നിലപാടിലുമാണ്. ഈ സാഹചര്യത്തില്‍ മുസ്ലിംഇതര വിഭാഗത്തില്‍ പെടുന്ന വനിതകളെ കണ്ടെത്താന്‍ ലീഗ് നേതൃത്വം ആലോചന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വനിതാ ലീഗിന്റെ ദേശീയ ജനറല്‍സെക്രട്ടറിയായ ജയന്തിരാജന്റെ പേര് അന്തിമ പരിഗണനയിലെത്തുകയും ചെയ്തു എന്നാണ് വിവരം.

സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ട മൂന്ന് പേരുടെ പട്ടികയാണ് വനിതാ ലീഗ് മുസ്ലിം ലീഗ് നേതൃത്വത്തിന് കൈമാറിയിരുന്നത്. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകളാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് വനിതാ ലീഗ് കൈമാറിയത്. എന്നാല്‍ ഇവരെയെല്ലാം വെട്ടിമാറ്റി ജയന്തി രാജനെ മല്‍സരിപ്പിക്കാനാണ് നീക്കം.
ഹരിത സംസ്ഥാന അധ്യക്ഷ ഫാത്തിമ തഹ്ലിയ ലീഗ് സ്ഥാനാര്‍ഥിയായി എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണവുമുണ്ടായി. എന്നാല്‍ വനിതാ ലീഗ് നേതാക്കള്‍ ഇടപെട്ട് തന്നെ ഇത് തടഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രസ്താവനയും പിന്നാലെ വന്നു. മാത്രമല്ല മജീദും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള നേതാക്കള്‍ വനിതാ സ്ഥാനാര്‍ത്ഥികളുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അനിഷ്ടത്തോടെയാണ് പ്രതികരിച്ചതും. സോഷ്യല്‍ മീഡിയയില്‍ കാണുന്ന സുന്ദര മുഖങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അത്തരക്കാര്‍ ദുഃഖിക്കേണ്ടി വരുമെന്നും കണ്ണൂരില്‍ കെപിഎ മജീദ് പറഞ്ഞത് ഫാത്തിമയെ കുറിച്ചാണെന്ന് ലീഗുകാര്‍ക്ക് തന്നെ ബോധ്യമായി. വനിതകളെ മല്‍സരിപ്പിക്കുകയാണെങ്കില്‍ പ്രായവും പക്വതയുമുള്ളവര്‍ മതി എന്നാണ് പാര്‍ട്ടി നേതൃത്വത്തെ വനിതാ ലീഗ് നേതാക്കള്‍ അറിയിച്ചത്.

ദളിത് ലീഗ് വനിതാ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷ കൂടിയാണ് ജയന്തി രാജന്‍. തൃശൂരിലെ ചേലക്കര സീറ്റില്‍ മല്‍സരിപ്പിക്കാനാണ് ആലോചനയെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു. ചേലക്കര മണ്ഡലം ഏറെ കാലമായി ഇടതുപക്ഷം ജയിച്ചുവരുന്നതാണ്. 1990കളില്‍ ഇവിടെ നിന്ന് കോണ്‍ഗ്രസ് ജയിച്ചിരുന്നു എങ്കിലും പിന്നീട് തുടര്‍ച്ചയായി ഇടതുപക്ഷത്തേക്കാണ് മണ്ഡലം ചാഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസ് മല്‍സരിക്കുന്ന ഈ സംവരണ മണ്ഡലം ഇത്തവണ മുസ്ലിം ലീഗ് ആവശ്യപ്പെടുകയും കോണ്‍ഗ്രസ് അംഗീകരിക്കുകയും ചെയ്തുവെന്ന സൂചനയും മീഡിയ വണ്‍ വാര്‍ത്തയില്‍ നല്‍കുന്നു. നേരത്തെ യുസി രാമന്‍ എന്ന മുസ്ലിംഇതര സമുദായത്തില്‍ പെട്ട തോവിനെ നിയമസഭയിലേക്ക് ഒന്നിലധികം തവണ മല്‍സരിപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്ത പാര്‍ട്ടിയാണ് ലീഗ്. അതേ പാത പിന്തുടര്‍ന്നാല്‍ ഇത്തവണ അഞ്ചാംമന്ത്രിവിവാദം വരെ ഒഴിവാക്കാനുള്ള സാധ്യതകളും ലീഗ് നേതൃത്വം പരിഗണിക്കുന്നു.

പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ജയന്തി രാജന്‍. വയനാട്ടിലെ ഇരളം സ്വദേശിയാണ്. ജയന്തി രാജന്‍ സ്ഥാനാര്‍ഥിയായാല്‍ ദളിത്, വനിതാ, മുസ്ലിം ഇതര സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിന് ചൂണ്ടിക്കാട്ടാം. അതേ സമയം മുസ്ലിംവനിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള സമസ്തയടക്കമുള്ള മതനേതൃത്വങ്ങളുടെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.