Friday, November 22, 2024
Homeകേന്ദ്രഏജന്‍സികളുമായുള്ള ഏറ്റുമുട്ടലിന് കേരളം; കസ്റ്റംസിനോട് കേരളം വിവരാവകാശപ്രകാരം വിവരങ്ങള്‍ തേടി; അസാധാരണ നടപടി; ഈന്തപ്പഴ സ്വര്‍ണക്കള്ളക്കടത്ത്...
Array

കേന്ദ്രഏജന്‍സികളുമായുള്ള ഏറ്റുമുട്ടലിന് കേരളം; കസ്റ്റംസിനോട് കേരളം വിവരാവകാശപ്രകാരം വിവരങ്ങള്‍ തേടി; അസാധാരണ നടപടി; ഈന്തപ്പഴ സ്വര്‍ണക്കള്ളക്കടത്ത് കേസുകളില്‍ പുതിയ വഴിത്തിരിവ്

ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി ഒരു കേന്ദ്ര ഏജന്‍സിയില്‍നിന്ന് ആരായുന്നു. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറാണ് കസ്റ്റംസിന്് വിവരാവകാശപ്രകാരം വിവരം ആരാഞ്ഞുകൊണ്ട് അപേക്ഷ നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏജന്‍സികളെ ചൊല്ലിയുണ്ടായിരിക്കുന്ന തര്‍ക്കം പുതിയ വഴിത്തിരിവിലെത്തിക്കുന്നതാണ ഈ സംഭവം. മാത്രമല്ല ഏജന്‍സികള്‍ ഔദ്യോഗികമായി ഒന്ന് പറയുകയും സര്‍ക്കാരിനെ കിരിവാരിത്തേക്കാന്‍ മാധ്യമങ്ങളിലൂടെ മറ്റുചില വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുകയുംചെയ്യുന്നു എന്ന പരാതി സംസ്ഥാനത്തിനുണ്ട്. ഈ സാഹചര്യത്തില്‍ ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങള്‍ ആരായുന്നതിന് രാഷ്ട്രീയ മാനവും കല്‍പ്പിക്കപ്പെടുന്നു.

ആരാഞ്ഞ വിവരങ്ങള്‍ താഴെ
1. കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം ആരംഭിച്ചിട്ടുള്ളത്?
2. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്ക് അനുവദിക്കുന്ന പ്രകാരം എക്സെംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ ആ എക്സെംഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത്?
3. എംബസികള്‍/ കോണ്‍സുലേറ്റുകള്‍ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി കസ്റ്റംസ് ഡ്യൂട്ടി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുക്കാന്‍ ഉത്തരവാദപ്പെട്ട വ്യക്തി ആരാണ്?
4. 09.05.2017ല്‍ ബില്‍ ഓഫ് എന്‍ട്രി നമ്പര്‍ 9624365 പ്രകാരം തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടയ്ക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആരാണ്?
5. മേല്‍പറഞ്ഞ ബില്ലില്‍ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ കാര്യത്തില്‍ എന്തെങ്കിലും കസ്റ്റംസ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ?
6. മേല്‍പറഞ്ഞ ബില്ലിലെ ഈന്തപ്പഴത്തിന്‍റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റംസ് ആക്ട് 1962ലെ സെക്ഷന്‍ 108 പ്രകാരം എത്ര പേര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്? അവരുടെ പേരും തസ്തികയും അവര്‍ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കണം.
ഇങ്ങനെ ആറു ചോദ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ പി രാജീവന്‍ സമര്‍പ്പിച്ചിട്ടുള്ള വിവരാവകാശ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷനിലെ അസിസ്റ്റന്‍റ് കമ്മീഷണര്‍ മുമ്പാകെ ഈ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

- Advertisment -

Most Popular