Saturday, July 27, 2024
HomeBook houseഎന്തുകൊണ്ട് ചാത്തച്ചന്‍ ഒതുക്കപ്പെടുന്നു; അതിനുത്തരം ഈ നോവല്‍ തന്നെയാണ്; മനസ്സിലാക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം മാത്രം ഇത്...

എന്തുകൊണ്ട് ചാത്തച്ചന്‍ ഒതുക്കപ്പെടുന്നു; അതിനുത്തരം ഈ നോവല്‍ തന്നെയാണ്; മനസ്സിലാക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം മാത്രം ഇത് വായിക്കുക

ബൈജു കെപി
പാലം കടവ് എന്ന ദേശത്തിന്റെ ആഖ്യാനമാണ് മനോഹരന്‍ വി പേരകത്തിന്റെ ചാത്തച്ചന്‍. ദേശമെന്നത് വലിയൊരു ഭൂഭാഗത്തെയല്ല സൂചിപ്പിക്കുന്നത്. മുപ്പത്തൊന്നോളം കുടുംബങ്ങളിലായി ഇരുന്നൂറ്റമ്പതോളം പ്രജകള്‍ മാത്രമുള്ള ഒരു ചെറുദേശം. ഒരു പുഴയോരം. പക്ഷേ, അതൊരു പുഴയല്ലതാനും. സ്വാതന്ത്ര്യത്തിനു മുന്‍പ് പൊന്നാനി മുതല്‍ ചേറ്റുവ വരെ കനോലി സായ്പിന്റെ കാലത്ത് പണി കഴിപ്പിച്ച കനാലിന്റെ തീരം. കടലിന്റെ ഏറ്റിറക്കങ്ങളില്‍ സ്വയം മെലിയുകയും വീര്‍ക്കുകയും ചെയ്യുന്ന പുഴ. ഒരു പുഴയ്ക്ക് സഹജമായുണ്ടാകേണ്ട പലതിന്റേയും അഭാവം. പുഴപോലൊന്ന്. അടുത്തുള്ള മഹാക്ഷേത്രം പകരുന്ന പുണ്യങ്ങളുടെ എല്ലാ പാപങ്ങളും മാലിന്യമായി പെരുകി ഒഴുകി നിറയുവാനൊരിടം. പുഴ കടക്കുവാന്‍ ബ്രിട്ടീഷുകാര്‍ ചെങ്കല്ലിന്റെ ഒരു കമാനപ്പാലം പണിതതോടെ തളാപ്പെന്ന ഈ ദേശം മറുനാട്ടുകാര്‍ക്കിടയില്‍ പാലംകടവെന്ന് അറിയപ്പെട്ടു. പുഴ പോലെയൊന്നാകിലും അവിടെ ഒരു ജനപദം അവരുടെ ഇല്ലായ്മകളിലും വല്ലായ്മകളിലും അല്ലലുകളോടെ ജീവിച്ചുവരുന്നു.

നോവല്‍ വീട്ടുകൂത്ത്, നാട്ടുകൂത്ത് എന്നിങ്ങനെ രണ്ടു ഭാഗങ്ങളും അവയെ പിന്‍തുടരുന്ന കഥാന്തരം എന്ന അധ്യായവും ഉള്‍ക്കൊള്ളുന്നു. കൂത്ത് കഥയാണ്, ചാക്യാരുടെ സവര്‍ണ്ണ കലയല്ല. പുഴയോടു ചേര്‍ന്നുള്ള ഇത്തിരിമണ്ണിലും ബാക്കി പുറമ്പോക്കിലുമൊക്കെയായി ജീവിക്കുന്നവരാണ് പാലം കടവുകാര്‍. അവിടെ വാസുദേവനാശാരിയുടെ വീടും അദ്ദേഹത്തിന്റെ ഭാര്യയും നോവലിന്റെ ആഖ്യാതാവുകൂടിയായ മകനും അവരുടെ ഓര്‍മ്മകളിലെ പൂര്‍വ്വഗാമികളും കുലദൈവസങ്കല്‍പ്പമായ ശിവന്റെ ഭൂതഗണങ്ങളിലെ പ്രധാനി അകിലാണത്തുകുട്ടിയും ചേരുന്നതാണ് വീട്ടുകൂത്തിന്റെ ആഖ്യാനപരിസരം. പാലംകടവിലെ മറ്റുള്ളവര്‍ ചേരുന്നതാണ് നാട്ടുകൂത്ത്. അതില്‍ നാടകനടനായ പീറ്ററേട്ടനും ഭാര്യ മാര്‍ഗരീത്തയും പക്ഷിനിരീക്ഷകനും കലാസ്‌നേഹിയുമായ പത്രോസച്ചനും വരത്തനും വായനക്കാരനുമായ ചെരുപ്പുകുത്തിയും ഹരിഹരന്‍ മാഷും കുടുംബവും ആനക്കാരനായ കവിയും വേശു സന്യാസിനിയും കുറത്തികളും ഒക്കെ ചേര്‍ന്നു വരുന്നു. കമാനപ്പാലം പൊളിഞ്ഞശേഷം ഇരുകരകളെയും കൂട്ടി യോജിപ്പിച്ച് വികസനത്തിന്റെ വിരലടയാളമായി പുതിയ പാലം വരുന്നതോടെ നാടുമായുള്ള കാലങ്ങളായുള്ള കെട്ടുപാടിന്റെ പൊക്കിക്കൊടിയെ അറുത്തുമാറി പലായനം ചെയ്യേണ്ടി വരുന്ന സാഹചര്യം ജനതയില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളിലൂടെ നോവല്‍ മുന്നോട്ടു പോകുന്നു.
പ്രഗല്‍ഭനായ ഒരു തച്ചനാണ് വാസുദേവനാശാരി. അങ്ങനെയാണ് മാമ്മച്ഛന്‍ മകളെ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തത്. പക്ഷേ പാലംകടവിലെത്തിയതോടെ അച്ഛനാകെ മാറിപ്പോയെന്നാണ് അമ്മ പറയുന്നത്. അദ്ദേഹം തന്റെ പാരമ്പര്യത്തിന്റെ കഥകളിലൂടെ മഹത്വപൂര്‍ണ്ണമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകളിലേക്ക് ഉള്‍വലിയുന്നു. അങ്ങനെ അയാള്‍ അലസനും കര്‍മ്മവിമുഖനും തികഞ്ഞ മദ്യപാനിയും എളുപ്പത്തില്‍ പണക്കാരനാകാനുള്ള വഴികള്‍ തേടുന്ന ആളുമായി മാറുന്നു. അതിനുവേണ്ടി നഷ്ടപ്പെട്ടു പോയ അകിലാണത്തുകുട്ടിയെ വീട്ടില്‍ ആവാഹിച്ചു പ്രതിഷ്ഠിക്കുന്നു. പണമുണ്ടാക്കാന്‍ അധ്വാനത്തിന്റെ നേരായ വഴി കൈവിടുന്നു.
നോവലില്‍ ക്രൂരനും ദുര്‍ന്നടപ്പുകാരനും കുടിയനുമായ പിതൃസ്വരൂപമായി വാസുദേവനാശാരി ഭയം ജനിപ്പിക്കുന്നു. വിരുദ്ധാഭിപ്രായങ്ങളോട് അയാള്‍ ക്രൂരമായി പ്രതികരിക്കുന്നു. ഭാര്യയേയും മകനേയും മര്‍ദ്ദിക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നു. അങ്ങനെ വീട്ടിലെ സ്വേച്ഛാധിപതിയായി മാറുന്നു. ഈ പിതൃഅധികാര സ്വരൂപത്തിന്റെ ആജ്ഞാശക്തിക്കു മുന്നില്‍ ഭയന്നുപോകുന്ന മകന്‍ നിശബ്ദനായ ആജ്ഞാനുവര്‍ത്തി മാത്രമാകുന്നു. അവനെ അമ്മ ‘പേടിത്തൊണ്ടന്‍’ എന്നു വിളിക്കുന്നു. അയാളുടെ വീട്ടില്‍ കോഴിക്കൂട്ടില്‍ വളരുന്ന ഒരു പന്നിയുണ്ട്. പന്നി വലുതാകുകയും അങ്ങനെ കോഴിക്കൂടിന്റെ വാതില്‍ ചെറുതാകുകയും കൂടുപൊളിക്കാതെ അതിനെ പുറത്തിറക്കാനാകില്ലെന്നു വരികയും ചെയ്യുന്നു. അതുപോലെ പിതാവിനോടുള്ള ഭയത്തിന്റെ കൂടിലാണ് മകനും. ഭയത്തിന്റെ കൂടുപൊളിക്കാനോ പുറത്തേക്കിറങ്ങാനോ അയാള്‍ക്ക് ഒരിക്കലും കഴിയുന്നില്ല.
എല്ലാ അധികാരസ്ഥാനങ്ങളുടേയും നിലനില്‍പ്പിനെ സഹായിക്കുന്നത് അത് മറ്റുള്ളവരില്‍ ജനിപ്പിക്കുന്ന ഭയമാണ്. അധികാരം ഹിംസയുടെ ഉപാധിയാകുമ്പോള്‍ ഭയം അതിന്റെ സ്വാഭാവിക പരിണതി മാത്രമാകുന്നു. വാസുദേവനാശാരിയുടെ മകനും പിതാവിന്റെ ഹിംസാത്മകമായ അധികാരത്തിനു മുന്നില്‍ പതറുന്നു. പിതാവിന്റെ പ്രവൃത്തികളോടുള്ള വിയോജിപ്പും പ്രതിഷേധവും ഉള്ളില്‍ നിറയുമ്പോഴും ഭയം അവനെ നിശബ്ദനാക്കുന്നു. ആധിപത്യത്തിനു കീഴ്‌പ്പെടുന്ന മനോഭാവത്തിന്റെ സ്വാഭാവികമായ പ്രവണതയാണിത്. പ്രതിഷേധം ഉള്ളില്‍ നിറയുമ്പോഴും വിധേയത്വത്തില്‍ അവസാനിക്കുക. ചിന്തകള്‍ സ്വതന്ത്രമാകമ്പോഴും അധികാരത്തെ നിശ്ശബ്ദമായി പിന്‍പറ്റുക. ഓരോ പ്രതികരണവും തികച്ചും യാന്ത്രികമാകുക. ഭയവും പ്രതികരണരാഹിത്യവും നിശബ്ദതയും വിധേയത്വവും മുഖമുദ്രയാക്കിയ എല്ലാ സമൂഹങ്ങളും സ്വേച്ഛാധിപത്യ ഭരണ സംവിധാനങ്ങള്‍ക്ക് കുട പിടിക്കുകയാണ്, അറിഞ്ഞും അറിയാതെയും.
പാരമ്പര്യത്തില്‍ അന്ധമായി അഭിമാനിക്കുകയും പഴയ വിശ്വാസങ്ങളില്‍ തീവ്രമായി അഭിരമിക്കുകയും പാലംകടവിനു പുറത്തു നിന്നെത്തി. പാലത്തിനെതിരായ സമരസമിതിയുടെ കണ്‍വീനറാകുന്ന ചെരുപ്പുകുത്തിയെ വരത്തനെന്ന് ആക്ഷേപിക്കുകയും വെറുക്കുകയും അയാളില്‍ ഒരു നക്‌സലൈറ്റിനേയും ഭീകരവാദിയേയും കാണുകയും വരത്തനായതുകൊണ്ടുമാത്രം പാലംകടവിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള ജനകീയ സമരത്തോട് മുഖം തിരിക്കുകയും എതിരഭിപോയങ്ങളോടും വിയോജിപ്പുകളോടും തികഞ്ഞ അസഹിഷ്ണുത പ്രകടിപ്പിക്കുകയും അവയെ ശാരീരികമായി അടിച്ചമര്‍ത്താന്‍ പോലും മടിയില്ലാതിരിക്കുകയും സ്വേച്ഛാചാരിയായി താന്‍ പ്രമാണിത്തം കാണിക്കുകയും ചെയ്യുന്ന വാസുദേവനാശാരിയുടെ കഥാപാത്രഘടന സങ്കീര്‍ണ്ണമാണ്. അത് ക്രമേണ അധികാരത്തിന്റെ പിതൃസ്വരൂപമായി വികസിക്കുകയും ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സ്വഭാസവിശേഷതകളുടെ പ്രകടമായ ഉദാഹരണമായി മാറിത്തീരുകയും ചെയ്യുന്നു. അങ്ങനെ കുടുംബത്തിനുള്ളില്‍ നിന്ന് രാജ്യത്തോളം വളരുന്ന സ്വേച്ഛാധിപത്യ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഹിംസാത്മകതയെ വാസുദേവനാശാരി പ്രതിനിധാനം ചെയ്യുന്നു.
ഇരുകരകളെയും യോജിപ്പിക്കുന്ന പാലം പല ജീവിതങ്ങളെയും അനിശ്ചിതത്വത്തിലേക്ക് തള്ളിയിടുന്നു. പാലത്തിനെതിരായി പാലംകടവുകാര്‍ നടത്തുന്ന ചെറുത്തുനില്‍പ് സ്വാഭാവികമായും പരാജയപ്പെടുന്നു. വികസനം ചിലരുടെ ജീവിതത്തെ നാട്ടില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നു. അവര്‍ക്ക് കുഴിക്കാട്ടു കോണത്തെ ചതുപ്പ് വാഗ്ദത്തഭൂമിയാകുന്നു. പല പാലങ്ങളായും അതിവേഗപാതകളായും റെയില്‍പാതകളായും മുതലാളിത്തത്തിനു വേണ്ടി വിരിച്ച പരവതാനികളില്‍ അടിപ്പെട്ടുപോകുന്ന ദേശങ്ങളേയും വികസനത്തിന്റെ പെരുവെള്ളപ്പാച്ചിലില്‍ തങ്ങളുടെ പൂര്‍വ്വികരേയും പാരമ്പര്യത്തിന്റേയും അവശേഷിപ്പുകളെ ഇട്ടെറിഞ്ഞ് പുതിയ ഇടങ്ങളില്‍ ചേക്കേറാന്‍ വിധിക്കപ്പെടുന്ന എന്നും തോല്‍ക്കുന്ന ജനതയേയും പാലംകടവുകാര്‍ പ്രതിനിധീകരിക്കുന്നു. സാമൂഹ്യ സാംസ്‌കാരിക പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖരുടെ കയ്യടി നേടിയ പ്രസംഗങ്ങളെല്ലാം പാഴായിപ്പോകുന്നു. എല്ലാ സമരങ്ങളേയും പോലെ പാലം കടവിലും ഒരു ന്യൂനപക്ഷം മാത്രംപ്രക്ഷോഭത്തില്‍ പങ്കാളിയാകുന്നു. മറ്റുള്ളവര്‍ വെറുംകാഴ്ചക്കാരായി മാറിനില്‍ക്കുന്നു. ഭരണകൂടം കൂടിയൊഴിക്കപ്പെടുന്നവരുടെ വേദന കാണാത്ത രൂപരഹിതമായ അദൃശ്യസാന്നിധ്യമായി നിലകൊളളുന്നു. ചോദ്യങ്ങള്‍ മറുപടികളില്ലാതെ അന്തരീക്ഷത്തില്‍ അലിഞ്ഞു തീരുകയും ബുര്‍ഡോസറുകളുടെ ശബ്ദഘോഷത്തില്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുകയും പലായനം അനിവാര്യമാകുകയും ചെയ്യുന്നു.
ചാത്തച്ചനില്‍ പെരുന്തച്ചനെക്കുറിച്ചുള്ള ഐതിഹ്യത്തിന്റെ പശ്ചാത്തലം നിറഞ്ഞുനില്‍ക്കുന്നു. വാസുദേവനാശാരി പലപ്പോഴും മകനോട് ‘പെരുന്തച്ചനാവാന്‍ ശ്രമിക്കരുത്’ എന്നു ഭയപ്പെടുത്തുന്നുണ്ട്. വീതുളിയേക്കുറിച്ചുള്ള പരാമര്‍ശം നോവലില്‍ പലപ്പോഴായി കടന്നു വരുന്നു. നോവലിന്റെ ഒടുവില്‍ ‘കഥാന്തരത്തില്‍’ തന്റെ കാലിന്റെ ഉപ്പൂറ്റിയില്‍ തട്ടി താഴേയ്ക്കു പതിക്കുന്ന വീതുളിയെ മകന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. പിതാവിനെ കൊല്ലണമെന്ന് പലപ്പോഴും ആഗ്രിഹിക്കുകയും ഭയം മൂലം അതിനു കെല്‍പ്പില്ലാതെ പോകുകയും ചെയ്ത മകന്റെ അബോധത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പിതൃഹത്യയുടെ സൂചന നല്‍കിക്കൊണ്ടാണ് നോവല്‍ അവസാനിയുന്നത്. സ്വേച്ഛാധികാരരൂപമായ പിതൃസ്വരൂപത്തിനെതിരെ ഏതൊരു മകന്റേയും അബോധത്തില്‍ ഉറങ്ങിക്കിടക്കുന്ന പിതൃഹന്താവിനെ ചാത്തച്ചന്‍ അനാവരണം ചെയ്യുന്നു. പഴയ പെരുന്തച്ചന്‍ കഥയുടെ വിപരീത ഭാവത്തില്‍ പെരുന്തന്റെ മകന്റെ കഥ പുതിയ മാനങ്ങള്‍ കൈവരിക്കുന്നു.
ചാത്തച്ചനില്‍ മനോഹരന്‍ വി പേരകത്തിന്റെ ഭാഷ സാന്ദ്രവും ധ്വന്യാത്മകവുമാണ്. അത് ഒരേ സമയം ഒട്ടേറെ സൂചനകളെ ഉള്‍വഹിക്കുന്നു. സാഹിത്യത്തിലെ സവര്‍ണ ആഖ്യാനത്തിന്റെ ഭൂമികയിലല്ല അത് നിലകൊള്ളുന്നത്. കീഴാളവും അരികുവല്‍ക്കരിക്കപ്പെട്ടതുമായ ഒരു ജനതയുടെ സ്വത്വാവിഷ്‌കാരമായി അതു വികസിക്കുന്നു. അവരുടെ വിശ്വാസങ്ങളിലൂടെയും തനിമയാര്‍ന്ന ജീവിതാനുഭവങ്ങളിലൂടെയും നോവല്‍ മുന്നോട്ടു പോകുന്നു. അപഹരിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ ദൈവങ്ങളേയും വിശ്വാസങ്ങളേയും പ്രതി അവര്‍ ആകുലരാകുന്നു. അവര്‍ പൊതുധാരയില്‍ നിന്നു വിട്ടുമാറി തങ്ങളുടേതായ വഴിത്താരയിലൂടെ ചരിക്കുന്നു. അതിന് സവിശേഷമായ ഭാഷയിലുള്ള ആഖ്യാനം ശക്തമായ പിന്തുണ നല്‍കുന്നു. പുതുലോകത്തിന്റെ പരിചയസീമയ്ക്കു പുറത്തുള്ള ഒരു അനുഭവലോകത്തെ ആവിഷ്‌കരിക്കാന്‍ അത്തരമൊരു ഭാഷയെ രൂപപ്പെടുത്തേണ്ടത് അനിവാര്യമാകുന്നു. അതിന്റെ ചാരുത വാക്കുകള്‍ക്കും അപ്പുറമത്രേ. കൈമോശം വന്ന എത്രയെത്ര വാക്കുകളെയാണ് ഈ ഭാഷ പുറത്തുകൊണ്ടുവരുന്നത്. അത് മറുജീവിതത്തിന്റെ അനന്തമായ സാധ്യതകളെ വെളിപ്പെടുത്തുന്നു. പ്രായോഗിക ജീവിതത്തില്‍ വിശദീകരണക്ഷമമല്ലാത പലതിനേയും അനായാസമായി ഉള്‍ക്കൊള്ളാന്‍ സമര്‍ത്ഥമായ ഭാഷയായി അതു വികസിക്കുന്നു.
അങ്ങനെ മലയാളത്തിലെ മികച്ച നോവലുകളിലൊന്നായി മനോഹരന്‍ വി പേരകത്തിന്റെ ചാത്തച്ചനെ അതിന്റെ വായനാനുഭവം അടയാളപ്പെടുത്തുന്നു. ഈ പുസ്തകം ഇനിയും കൂടുതല്‍ വ്യാപകമായി വായിക്കപ്പെടുമെന്നും അംഗീകരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നു.

- Advertisment -

Most Popular