കെവി സജീവന്
ചില മനുഷ്യർ നമ്മെ വല്ലാതെ വിസ്മയിപ്പിക്കും. എഴുത്തിൻ്റെ ലോകത്ത് ആകണ്ഠം മുങ്ങി നിവരുന്ന സുറാബ് ചെറുപ്പം മുതലേ എന്നെ പിടികൂടിയ ബാധയാണ്. ആ പേരിൻ്റെ കൗതുകത്തിലാണ് ആദ്യം വീണു പോയത്.നാട്ടുകാരനാണെന്നൊക്കെ കേട്ടറിഞ്ഞിരുന്നു.( കണ്ടത് പിന്നെയും കാൽ നൂറ്റാണ്ട് കഴിഞ്ഞാണ് ). ഗൾഫിൽ നിന്നും അദ്ദേഹം തൊടുത്തുവിടുന്ന കവിതകൾ, കഥകൾ, നോവലുകൾ എല്ലാം മഷി പുരണ്ട് മലയാളിയിലെത്തി. അൽഭുതത്തോടെയാണ് പല കവിതകളും വായിച്ചത്. കാഴ്ചകളിൽ തത്ത്വചിന്ത പുരട്ടി നമ്മുടെ കയ്യിലേക്ക് സുറാബ് തരും. അദ്ദേഹത്തിന് അത് ജൻമനാ കിട്ടിയതാണ്. അങ്ങനെയൊന്നും വിട്ടുമാറുന്ന രോഗമല്ല അത് എന്ന് ഇപ്പോഴും എപ്പോഴും വെളിപ്പെടുത്തുന്നു.
277 കവിതകളുമായി സുറാബ് ഇപ്പോൾ നമ്മെ വീണ്ടും അൽഭുതപ്പെടുത്തുകയാണ്.ജീവിതത്തിൻ്റെ സർവ്വ മണ്ഡലങ്ങളേയും സ്പർശിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന അനേകം കമ്പാർട്ടുമെൻ്റുകളുള്ള വണ്ടി പോലെയാണ് സുറാബിൻ്റെ കവിതാ ലോകം. നാടും വീടും കുടുംബവും സ്വപ്നങ്ങളും അയൽവാസികളും റോഡും കടകളും കളി മൈതാനവും ഹോട്ടലും സ്റ്റേജും ക്ലാസ് മുറിയും വഴിപോക്കരും എല്ലാം ഒരു കാലിഡോസ്കോപ്പിലെന്ന പോലെ ഈ പുസ്തകത്തിൽ കാണാം. ഉത്സവം’ കൃഷി, കണ്ണട, വീട്, രാത്രികൾ, മഴ, ആശുപത്രി; സന്ധ്യ, ലൈബ്രറി എന്നിങ്ങനെ യുള്ള അനുഭവ ലോകങ്ങളിലൂടെ ഒരാൾ ധിഷണാ സഞ്ചാരം നടത്തുകയാണ്. “എൻ്റെ കവിത പോലെത്തന്നെ എൻ്റെ വർത്തമാനവും. അതിന് വ്യാകരണമില്ല ” എന്നൊക്കെ മേനി നടിച്ചു കൊണ്ടാണ് കവിതാ വണ്ടി വായനക്കാരൻ്റെ പ്ലാറ്റ്ഫോമിലെത്തുന്നത്.
“കവി ഒറ്റക്ക് നിൽക്കുമ്പോൾ വണ്ടാണ്.
ഏത് പൂവിലും മധു നുകരുന്ന വണ്ട്. കൂട്ടത്തിലാകുമ്പോൾ പുഴയാണ്. എങ്ങോട്ടും ഒലിച്ചുപോകാവുന്ന പുഴ. വീട്ടിലെത്തിയാൽ വിറകാണ്.
എളുപ്പം തീപിടിക്കുന്ന വിറക്. വഴിയിലാകുമ്പോൾ പലതാണ്. ആൾക്കൂട്ടത്തിലെ പ്രതിമയാണ് “.( ചിലത് )
വിരുദ്ധോക്തികൾ കൊണ്ടും ഗുപ്താർത്ഥങ്ങൾ കൊണ്ടും ഭാവനയുടെ അനിയന്ത്രിതമാകാത്ത പ്രവർത്തനങ്ങളെ കോറിയിട്ടു കൊണ്ടും വാക്കിനെ കവിതയാക്കി വഴക്കിയെടുക്കുന്ന വിരുത് സുറാബ് അന്നുമിന്നും ഒരു പോലെ സൂക്ഷിക്കുന്നുണ്ട്.
കവി, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം കേൾകൊണ്ട ഈ ഉത്തരദേശക്കാരനെ പക്ഷെ സ്വന്തം നാട് വേണ്ടത്ര മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കണം. പ്രവാസത്തിൻ്റെ കാലങ്ങൾ അസ്തമിച്ചിട്ടും ആ ഭാവനാകാശത്തിൽ പരക്കുന്ന കവിതയുടെ ശോണ മുദ്രകൾ തീരുന്നില്ല. വായനക്കാർക്ക് വേണ്ടി വറ്റാത്ത മഷിപ്പേനയുമായി ഒരു കവിയിതാ നമുക്കിടയിലൂടെ പല യാളുകളായി വിസ്മയ സഞ്ചാരം നടത്തുന്നു.
മലയാള നിരൂപണത്തെ പുതിയ വഴിയിലൂടെ അവധാനപൂർവ്വം നയിക്കുന്ന ശ്രീജൻ മാഷുടെ അവതാരിക കൊണ്ട് സമ്പന്നമാണ് ഈ സമാഹാരം എന്ന കാര്യം അഭിമാനത്തോടെ പങ്കുവെക്കുന്നു.
ഇരുപത് ദേശങ്ങളിൽ പ്രകാശിപ്പിച്ചു കൊണ്ട് മുന്നേറുന്ന “എൻ്റെ കവിതകൾ” എന്ന സമാഹാരത്തിന് മുന്നിൽ ഒരു വായനക്കാരൻ അൽഭുതത്തോടെ ഇരിക്കട്ടെ.