Saturday, September 14, 2024
HomeSports houseതിരിച്ചടിയില്‍ നിന്നുയിര്‍ത്ത് വീരേതിഹാസം; മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

തിരിച്ചടിയില്‍ നിന്നുയിര്‍ത്ത് വീരേതിഹാസം; മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

മെല്‍ബണ്‍: അഡ്ലെയ്ഡിലെ അപമാനത്തിന്റെ പടുകുഴിയില്‍നിന്ന് അതിഗംഭീര തിരിച്ചുവരവ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയുടെ വമ്പിനെ മുട്ടുകുത്തിച്ച് അജിന്‍ക്യ രഹാനെയും കൂട്ടരും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വീരേതിഹാസം രചിച്ചു. പോരാട്ടത്തിന്റെ എല്ലാ സൗന്ദര്യവും കണ്ട കളിയില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ ടെസ്റ്റ് പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും കഴിഞ്ഞു.

സ്‌കോര്‍: ഓസ്ട്രേലിയ 195, 200; ഇന്ത്യ 326, 2-70.
ക്രിക്കറ്റിലെ സമാനതകളില്ലാത്ത തിരിച്ചുവരവായിരുന്നു ഇന്ത്യയുടേത്. അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ 36 റണ്ണിന് കൂടാരം കയറി നാണംകെട്ടു. പിന്നാലെ ക്യാപ്റ്റനും ബാറ്റിങ് നിരയുടെ വിശ്വസ്തനുമായ വിരാട് കോഹ്ലിയുടെ തിരിച്ചുപോക്ക്. പേസര്‍ മുഹമ്മദ് ഷമിയുടെ പരിക്ക്. രഹാനെയുടെ ക്യാപ്റ്റന്‍സിയെ ക്രിക്കറ്റ് പണ്ഡിതര്‍ വിലകുറച്ചാണ് കണ്ടത്. മറ്റൊരു ജയം സ്വപ്നം കണ്ടിറങ്ങിയ ഓസീസിനെ രഹാനെയും കൂട്ടരും ഓരോ ഘട്ടത്തിലും പരീക്ഷിക്കുന്ന കാഴ്ചയായിരുന്നു എല്ലാ വിമര്‍ശങ്ങള്‍ക്കുമുള്ള മറുപടി. സെഞ്ചുറിയുമായി നായകന്‍ മുന്നില്‍നിന്നു. ബൗളര്‍മാര്‍ വീര്യത്തോടെ പന്തെറിഞ്ഞു. ഇടയ്ക്ക് പേസര്‍ ഉമേഷ് യാദവ് പരിക്കേറ്റ് മടങ്ങിയിട്ടും പതറിയില്ല. 36 റണ്ണിന് തകര്‍ന്നടിഞ്ഞ ടീമിനെയല്ല ഓസീസ് മെല്‍ബണില്‍ കണ്ടത്. എല്ലാ മേഖലയിലും അവര്‍ ഇന്ത്യക്ക് പിന്നിലായി. അരങ്ങേറ്റക്കാരായ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും പതര്‍ച്ചയില്ലാതെയാണ് ഓസീസിനെ നേരിട്ടത്.

മെല്‍ബണില്‍ നാലാംദിനം 6-133 റണ്ണുമായാണ് ഓസീസ് രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും പരമാവധി ചെറുത്തുനിന്നു. ഇന്ത്യ ക്ഷമയോടെ കാത്തിരുന്നു. പിച്ചിന് ആദ്യ ദിനങ്ങളിലെ ബൗളിങ് മനസ്സായിരുന്നില്ല. അത് ബാറ്റിങ്ങിന് അനുകൂലമായി മാറിയിരുന്നു.

രഹാനെ പുതിയ പന്തുവരെ കാത്തു. പുതിയ പന്ത് നേരെ വിശ്വസ്തനായ ജസ്പ്രീത് ബുമ്രയെ ഏല്‍പ്പിച്ചു. ആദ്യ നാല് പന്തുകള്‍ക്കുശേഷം ബുമ്ര തന്ത്രം മാറ്റി. കുത്തി ഉയര്‍ന്ന പന്തില്‍ പതറിപ്പോയ കമ്മിന്‍സ് (22) മായങ്ക് അഗര്‍വാളിന്റെ കൈകളിലൊതുങ്ങി. പ്രത്യാക്രമണത്തിന് ശ്രമിച്ച ഗ്രീനിനെ (45) സിറാജ് മടക്കി. നതാന്‍ ല്യോണിനെയും (3) വീഴ്ത്തിയ സിറാജ് അരങ്ങേറ്റം ഗംഭീരമാക്കി. ജോഷ് ഹാസെല്‍വുഡിന്റെ (10) കുറ്റി പിഴുത് ആ അശ്വിന്‍ ഓസീസിനെ 200ല്‍ തീര്‍ത്തു. 70 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മായങ്ക് (5), ചേതേശ്വര്‍ പൂജാര (3) എന്നിവരെ പെട്ടെന്ന് നഷ്ടമായപ്പോള്‍ ക്യാമ്പ് നേരിയ ആശങ്കയിലായി. എന്നാല്‍, അരങ്ങേറ്റത്തിന്റെ അങ്കലാപ്പില്ലാതെ ബാറ്റ് വീശിയ ഗില്ലും (35) നായകന്‍ രഹാനെയും (27) ഓസീസിന് നേരിയ പ്രതീക്ഷപോലും നല്‍കിയില്ല.

മെല്‍ബണ്‍ വിജയവേദി
ബോക്സിങ് ഡേ ടെസ്റ്റുകളില്‍ എതിരാളികളെ വിറപ്പിച്ച പാരമ്പര്യമാണ് ഓസ്ട്രേലിയക്കുള്ളത്. എന്നാല്‍, ഇന്ത്യക്കെതിരെ ഇവിടെ നാല് തോല്‍വിയാണ് ഓസീസ് വഴങ്ങിയത്.

വിദേശത്ത് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ജയം നല്‍കിയ വേദിയാണ് മെല്‍ബണ്‍. 14 ടെസ്റ്റില്‍ നാല് ജയം. 1977-78ലായിരുന്നു മെല്‍ബണില്‍ ഇന്ത്യയുടെ ആദ്യജയം. ഓസീസിനെ 222 റണ്ണിന് തകര്‍ത്തു.1981ല്‍ 59 റണ്ണിനായിരുന്നു ജയം. 2018ല്‍ 137 റണ്ണിന് ജയിച്ചു. ചേതേശ്വര്‍ പൂജാരയും ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് ഓസീസിനെ തകര്‍ത്തത്.

മൂന്നാം ടെസ്റ്റ് സിഡ്നിയില്‍ത്തന്നെ
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മുന്‍ നിശ്ചയിച്ചപ്രകാരം സിഡ്നിയില്‍ത്തന്നെ നടക്കും. സിഡ്നിയില്‍ പുതുതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മെല്‍ബണിലേക്ക് മത്സരം മാറ്റാനുള്ള നീക്കവും നടന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സിഡ്നിയില്‍ കളി നടക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ജനുവരി ഏഴിനാണ് ടെസ്റ്റ്.അവസാന ടെസ്റ്റ് ജനുവരി 15ന് ഗാബയില്‍ തുടങ്ങും.

- Advertisment -

Most Popular