തദ്ദേശതെരഞ്ഞെടുപ്പുഫലവും ജനപ്രീതിയിലുണ്ടായ ഇടിവും കണക്കിലെടുത്ത് മാതൃഭൂമി ചാനലില്‍ അഴിച്ചുപണി. സിപിഎം വിരുദ്ധ മുഖം മാറ്റി ജനകീയ മുഖം വീണ്ടെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ചാനലിന്റെ നേതൃത്വത്തിലാകെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മാനേജിംഗ് എഡിറ്റര്‍ എംവി ശ്രേയാംസ്‌കുമാര്‍ നയം വ്യക്തമാക്കി. സംഘി ചാനല്‍, സിപിഎം വിരുദ്ധ ചാനല്‍, ജനകീയ പ്രശ്‌നങ്ങളോട് മുഖംതിരിക്കന്ന സമീപനം തുടങ്ങി ഇടതുകേന്ദ്രങ്ങള്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് മാറ്റം. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ തുടര്‍ച്ചയായ സിപിഎം വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ചാനല്‍ ബഹിഷ്‌കരിക്കുകയും ചാനലിന്റെ ബാര്‍ക്ക് റേറ്റിംഗിനെ തന്നെ ബാധിക്കുന്ന വിധത്തില്‍ അവരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്ത് സിപിഎം കടുത്ത നിലപാടെടുത്തിരുന്നു. ചാനലിലേക്ക് ചര്‍ച്ചയ്ക്ക് ആളുകളെ വിടാതെ ഇടതുപക്ഷ പ്രേക്ഷകരെ ചാനലില്‍ നിന്നകറ്റിനിര്‍ത്തുകയെന്ന പരിപാടി അവര്‍ വിജയകരമായി നടപ്പാക്കി. ഒടുവില്‍ ചാനല്‍ അധികൃതര്‍ അന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ നേരിട്ട് സന്ദര്‍ശിച്ച് ബഹിഷ്‌കരണത്തില്‍ നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. പിന്നീടാണ് സിപിഎം ഏഷ്യാനെറ്റ് ന്യൂസുമായി സഹകരണം പുനരാരംഭിച്ചത്.
അപ്പോഴും മാതൃഭൂമി ചാനല്‍ കടുത്ത സിപിഎം വിരുദ്ധ നിലപാടിലായിരുന്നു. എല്‍ഡിഎഫിന്റെ ഘടകക്ഷിയായ പാര്‍ട്ടിയുടെ പ്രധാനനേതാവുകൂടിയായ എംപി എംവി ശ്രേയാംസ്‌കുമാറിന്റെ പത്രവും ചാനലും ഒരുപോലെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നത് കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. സിപിഎം അണികളും ഇടതുപക്ഷപ്രേക്ഷകരും ചാനലില്‍ നിന്ന് അകന്നുപോകുന്നു എന്ന സൂചനയും അധികൃതരെ ഇരുത്തിച്ചിന്തിപ്പിച്ചു. ബാര്‍ക്ക് റേറ്റിംഗില്‍ ഒരുഘട്ടത്തില് ജനംടിവിക്ക് പിന്നിലായിപ്പോയതും അവരെ ഭയപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് എം വി ശ്രൈയാംസ്‌കുമാര്‍ നേരിട്ടിടപെട്ട് ചാനലില്‍ അഴിച്ചുപണി നടത്തിയത്. തദ്ദേശതെരഞ്ഞെടുപ്പിലെ ഫലം മാധ്യമങ്ങള്‍ക്ക് കൂടി തിരിച്ചടിയായതോടെ ഇത്തരമൊരാലോചന ഗൗരവപൂര്‍വ്വം നടത്തുകയായിരുന്നു എന്നാണ് വിവരം.
അതിനെ തുടര്‍ന്ന് ചാനലിന്റെ തലപ്പത്ത് വന്‍അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. സൂപ്പര്‍ പ്രൈംടൈം എന്ന എട്ടുമണിചര്‍ച്ച കൈകാര്യം ചെയ്തിരുന്ന വേണുബാലകൃഷ്ണനെ കോര്‍ഡിനേറ്റിംഗ് എഡിറ്ററാക്കുകയും പ്രൈംടൈം അവതാരകന്റെ സ്ഥാനത്ത് നിന്ന് മാറ്റി. പ്രൈംടൈം ചര്‍ച്ച ഒന്നാംതീയതി മുതല്‍ ബാക്കിമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മാറിമാറി നടത്തും. ഓരോ ദിവസം ഓരോരുത്തര്‍ എന്ന രീതിയിലാണ് പ്ലാനിംഗ്. അതോടൊപ്പം നേരത്തെ കോര്‍ഡിനേറ്റിംഗ് ഏഡിറ്ററുടെ ചുമതല നിര്‍വ്വഹിച്ചിരുന്ന ഹരിലാലിനെ പ്രോംഗ്രാംവിഭാഗത്തിലേക്ക് മാറ്റി. തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന സീജി കടക്കലിനെ ഒട്ട് പുട്ട് എഡിറ്ററായും നിയമിച്ചു. അതേ സമയം സിപിഎം വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്ന ആര്‍ ശ്രീജിത്തിനെ ആലപ്പുഴയിലേക്ക് മാറ്റുകയും ചെയ്തു. വാര്‍ത്താസമീപനത്തില്‍ കടുത്ത ഇടതുപക്ഷ വിരുദ്ധത ഇനി മുതല്‍ വേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം എന്നാണ് സൂചന.
അതേ സമയം മനോജ് കെ ദാസ് എഡിറ്റര്‍ ചുമതലയിലുള്ള പത്രത്തിന്റെ നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ ദൃശ്യമാണ്. സര്‍ക്കാരിന് അനുകൂലമായി രണ്ട് മുഖപ്രസംഗങ്ങള്‍ ഇപ്പോള്‍ തന്നെ എഴുതിക്കഴിഞ്ഞു. പിഎസ് സി നിയമനം സംബന്ധിച്ച രണ്ട് മുഖ്യവാര്‍ത്തകളും സര്‍ക്കാരിനെ ശ്ലാഘിച്ചുകൊണ്ട് നല്‍കുകയുണ്ടായി. ഇടതുപക്ഷത്തിന്റെ എംപിയായിരിക്കുകയും പാര്‍ട്ടി വിരുദ്ധ വാര്‍ത്തകളുടെ കേന്ദ്രമായി സ്വന്തം പത്രവും ചാനലും മാറ്റുകയും ചെയ്യുന്നു എന്ന ദുഷ്‌പേര് മാറ്റാനുള്ള ശ്രമമാണ് എംവി ശ്രേയാംസ്‌കുമാര്‍ പുതിയതായി നടപ്പാക്കുന്നത്. അത് എന്തുമാത്രം ഫലം കാണുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.