Tuesday, July 16, 2024
HomeBusiness houseകൊളസ്ട്രോള്‍ : വറുത്തുതും പൊരിച്ചതുമായ ആഹാരം ഉപേക്ഷിക്കുക

കൊളസ്ട്രോള്‍ : വറുത്തുതും പൊരിച്ചതുമായ ആഹാരം ഉപേക്ഷിക്കുക

തെറ്റായ ജീവിതശൈലിയിലൂടെ ക്ഷണിച്ചുവരുത്തുന്ന രോഗമാണ് കൊളസ്ട്രോള്‍. പഴയകാലത്തുള്ളവര്‍ കഴിച്ചിരുന്ന ഭക്ഷണത്തിന്റെ അളവിലും കുറവാണ് പുതുതലമുറയുടെ ഭക്ഷണക്രമമെന്നു പറഞ്ഞിട്ടു കാര്യമില്ല. അവരുടെ ജീവിതശൈലി ശരീരം അനങ്ങിയുള്ളതായതിനാല്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ അലസത നിറഞ്ഞ ജീവിതരീതിയാണ് ഇന്നത്തെ തലമുറയുടേത്. അപ്പോള്‍ അവര്‍ക്ക് അതനുസരിച്ചുള്ള ഭക്ഷണം മതി. ഹിതമായ ആഹാരം മിതമായി കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞു കൂടുന്നത് കുറയ്ക്കാം.

നാം കഴിക്കുന്ന ആഹാരം ചെയ്യുന്ന പ്രവൃത്തികള്‍ക്കനുസരിച്ചായിരിക്കണം. കഠിനാധ്വാനം ചെയ്യുന്ന ഒരാള്‍ അയാളുടെ ദഹിക്കാനുള്ള കഴിവനുസരിച്ച് വേണം ആഹാരം കഴിക്കാന്‍. അദ്ധ്വാനം കുറവുള്ള ജോലി ചെയ്യുന്നവര്‍ അതനുസരിച്ച് ആഹാരം കുറയ്ക്കണം. വയറില്‍ പകുതി ഭാഗം നിറയുന്ന രീതിയില്‍ മാത്രം ഭക്ഷണം കഴിക്കാവൂ. വേദകാലം മുതല്‍ പറയുന്നത് പ്രധാന ഭക്ഷണം ഒരു ദിവസം രണ്ടു തവണ മതിയെന്നാണ്.

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പ്രധാനമായെടുക്കണം. വൈകുന്നേരം കുറഞ്ഞ അളവിലുള്ള ആഹാരമാണ് നല്ലത്. മാംസ ഭക്ഷണം നിയന്ത്രിക്കുക. ഇടവേളകളില്‍ ലഘു ഭക്ഷണം കഴിക്കാം. രോഗം വരാതിരിക്കാനും രോഗം വന്നാല്‍ നിയന്ത്രിക്കാനും ഇത് സഹായിക്കും.

പച്ചക്കറിയടങ്ങിയ പ്രധാന ഭക്ഷണം ചേര്‍ത്ത് അരവയറും വെള്ളം കൊണ്ട് ബാക്കി കാല്‍ഭാഗവും കാല്‍ ഭാഗം ഒഴിച്ചിടുകയും വേണം. ദഹന പ്രക്രിയ സുഗമമാകുന്നതിനു വേണ്ടിയാണിത്. അതുപോലെ രാത്രിയില്‍ മാംസഭക്ഷണം പോലെയുള്ള കട്ടിയുള്ള ആഹാരം പൂര്‍ണമായും ഒഴിവാക്കണം. പലരും ആഘോഷങ്ങളൊരുക്കുന്നത് രാത്രിയിലാണ്. അതിനുശേഷം ശരീരം അധികം പ്രവര്‍ത്തിക്കാത്തതിനാല്‍ ശരീരത്തിലെത്തുന്ന ഊര്‍ജ്ജം അവിടെത്തന്നെ സംഭരിക്കപ്പെടുന്നു.

നാരുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവ കഴിക്കുന്നതിലൂടെയും കൊളസ്ട്രോളിന്റെ ആഗീരണം കുറയ്ക്കാം.

 1. വറുത്തുതും പൊരിച്ചതുമായ ആഹാരം ഉപേക്ഷിക്കുക.
 2. പാലും പാല് ഉല്പന്നങ്ങളും മിതമായി കഴിക്കുക. പാട നീക്കി ഉപയോഗിക്കുമ്പോള്‍ പാലിലെ കൊളസ്ട്രോള്‍ കുറയും.
 3. തൈര് രാത്രി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. അത് കട്ടികൂടിയ ആഹാരമായതിനാല്‍ ദഹിക്കാന്‍ പ്രയാസമാണ്.

ചികിത്സ

മേദസ് ധാതുവിന്റെ അഗ്‌നി പ്രവര്‍ത്തിപ്പിച്ച് അമിതമായി അടിഞ്ഞ കൊളസ്ട്രേള്‍ കുറയ്ക്കുകയാണ്് ചെയ്യുന്നത്. ശരിയായ ഭക്ഷണരീതിയും വ്യായാമവുമാണ് അതിന് ആവശ്യം. ആഹാരവും വ്യായാമവും കഴിഞ്ഞേ ഔഷധങ്ങള്‍ക്കുപോലും സ്ഥാനമുള്ളൂ.
രോഗാവസ്ഥ അനുസരിച്ചാണ് മരുന്ന് നിശ്ചയിക്കുന്നത്. അതിനാല്‍ വൈദ്യ നിര്‍ദേശപ്രകാരം മാത്രമേ മേദസ് കുറയ്ക്കാനുള്ള ഔഷധങ്ങള്‍ കഴിക്കാവൂ.

ഗുല്‍ഗുലു ചേര്‍ന്ന മരുന്നുകള്‍, തൃഫല, ചന്ദ്രപ്രഭ ഗുളിക, പഞ്ചചൂര്‍ണം എന്നീ ഔഷധങ്ങളാണ് സാധാരണയായി നല്‍കുന്നത്. മേദസിനെ ഉരുക്കിക്കളയുന്നതും സ്വേദപ്രവൃത്തിയുണ്ടാക്കുന്നതുമായ ഉഷ്ണപ്രയോഗങ്ങളും ഉഴിച്ചിലുമാണ് പഞ്ചകര്‍മ്മ ചികിത്സയില്‍. പൊടികളുപയോഗിച്ചുള്ള ഉദ്വര്‍ത്തനം (തിരുമ്മല്‍), രൂക്ഷമായി വിയര്‍പ്പിക്കല്‍, വിരേചനം, വസ്ഥി എന്നിവ രോഗത്തിന്റെ തീവ്രതയും രോഗിയുടെ ബലവും അനുസരിച്ച് ചെയ്യുന്നു. ഇത് ആര്‍ക്ക് എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വിദഗ്ധനാണ്. എങ്കിലും മേദസ് കുറയ്ക്കാന്‍ വീട്ടില്‍ ശ്രദ്ധിക്കാവുന്ന കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം എന്നിങ്ങനെയുള്ള രോഗങ്ങളുടെ ഭാഗമായാണ് മിക്കവരിലും കൊളസ്ട്രോള്‍ കണ്ടുവരുന്നത്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവിനാല്‍ (ഹൈപ്പോതൈറോയിഡിസം) കൊളസ്ട്രോള്‍ ഉണ്ടാകാനുള്ള സാധ്യത കൂടതലാണ്. അതിനാല്‍ ഇത്തരം ജീവിതശൈലി രോഗങ്ങളുള്ളവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ അനുവര്‍ത്തിക്കുമ്പോള്‍ ശ്രദ്ധിക്കണം.

 1. മധുരം, പുളി, ഉപ്പ് എന്നിവ അമിതമാകാതെ ശ്രദ്ധിക്കുക.
 2. പഴകിയ ധാന്യങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ്സും മേദസ് ഉണ്ടാക്കുന്ന ധാതുക്കളും കുറവാണ്.
 3. മുതിരവെന്ത വെള്ളം കുടിക്കുന്നത് മേദസിനെ ഒഴുക്കികളയുന്നു.
 4. വെളുത്തുള്ളിയും ചുക്കും കറിവേപ്പിലയും കഷായംവച്ചു കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധത്തിനും നല്ലതാണ്.
 5. തഴുതാമയുടെ വേര് വെന്ത വെള്ളം ദിവസം രണ്ട് ഗ്ലാസ് കുടിക്കുന്നത് കൊഴുപ്പിന്റെ ആഗീരണം കുറയ്ക്കും.
 6. കൊടംപുളി മേദസിനെ കുറച്ച് ചവനപ്രക്രിയ സുഗമമാക്കുന്നു.
 7. കറിവേപ്പില അരച്ചുരുട്ടി മോരില്‍ ചേര്‍ത്തു കഴിക്കുന്നത് അഗ്‌നിമാന്ദ്യം കുറച്ച് മേദസിനെ ഉരുക്കിക്കളയുന്നു.
 8. വെളുത്തുള്ളി നേര്‍പ്പിച്ച പാലില്‍ ചേര്‍ത്തു കഴിക്കുന്നതും ഫലപ്രദമാണ്.

അതിമേദജന്യ വികാരങ്ങില്‍ മറ്റ് രോഗങ്ങളോടനുബന്ധിച്ച്് കൊളസ്ട്രോളുള്ളവര്‍ അതിനെ ചികിത്സിച്ചശേഷം വേണം കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കാന്‍. ആഹാരം, വ്യായാമം ഇവയുടെ ഫലമായി ഉണ്ടാകുന്ന കൊളസ്ട്രോള്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്. പിന്നീട് ചിട്ടയായ ജീവിതരീതി പിന്‍തുടരണമെന്നു മാത്രം.

ഓര്‍ക്കേണ്ടത്

 1. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ നിയന്ത്രിക്കണം.
 2. മദ്യവും പുകവലിയും മറ്റ് ലഹരിവസ്തുക്കളും കൊളസ്ട്രോളിനു കാരണമാകും.
 3. ബേക്കറി പലഹാരങ്ങള്‍ അമിതോപയോഗം മേദസിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്.
 4. നാരുള്ള ഭക്ഷണങ്ങുടെ അഭാവം കൊളസ്ട്രേള്‍ വര്‍ധിപ്പിക്കും.
 5. ഓരോരുത്തരുടെയും ദേഹസ്ഥിതിക്കും ദഹനശക്തിക്കും അനുസരിച്ച് വേണം ഭക്ഷണം കഴിക്കാന്‍.
 6. മാനസികസമ്മര്‍ദങ്ങള്‍ അകറ്റി നിര്‍ത്തുക.
 7. മിതമായ ആഹാരം ഹിതമായ സമയത്ത് കഴിക്കാന്‍ ശ്രദ്ധിക്കണം.
  കടപ്പാട്:
  ഡോ. ജയ
  തിരുവനന്തപുരം
  (കടപ്പാട് മംഗളം)
- Advertisment -

Most Popular