ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കാന്‍ അനുമതി ലഭിതച്ചെന്ന് കര്‍ഷക സംഘടനകള്‍. ഡല്‍ഹി നഗരത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നതു സംബന്ധിച്ച് പോലീസുമായി ധാരണയിലെത്തിയെന്നും റാലി സമാധാനപരമായാണ് സംഘടിപ്പിക്കുകയെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ഇതോടെ റാലിയില്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്താനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
റാലിയുടെ സഞ്ചാരപാത നാളെ തീരുമാനിക്കും. ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനേയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ നേരത്തെ തീരുമാനിച്ച് പാത മാറ്റുന്നതു സംബന്ധിച്ച് ഉന്നത പേലീസ് ഉദ്ധ്യോഗസ്ഥര്‍ കര്‍ഷകരുമായി ചര്‍ച്ചനടത്തിയിരുന്നു. റാലിക്കായി മൂന്ന് സമാന്തര പാതകളും പോലീസ് നിര്‍ദ്ധേശിച്ചിരുന്നു. റാലി അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡല്‍ഹി പോലീസ് പിന്നീട് നിലപാട് തിരുത്തുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകര്‍ നടത്തിയ 11-ാം ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അടുത്ത ചര്‍ച്ച എന്നുവേണമെന്ന കാര്യത്തില്‍ തീരുമാനമൊന്നുമായില്ല.
പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മരവിപ്പിക്കാമെന്ന വാഗ്ദാനം കര്‍ഷകര്‍ തള്ളിയതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കേന്ദ്രം, കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്കില്ലെന്നു വ്യക്തമാക്കി. നിയമങ്ങളും പിന്‍വലിക്കാതെയുള്ള ഒരു ഒത്തുതീര്‍പ്പുമില്ലെന്നു കര്‍ഷകര്‍ ആവര്‍ത്തിച്ചു. ഇതോടെ സമരം കൂടുതല്‍ ശക്തമാകുകയാണ്.