Saturday, July 27, 2024
Homeപുതുമുഖങ്ങള്‍ ദില്ലിയില്‍ നിന്നും വരും; യുവത്വത്തെ ആകര്‍ഷിക്കാന്‍ ഡോ. ഷമ മുഹമ്മദിനെ ഇറക്കുന്നു; ശശി തരൂരിന്റെ...
Array

പുതുമുഖങ്ങള്‍ ദില്ലിയില്‍ നിന്നും വരും; യുവത്വത്തെ ആകര്‍ഷിക്കാന്‍ ഡോ. ഷമ മുഹമ്മദിനെ ഇറക്കുന്നു; ശശി തരൂരിന്റെ നിര്‍ദ്ദേശം കെപിസിസി അംഗീകരിച്ചേക്കും; പരിഗണിക്കുന്നത് തളിപ്പറമ്പും അഴീക്കോടും

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ മറികടക്കാന്‍ പ്രതിരോധം കൊണ്ട് പറ്റില്ലെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആക്രമിച്ച് കളിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഹൈക്കമാന്റിന്റെ ശക്തമായ മേല്‍നോട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ശശി തരൂരിന്റെ സാന്നിധ്യമാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ശശി തരൂരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരപര്യടനത്തിലൂടെ യുവാക്കളുടെ ആശങ്കകള്‍ അകലുകയും കോണ്‍ഗ്രസ്സിന് പുതിയ ആവേശം ലഭിക്കുകയും ചെയ്യും എന്നാണ് പാര്‍ട്ടികരുതുന്നത്. മാത്രമല്ല ഇതുവരെ അവഗണിച്ചിരുന്ന തരൂരിനെ ഇനി പരിഗണിക്കാതിരിക്കാനാകാത്ത അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ശക്തമായ നിലപാട് ശശി തരൂര്‍ മുന്നോട്ട് വച്ചെന്നാണ് സൂചന.

ഹൈക്കമാന്റിന്റെ അനുമതിയോടെ തരൂരിന്റെ കാഴ്ചപ്പാടിലുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍ കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദിന്റെ വരവായിരിക്കും. കണ്ണൂര്‍ താണ സ്വദേശിയായ ഷമ ജില്ലയിലെ തന്നെ ഏതെങ്കിലും മണ്ഡലത്തിലാകും മല്‍സരിക്കുക. തളിപ്പറമ്പിലൊ അഴീക്കോടെ മല്‍സരിക്കാനാണ് സാധ്യത.രണ്ടും ഘടകക്ഷികളുടെ സീറ്റാണെങ്കിലും ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യത തെളിഞ്ഞുകഴിഞ്ഞു.

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് മാറിയതോടെ പിജെ ജോസഫ് വിഭാഗത്തിന് സ്വാധീനമില്ലാത്ത മണ്ഡലം കൂടിയാണെന്നത് പരിഗണിച്ച് തളിപ്പറമ്പ് ഏറ്റെടുത്തേക്കും. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ് നിലവില്‍ തളിപ്പറമ്പ്. സിപിഎമ്മിന്റെ രണ്ടുടേം എന്ന നിബന്ധനപ്രകാരം ജെയിസ് മാത്യുവിന്റെ കാലാവധി ഇത്തവണ അവസാനിക്കും. എന്നാല്‍ അദ്ദേഹത്തെ പോലെ ശക്തമായ ഒരു ശബ്ദം നിയമസഭയില്‍ വേണമെന്ന് സിപിഎം തീരുമാനിച്ചാല്‍ ജയിംസ്മാത്യുവിന് ഇളവ് നല്‍കാനുള്ള സാധ്യതയുമുണ്ട്.

അതേ സമയം അഴീക്കോട് വച്ചുമാറാന്‍ മുസ്ലിംലീഗ് താല്‍പര്യം അറിയിച്ചുകഴിഞ്ഞു. കെഎം ഷാജിയുടെ കാര്യത്തില്‍ ഇത്തവണ റിസ്‌കെടുക്കാന്‍ താല്‍പര്യമില്ലാത്തതും ഷാജിക്ക് വേണ്ടി മറ്റൊരു മണ്ഡലം ആലോചിച്ചുതുടങ്ങിയതും വാര്‍ത്തയായിരുന്നു. അതുകൊണ്ട് ലീഗിന് പകരം മണ്ഡലം നല്‍കി അഴീക്കോട് കോണ്‍ഗ്രസ് ഏറ്റെടുക്കും. ഈ സാഹചര്യത്തില്‍ ഒരു മുസ്ലിംമുഖം കൂടിയുണ്ടെങ്കിലേ അഴീക്കോടെ വിജയം എളുപ്പമാകൂ. മാത്രമല്ല അഴീക്കോട് ഒരു പരമ്പരാഗത ഇടതുമണ്ഡലമായതുകൊണ്ട് വിജയിക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ മികവിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഷമമുഹമ്മദിന്റെ കാര്യത്തില്‍ ആലോചനകള്‍ അവസാന ഘട്ടത്തിലാണെന്നാണ് സൂചന.

അതേ സമയം ശശി തരൂരിന്റെ മുഴുവന്‍ സമയ സേവനം കെപിസിസി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം അശോക് ഗെഹ്ലോട്ട് നേരിട്ട് തന്നെ നേതാക്കളെ അറിയിച്ചുകഴിഞ്ഞു. പ്രകടനപത്രികയിലേക്കുള്ള അഭിപ്രായശേഖരണ പരിപാടിയിലേക്ക് ഷെമമുഹമ്മദിന്റെ സേവനം കൂടി തരൂര്‍ പ്രയോജനപ്പെടുത്താനും സാധ്യതയുണ്ട്. എഐസിസി വക്താവ് എന്ന നിലയില്‍ ചാനലുകളില്‍ കോണ്‍ഗ്രസ്സിന്റെ ദേശീയമുഖമാണ് ഇപ്പോള്‍ ഷമ. ഇംഗ്ലീഷ് ചാനലുകളില്‍ ചര്‍ച്ചകള്‍ക്ക് സ്ഥിരമായി എത്തുന്നത് അവരാണ്. അടുത്ത കാലത്തായി മലയാളം ചാനല്‍ ചര്‍ച്ചകള്‍ക്കും ഷെമയെ കോണ്‍ഗ്രസ് അയക്കാറുണ്ട്. മാത്രമല്ല എഐസിസി വക്താവ് എന്ന നിലയില്‍ നാട്ടില്‍ വരുമ്പോള്‍ കണ്ണൂരിലും സജീവമാകാന്‍ അവര്‍ ശ്രമിക്കാറുണ്ട്. മെമ്പര്‍ഷിപ്പ് ക്യാംപൈനുള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. സതീശന്‍ പാച്ചേനി ഡിസിസി പ്രസിഡന്റായതിന് ശേഷം കൂടുതല്‍ സമയം ജില്ലിയില്‍ ചെലവഴിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് ഷമ മുഹമ്മദിന്റെ വരവില്‍ ഡിസിസി നേതൃത്വത്തിന് എതിര്‍പ്പുണ്ടാകാനിടയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷക സമരങ്ങളില്‍ സജീവമായി ഇടപെട്ട് വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു. അഴീക്കോടായാലും തളിപ്പറമ്പിലായാലും ഷെമമുഹമ്മദിന്റെ വരവോടെ ഇടതുപക്ഷത്തിന് കനത്ത മല്‍സരം കാഴ്ചവയ്ക്കുകയെന്നതാണ് കെപിസിസിയുടെ ലക്ഷ്യം.

- Advertisment -

Most Popular