Friday, November 22, 2024
HomeBook houseസതീശന്റെ അവസാനത്തെ കൈയൊപ്പ്; തൊരക്കാരത്തിയുണര്‍ത്തുന്ന ചിന്തകള്‍

സതീശന്റെ അവസാനത്തെ കൈയൊപ്പ്; തൊരക്കാരത്തിയുണര്‍ത്തുന്ന ചിന്തകള്‍

കെവി പ്രശാന്ത് കുമാര്‍

(സിടിവി സതീശന്‍ എഴുതി ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിച്ച തൊരക്കാരത്തി എന്ന നോവലിനെ കുറിച്ച് എഴുത്തുകാരന്‍ കെവി പ്രശാന്ത് കുമാര്‍ കുറിച്ചത്)

ടി സി വി സതീശന്‍ ഇല്ലാതെ തൊരക്കാരത്തി പുറപ്പെടുകയാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങള്‍ തൊരക്കാരത്തി ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച നാളുകളാണെന്ന് സതീശേട്ടന്‍ പലവുരു പറഞ്ഞിട്ടുണ്ട്.
ആ നോവലിന്റെ പുസ്തക രൂപത്തിലുള്ള പ്രസിദ്ധീകരണത്തിനായുള്ള അവസാനത്തെ കയ്യൊപ്പും ചാര്‍ത്തിയാണ് എഴുത്തുകാരന്‍ അകാലത്തില്‍ നമ്മളോട് വിട പറഞ്ഞത്.
കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ചുരുങ്ങിയ കാലം കൊണ്ട് ടി സി വി അനുവാചകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു.
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പയ്യന്നൂര്‍ ഏരിയാ കമ്മറ്റി അംഗമായിരുന്നു. കക്ഷി രാഷ്ടീയ ഭേദമന്യേ ഓരോരോ പരിപാടികളിലും സാഹിത്യ സാംസ്‌കാരിക സദസ്സുകളിലും തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന ഒരു ആദ്യ -അവസാനക്കാരന്‍ .
സതീശന്‍ അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ഞങ്ങള്‍ ഓരോരുത്തര്‍ക്കും .
സാമൂഹിക ആധികളുടെയും വ്യാധികളുടേയും വ്യക്തിപരമായ സംഘര്‍ഷങ്ങളുടേയും നടുവില്‍ വലിയ പിടച്ചിലുകളോടെയാണ് ആ മനുഷ്യന്‍ ജീവിച്ചത്. ഇതിനിടയില്‍
തൊരക്കാരത്തി ലോഗോസ് ഇറക്കുന്നതിന്റെ സന്തോഷം നിറയെ അവസാന നിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.
തൊരക്കാരത്തിയുടെ
പ്രകാശനം ഈ കോവിഡ് കാലത്ത് വ്യത്യസ്തമായ നിലയില്‍ നടത്തണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഒരു കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കതയും സഹജാത ബോധവും സ്‌നേഹവും വാത്സല്യവും സന്ദേഹങ്ങളും ആ മനുഷ്യനെ വ്യത്യസ്തനാക്കി.
രചനയാണ്, രചയിതാവല്ല വായനക്കാരിലെത്തുന്നത്. ടി.സി.വി. സതീശന്റെ ഭൗതികമായ അസാന്നിദ്ധ്യം, അതുകൊണ്ട്, തെരക്കാരത്തിയെ ബാധിക്കുന്നില്ല. പ്രകാശനം കണ്ട് സന്തോഷിക്കാന്‍ ടി സി വി സതീശനില്ല എന്ന വലിയ സങ്കടത്തോടെ തൊരക്കാരത്തിയെ ഞങ്ങള്‍ ഒരുക്കിയെടുക്കുന്നു. വായനക്കാരിലൂടേയുള്ള വലിയ യാത്രയ്ക്കായി…

- Advertisment -

Most Popular