Wednesday, September 11, 2024
Homeചെന്നിത്തലയുടെ കേരളയാത്ര പൊളിക്കാന്‍ എല്‍ഡിഎഫിന്റെ പല പരിപാടികള്‍. മന്ത്രിമാരുടെ അദാലത്ത് കൂടാതെ കേരളയാത്രയും പ്ലാനില്‍
Array

ചെന്നിത്തലയുടെ കേരളയാത്ര പൊളിക്കാന്‍ എല്‍ഡിഎഫിന്റെ പല പരിപാടികള്‍. മന്ത്രിമാരുടെ അദാലത്ത് കൂടാതെ കേരളയാത്രയും പ്ലാനില്‍

തിരുവനന്തപുരം : യുഡിഎഫ് നടത്തുന്ന രമേശ് ചെന്നിത്തലയുടെ കേരളയാത്ര പൊളിക്കാന്‍ ഇടതുപക്ഷജനാധിപത്യമുന്നണി ബഹുമുഖതന്ത്രം ആവിഷ്‌കരിക്കുന്നു. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ആദ്യവാരം നടത്തുന്ന പരാതി പരിഹാര അദാലത്തുകള്‍ കൂടാതെ ഒരു കേരളയാത്രയും എല്‍ഡിഎഫ് ആലോചിക്കുകയാണ്. കൂടാതെ ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തുകയുംചെയ്യും. ജനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ അഭിപ്രായം സ്വരൂപിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് തുടര്‍ച്ചയുണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

തുടര്‍ഭരണം ഉറപ്പാക്കുന്നതിനുള്ള സജീവമായ സംഘടനാപ്രവര്‍ത്തനത്തില്‍ അണിനിരക്കാനാണ് സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആഹ്വാനം ചെയ്യുന്നത്. എല്ലാവിഭാഗം ജനങ്ങളുടെയും പൊതുമുന്നേറ്റത്തിന് ഉതകുന്ന നയങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുള്ള വര്‍ഗീയതയുമായും സര്‍ക്കാര്‍ സന്ധി ചെയ്തില്ല. വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. അതിനെ മറികടക്കാന്‍ മതാധിഷ്ഠിത കൂട്ടുകെട്ടിനാണ് യുഡിഎഫ് ശ്രമിച്ചത്.

ഒരു ഘട്ടത്തിലും സാധാരണക്കാര്‍ക്കുവേണ്ടി പ്രതിപക്ഷം നിന്നില്ല. അതിന് ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സന്ധിചെയ്തു. കേന്ദ്രഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്യുന്നതിനെ ന്യായീകരിക്കുകയാണ് യുഡിഎഫ് ചെയ്തത്.

പ്രതിപക്ഷത്തിന്റെ ജനകീയ അട്ടിത്തറയ്ക്കാണ് അഞ്ചുവര്‍ഷം കൊണ്ട് ക്ഷീണമുണ്ടായിരിക്കുന്നത്. പ്രതിപക്ഷനേതൃസ്ഥാനം പോലും ജനം നിരാകരിച്ചു. യുഡിഎഫില്‍ കൂടുതല്‍ തര്‍ക്കങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. എല്‍ഡിഎഫിനാകട്ടെ ജനകീയാടിത്തറ കൂടുതല്‍ ശക്തിയായി മാറുകയും ചെയ്തു.

27ന് തിരുവനന്തപുരത്ത് എല്‍ഡിഎഫ് യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വിവിധ പ്രചരണ പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന്‍ അറിയിച്ചു.

- Advertisment -

Most Popular