Thursday, November 21, 2024
Homeവിദ്യാർഥിനിയുടെ മരണം ; നിർണായകമായത്‌ രക്തപരിശോധനാ ഫലം
Array

വിദ്യാർഥിനിയുടെ മരണം ; നിർണായകമായത്‌ രക്തപരിശോധനാ ഫലം

കാസർകോട്‌
പെരുമ്പള വേനൂരിലെ കോളേജ്‌ വിദ്യാർഥിനി കെ അഞ്ജുശ്രീ പാർവതി(19)യുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമായത്‌ രക്തപരിശോധനാ റിപ്പോർട്ട്‌. ആശുപത്രിയിൽ ചികിത്സക്കിടെ നടത്തിയ പരിശോധനാഫലത്തിൽ വെളുത്ത രക്തകോശത്തിന്റെ അളവിൽ കുറവുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായാൽ ഇതിന്റെ അളവ്‌ വളരെ കൂടും. ഇതല്ലാതെ മരണം സംഭവിക്കണമെങ്കിൽ വിഷപദാർഥം ശരീരത്തിൽ കടക്കണം.

ഡോക്ടറായ ജില്ലാ പൊലീസ്‌ മേധാവി വൈഭവ്‌ സക്‌സേനയ്ക്ക്‌ തോന്നിയ സംശയമാണ്‌ വഴിത്തിരിവായത്‌. പെൺകുട്ടി മരിച്ച ദിവസമാണ്‌ രക്തപരിശോധനാ റിപ്പോർട്ട് സക്‌സേനയ്ക്ക്‌ മുന്നിലെത്തിയത്‌. പെൺകുട്ടി ഓൺലൈനായി ഭക്ഷണം വാങ്ങിയ ഹോട്ടലിൽനിന്ന്‌ ആഹാരം കഴിച്ചവരാരും രോഗബാധിതരായിട്ടില്ലെന്നും പൊലീസ്‌ കണ്ടെത്തി. ഭക്ഷ്യവിഷബാധയാണെങ്കിൽ രണ്ടുമൂന്ന്‌ മണിക്കൂറിനകം ഛർദിയും അതിസാരവുമുണ്ടാകും. ഡിസംബർ 31ന്‌ ഭക്ഷണം കഴിച്ച പെൺകുട്ടിക്ക്‌ ഛർദിയുണ്ടായത്‌ ജനുവരി ഒന്നിനാണ്‌. അതിസാരമുണ്ടായില്ല. മൃതദേഹം സംസ്‌കരിച്ചശേഷം രാത്രി വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ സൂചന നൽകുന്ന രേഖകളും വസ്‌തുക്കളും ലഭിച്ചു. കേസ്‌ അന്വേഷിക്കുന്ന മേൽപ്പറമ്പ്‌ പൊലീസ്‌ ഇവ കാസർകോട്‌ സബ്‌ കോടതിയിൽ സമർപ്പിക്കും.

പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും പൊലീസിന്റെ നിഗമനം ശരിവച്ചതോടെ ആന്തരികാവയവങ്ങൾ കോഴിക്കോട് മേഖലാ ഫോറൻസിക്‌ ലാബിൽ രാസപരിശോധനയ്‌ക്കയച്ചു. ഫലം ലഭിച്ചാലുടൻ തുടർനടപടി ശക്തമാക്കാനിരിക്കുകയാണ്‌ പൊലീസ്‌. പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത ഹോട്ടലുടമയെയും രണ്ട്‌ ജീവനക്കാരെയും വിട്ടയച്ചു. യഥാർഥ സംഭവം വഴിതിരിച്ചുവിടാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌.

- Advertisment -

Most Popular