വംശീയാധിക്ഷേപത്തിൽ കണ്ണീരണിഞ്ഞ് ഫ്രാൻസിൻറെ ലോകോത്തരതാരം ഉംറ്റിറ്റി. ഇറ്റാലിയൻ സീരി എയിലെ ലാസിയോയ്ക്കെതിരായ മത്സരത്തിനിടെയാണ് ലെച്ചെ ക്ലബ്ബ് താരമായ ഉംറ്റിറ്റിയുടെ ദുരനുഭവം. എതിർ ടീമിൻറെ ആരാധകരുടെ വംശീയാധിക്ഷേപത്തിൽ മനം നൊന്ത് കണ്ണീരോടെയാണ് സാമുവൽ ഉംറ്റിറ്റി കളംവിട്ടത്.
ലാസിയോ ആരാധകർ കളിയാരംഭിച്ചപ്പോൾ മുതൽ ഉംറ്റിറ്റിക്കെതിരെ ആക്ഷേപംചൊരിഞ്ഞു. ഉംറ്റിറ്റിയുടെ സഹതാരവും സാംബിയൻ ഇൻറർ നാഷണൽ താരവുമായ ലാമെക് ബാൻഡയും വംശീയ അധിക്ഷേപത്തിന് ഇരയായി. ലാസിയോ ആരാധകർ തുടർച്ചയായി അധിക്ഷേപം ചൊരിഞ്ഞപ്പോൾ റഫറി കളി നിർത്തിവച്ചു. അധിക്ഷേപം നിർത്താൻ അനൌൺസർമാർ പലതവണ ആവശ്യപ്പെട്ടു. എന്നാൽ കളി പ്രതിസന്ധിയിലാകുമെന്ന് കണ്ട് ഉംറ്റിറ്റി തന്നെയാണ് തുടരാനാവശ്യപ്പെട്ടത്.
മത്സരം 2-1ന് ലെച്ചെ ജയിച്ചെങ്കിലും ലാസിയോ താരങ്ങളുടെ മനസ്സിന് മുറിവേറ്റു. വിജയിച്ചിട്ടും ഉംറ്റിറ്റി കണ്ണീരോടെയാണ് കളംവിട്ടത്. കാമറൂൺ വംശജനായ ഉംറ്റിറ്റി ഫ്രാൻസിൻറെ അന്താരാഷ്ട്രതാരമാണ്.
സംഭവം വാർത്തയായതോടെ ഫിഫ പ്രതികരണവുമായി രംഗത്തെത്തി. സ്പോർട്സിൽ വംശീയ അധിക്ഷേപത്തിന് സ്ഥാനമില്ലെന്ന് ഫിഫ പ്രസിഡൻറ് ജിയോനി ഇൻഫാൻറിനോ പ്രതികരിച്ചു.