Friday, November 22, 2024
HomeNewshouseസുശീല ഗോപാലന്റെ സ്‌മരണയിൽ മഹിളാ മഹാസമ്മേളന പതാകദിനം ഇന്ന്‌

സുശീല ഗോപാലന്റെ സ്‌മരണയിൽ മഹിളാ മഹാസമ്മേളന പതാകദിനം ഇന്ന്‌

തിരുവനന്തപുരം- ജനുവരി ആറുമുതൽ ഒമ്പതുവരെ തിരുവനന്തപുരത്ത്‌ നടത്തുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ 13–-ാം അഖിലേന്ത്യ സമ്മേളനത്തിന്റെ പതാക ദിനം തിങ്കളാഴ്‌ച രാജ്യമാകെ മുഴുവൻ യൂണിറ്റുകളിലും ആചരിക്കും. സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ദീർഘകാലം പ്രസിഡന്റുമായിരുന്ന സുശീല ഗോപാലന്റെ ദീപ്‌ത സ്‌മരണയിലാണ്‌ പതാക ഉയരുക.  21–-ാം ചരമവാർഷിക ദിനമാണ്‌ തിങ്കളാഴ്‌ച.  

അസോസിയേഷന്റെ രണ്ടാം അഖിലേന്ത്യ സമ്മേളനം തിരുവനന്തപുരത്ത്‌ നടക്കുമ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു സുശീല ഗോപാലൻ.  അന്ന്‌ സമ്മേളനത്തിന്റെ പ്രധാന സംഘാടകയായ സുശീലയുടെ പാദമുദ്രകൾ പതിഞ്ഞ മണ്ണിലാണ്‌ 13–-ാം അഖിലേന്ത്യ സമ്മേളനം. സുശീല ഗോപാലൻ ദിനത്തിൽ പതാക ഉയർത്തിയശേഷം പ്രധാന കേന്ദ്രങ്ങളിൽ അനുസ്‌മരണയോഗം, സെമിനാർ എന്നിവയും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്‌. ഗ്രാമ നഗര കേന്ദ്രങ്ങളിൽ 13–-ാം സമ്മേളനത്തിന്റെ ഭാഗമായി 13 പതാക ഉയർത്തും.

അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ പി കെ ശ്രീമതി, സംസ്ഥാന പ്രസിഡന്റ്‌ സൂസൻകോടിയും എറണാകുളത്ത്‌ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി  സി എസ്‌ സുജാത കായംകുളത്തും തിരുവനന്തപുരത്ത്‌ സമ്മേളനത്തിന്റെ മുഖ്യ സ്വാഗതസംഘം ഓഫീസിൽ കേന്ദ്ര കമ്മിറ്റി അംഗം ടി എൻ സീമയും പതാക ഉയർത്തും.

8 സെമിനാർ
മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തിന്‌ അനുബന്ധമായി സമ്മേളനത്തിന്‌ ആതിഥേയത്വം വഹിക്കുന്ന തിരുവനന്തപുരം ജില്ലയിൽ എട്ട്‌ സെമിനാർ സംഘടിപ്പിക്കും. നെയ്യാറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട്‌, വർക്കല, കാട്ടാക്കട, വെഞ്ഞാറമൂട്‌, കഴക്കൂട്ടം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്‌ സെമിനാറുകൾ. രാജ്യത്തെ സ്‌ത്രീ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും നാടിന്റെ ഭാവിയും ചർച്ച ചെയ്യുന്ന സെമിനാറുകളിൽ സംസ്ഥാനത്തിന്‌ അകത്തും പുറത്തുമുള്ള  വിവിധ മേഖലകളിലെ പ്രഗത്ഭർ പങ്കെടുക്കും. 24 മുതൽ സെമിനാർ ആരംഭിക്കും.

- Advertisment -

Most Popular