Thursday, November 21, 2024
HomeNewshouseസിവില്‍സര്‍വ്വീസും ഐഎഎസും പ്രണയവും വിവാഹവും; അന്നേ സരിന്‍ അസ്വസ്ഥനായിരുന്നു; ഒടുവില്‍ കുടുംബം ഞാന്‍ നോക്കിക്കോളാമെന്ന് പറഞ്ഞു;...

സിവില്‍സര്‍വ്വീസും ഐഎഎസും പ്രണയവും വിവാഹവും; അന്നേ സരിന്‍ അസ്വസ്ഥനായിരുന്നു; ഒടുവില്‍ കുടുംബം ഞാന്‍ നോക്കിക്കോളാമെന്ന് പറഞ്ഞു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയിലുള്ള സരിന്റെ ഭാര്യ ഡോ.സൗമ്യസരിന്‍ മനസ്സുതുറക്കുന്നു

കേരളത്തില്‍ കോണ്‍ഗ്രസ്സിന് ലഭിച്ച പുത്തന്‍ തലമുറയില്‍ ഏറെ ജനകീയമായ മുഖമാണ് ഡോ. സരിന്റേത്. എംബിബിഎസും ഐഎഎസും ഉന്നത ഉദ്യോഗവുമെല്ലാം വിട്ട് രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങുകയും ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചാനല്‍മുഖമായി മാറുകയും ചെയ്ത ഡോ. പി സരിന്‍ ഏറ്റവുമൊടുവില്‍ കെപിസിസിയുടെ നിയമസഭാ സ്ഥാനാര്‍ത്ഥിത്വ പട്ടികയിലും ഇടം നേടുമെന്നറുപ്പായിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സരിന്റെ ഭാര്യയും പ്രശസ്ത ഡോക്ടറുമായ ഡോ.സൗമ്യസരിന്‍ ഫെയ്‌സ്ബുക്കിലൂടെ മനസ്സ് തുറന്നത്. സോഷ്യല്‍ മീഡയയില്‍ താരമായ സൗമ്യ തന്റെ പ്രണയജീവിതം മുതല്‍ സരിന്റെ രാഷ്ട്രീയ പ്രവേശം വരെ വിശദമായി തന്നെ എഴുതി. ആ കുറിപ്പിലേക്ക്.

‘ പ്രേമിച്ച കാലത്തെ സ്‌നേഹോന്നും ഇപ്പൊ ഇല്ല.. അന്നെന്തൊക്കെ ആയിരുന്നു! ഒക്കെ വെറുതെ ആയിരുന്നല്ലേ? കല്യാണം കഴിഞ്ഞതോടെ എല്ലാം തീര്‍ന്നു. ‘
നമ്മള്‍ എപ്പോഴും പറയുന്ന/ അല്ലെങ്കില്‍ കേള്‍ക്കുന്ന ഒരു പരാതി അല്ലേ അത്. പ്രത്യേകിച്ച് പ്രണയവിവാഹങ്ങളില്‍! ഞാനും പറഞ്ഞിട്ടുണ്ട് ഒരു പാട് തവണ!
ഇത് എന്ത് കൊണ്ടാകാം? ഇന്ന് ഞാന്‍ എന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നിക്കുമ്പോ എനിക്ക് കിട്ടുന്ന ചില ഉത്തരങ്ങള്‍ ഇവിടെ കുറിക്കാം.


പ്രേമിച്ചു നടന്ന കാലത്ത് തന്നെ സരിന്‍ തന്റെ ഭാവിയെ പറ്റി വളരെ വ്യക്തത പുലര്‍ത്തിയിരുന്ന ആളായിരുന്നു. ഡോക്ടര്‍ വിഭാഗത്തിന് പഠിക്കുമ്പോഴും അത് കഴിഞ്ഞു സിവില്‍ സെര്‍വീസ് എന്നും അതിന് ശേഷം പൊതുപ്രവര്‍ത്തനം എന്നുമൊക്കെ സ്പഷ്ടമായി എന്നോട് പറഞ്ഞതാണ്. ഡോക്ടര്‍ ദമ്പതികള്‍ എന്ന സുഖലോലുപത പ്രതീക്ഷിക്കരുത് എന്ന് ചുരുക്കം! അന്നൊക്കെ ഞാനും വളരെ എക്‌സൈറ്റഡ് ആയി എല്ലാത്തിനും സമ്മതം മൂളി.
സരിന്‍ വൈദ്യപഠനം കഴിഞ്ഞു ഡല്‍ഹിയിലേക്ക് പോയി. ഹൌസ് സര്‍ജെന്‍സിയുടെ കൂടെ തന്നെ സിവില്‍ സെര്‍വീസ് കോച്ചിങ്ങിനും പോയി തുടങ്ങി. ആദ്യ ചാന്‍സില്‍ തന്നെ സിവില്‍ സെര്‍വീസ് പരീക്ഷ പാസ് ആയി ഇന്ത്യന്‍ അക്കൗണ്ടിംഗ് ആന്‍ഡ് ഓഡിറ്റിങ് സര്‍വീസില്‍ പോസ്റ്റിങ്ങ് ലഭിച്ചു. ഞാന്‍ വളരെ ഹാപ്പി! അപ്പോഴേക്കും കല്യാണനിശ്ചയം കഴിഞ്ഞിരുന്നു. വൈകാതെ കല്യാണവും. എല്ലാം ശുഭം! പയ്യന്‍ ഡോക്ടര്‍, അതും കൂടാതെ രാജ്യത്തെ ഏറ്റവും ഉന്നതമായ ജോലികളില്‍ ഒന്നായി കണക്കാക്കുന്ന സിവില്‍ സര്‍വീസില്‍ പ്രവേശനവും ലഭിച്ചിരിക്കുന്നു. ഇനിയെന്ത് വേണം!
ശിശുരോഗവിഭാഗത്തിലെ എന്റെ പി. ജി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞപ്പോഴേക്കും സരിന്റെ ട്രെയിനിങ്ങും കഴിഞ്ഞു. ആദ്യ പോസ്റ്റിങ്ങ് തിരുവനന്തപുരം! ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ആയി. ഞാന്‍ ജില്ലാ ആശുപത്രിയിലും ചേര്‍ന്നു. സന്തോഷജീവിതം! സര്‍ക്കാര്‍ ചിലവില്‍ താമസം, കാര്‍ , ഡ്രൈവര്‍ അങ്ങിനെ എല്ലാം. സംഗതി കൊള്ളാല്ലോ എന്ന് എനിക്കും തോന്നിത്തുടങ്ങി. പതുക്കെ പതുക്കെ പഴയ സ്വപ്നങ്ങളെ ഞാന്‍ മറന്ന് തുടങ്ങി. ഇത്രയും സുഖസൗകര്യങ്ങളും പദവിയും ഉള്ള ജോലി സരിന്‍ ഒരിക്കലും കളയില്ല എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. പൊതുപ്രവര്‍ത്തനവും രാഷ്ട്രീയവുമൊക്കെ ഇനി മറന്നോളും എന്ന് കരുതി. വൈകാതെ ഞങ്ങള്‍ക്ക് ബാംഗ്ലൂര്‍ക്ക് ട്രാന്‍സ്ഫര്‍ ആയി


പക്ഷെ സരിന്‍ വളരെ അസ്വസ്ഥനായിരുന്നു. ഒരു സന്തോഷവും ഇല്ല. എന്നും ജനങ്ങളുടെ ഇടയില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ച സരിനെ ഓഫീസിന്റെ നാല് ചുമരുകള്‍ ഒരുപാട് ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. ‘ എനിക്ക് പറ്റുന്നില്ല ‘ എന്ന് പലതവണ എന്നോട് പറയുന്നുണ്ടായിരുന്നു. പക്ഷെ സ്വാര്‍ത്ഥയായ എന്തൊരു ഭാര്യയെയും പോലെ അതൊക്കെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ഒരു കുടുംബം നോക്കേണ്ടതാണ് എന്ന ക്‌ളീഷേ ഡയലോഗില്‍ സരിനെ പിടിച്ചു കെട്ടി. ‘ ഒരു പെണ്‍കുട്ടി ആണ് വളര്‍ന്നു വരുന്നത്….വെറുതെ കളിക്കരുത്! ‘ എന്ന് ചുറ്റും നിന്ന് ബാക്കിയുള്ളവരും ഏറ്റു പാടി.
ജീവിതം മുന്നോട്ട് പോയി. പക്ഷെ ഞങ്ങളുടെ ദിനങ്ങളില്‍ നിന്ന് സന്തോഷവും പ്രണയവുമെല്ലാം ചോര്‍ന്നു പോകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു പാട് വായിച്ചിരുന്ന , ക്വിസ് ചാമ്പ്യന്‍ ആയിരുന്ന സരിന്‍ ഒരു ന്യൂസ്പേപ്പര്‍ പോലും വായിക്കാന്‍ മടിക്കുന്നു എന്നെനിക്ക് മനസ്സിലായി. ഒരു യന്ത്രം പോലെ രാവിലെ ഓഫീസിലേക്ക് പോകുന്നു, വൈകുന്നേരം തിരിച്ചു വരുന്നു! മുന്നേ പറഞ്ഞാ എല്ലാ സുഖസൗകര്യങ്ങളും അപ്പോഴും ഉണ്ടായിരുന്നു. പക്ഷെ ജീവിതം കൈവിട്ടു പോകുകയായിരുന്നു.


ഞാന്‍ ചിന്തിച്ചു തുടങ്ങി. ഈ സരിനെ ആയിരുന്നോ ഞാന്‍ ഇഷ്ടപെട്ടത്? ഈ സരിനെ കിട്ടാനായിരുന്നോ ഞാന്‍ ഞാന്‍ ഒറ്റക്കാലില്‍ നിന്നത്? അല്ല! ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സരിന്‍ ഇതല്ല. ചിന്തകളില്‍ വ്യത്യസ്തനായിരുന്ന, മുന്‍ശുണ്ഠിക്കാരനായിരുന്ന, എന്തും വ്യത്യസ്തമായി ചെയ്യണം എന്നാഗ്രഹിച്ചുരുന്ന, ഈ ലോകത്തിന് ഞാന്‍ കാരണം എന്തെങ്കിലും മാറ്റം കൊണ്ടുവരണം എന്നാഗ്രഹിച്ചിരുന്ന സരിനെ ആയിരുന്നു. ആ സരിനെ നഷ്ടപ്പെടുകയാണ്. ഇത് മറ്റാരോ ആണ്!
‘ നമുക്ക് ഈ ജോലി വേണ്ട! നാട്ടിലേക്ക് പോകാം. ഞാന്‍ ഒരു ജോലിക്ക് കയറാം. കണ്ണന്‍ കണ്ണന്റെ മനസ്സിന് ഇഷ്ടമുള്ളത് ചെയ്യ്. കുടുംബത്തെ പറ്റി ആവലാതിപ്പെടേണ്ട. ഞാന്‍ നോക്കിക്കോളാം! ‘
രണ്ടും കല്പിച്ചു ഞാന്‍ പറഞ്ഞു. അന്ന് സരിന്റെ കണ്ണുകളില്‍ എത്രയോ കാലത്തിനു ശേഷം നഷ്ടപെട്ട ആ പ്രണയം ഞാന്‍ കണ്ടു! ചിറകുകള്‍ കൂട്ടിക്കെട്ടിയ ഒരു പക്ഷിയെ തുറന്നു വിട്ട പോലെയായിരുന്നു അത്!
നാട്ടില്‍ വന്നതിന് ശേഷം സരിന്‍ അനുഭവിച്ച കാര്യങ്ങള്‍ കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. സ്വന്തം ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള വഴിയില്‍ ചവിട്ടുന്ന മുള്ളുകള്‍ എന്നെയും നോവിച്ചിട്ടുണ്ട്. എത്രയോ തവണ ഞാന്‍ ചോദിച്ചിട്ടുണ്ട്,
‘വേണോ നമുക്കിത്? ‘
അപ്പോള്‍ ഒന്നും ആ കണ്ണില്‍ നിരാശയുടെ ഒരു ലാഞ്ചന പോലും ഞാന്‍ കണ്ടിട്ടില്ല. ‘ ഞാന്‍ ഇപ്പോള്‍ ഹാപ്പി ആണ്. ഞാന്‍ ആഗ്രഹിച്ചതാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. അത് മതി! ‘ എന്ന ഉത്തരം മാത്രമേ കഴിഞ്ഞ ആറു കൊല്ലമായി ഞാന്‍ കേട്ടിട്ടുള്ളു. അതിനിയും അങ്ങിനെ തന്നെ ആയിരിക്കും.
കൂട്ടില്‍ അടക്കാതെ സ്വതന്ത്രമായി വിടുക. ആ സ്‌നേഹം നിങ്ങള്‍ക്കുള്ളതാണെങ്കില്‍ അത് നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും!
അല്ലാത്തതൊന്നും പ്രണയമായിരുന്നില്ല!
ഡോ സൗമ്യ സരിന്‍

- Advertisment -

Most Popular