ശബരിമല
മകരവിളക്കുദിവസമായ ശനിയാഴ്ച തീർഥാടകർക്ക് സന്നിധാനത്തേക്കുള്ള പ്രവേശനസമയം 12 വരെയാക്കി ചുരുക്കി. 12നുശേഷം തീർഥാടകരെ പമ്പയിൽനിന്ന് കടത്തിവിടില്ല. മകരസംക്രമ പൂജ 14ന് രാത്രി 8.45ന് നടക്കും. ഞായറാഴ്ച വീണ്ടും പ്രവേശനം അനുവദിക്കും. മകരവിളക്കിനുമുന്നോടിയായുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്കുനിയന്ത്രിക്കാൻ നടപടി സ്വീകരിച്ചു. വ്യൂ പോയിന്റുകളിൽ ശക്തമായ സുരക്ഷയൊരുക്കാൻ ശബരിമല എഡിഎം പി വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപനയോഗത്തിൽ തീരുമാനിച്ചു. പാണ്ടിത്താവളത്ത് 26,000 പേർക്കും ശ്രീകോവിൽ പരിസരത്ത് 3000 പേർക്കും തങ്ങാനാകും. ബാരിക്കേഡുകൾ, വെളിച്ച സൗകര്യങ്ങൾ, വൈദ്യസഹായം, കുടിവെള്ളം, സ്‌ട്രെച്ചറുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവ ഏർപ്പെടുത്തും. തിരക്ക് ക്രമീകരിക്കാനും തീർഥാടകർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനും സന്നിധാനത്തെ മുഴുവൻ സന്നദ്ധ പ്രവർത്തകരുടെയും സേവനം വിനിയോഗിക്കും.
മകരവിളക്ക് കാണാൻ തീർഥാടകർ കൂടുതലെത്തുന്ന പാണ്ടിത്താവളത്ത് താൽക്കാലിക ആശുപത്രിയും അടിയന്തര ചികിത്സാ സംവിധാനവുമൊരുക്കും. 16 സ്‌ട്രെച്ചറുകൾ വിവിധ കേന്ദ്രങ്ങളിലുണ്ടാകും. മരുന്നുകളും സംഭരിച്ചിട്ടുണ്ട്. കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനമുണ്ടാകും. ഇഎംസിയിൽ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി. അപകട സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അപകടത്തിൽനിന്നുള്ള പരിക്കിന്റെ ആഘാതമനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് വിഭാഗങ്ങളിലായി രോഗികളെ തിരിച്ച് ടാഗ് ചെയ്തായിരിക്കും ചികിത്സ ലഭ്യമാക്കുക.
പമ്പയിൽ 250 ബസുകൾ ഉൾപ്പെടെ മകരവിളക്കുദിവസത്തേക്ക് വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്‌ആർടിസി. നിലവിലുള്ള ബസുകൾക്കുപുറമെ ആയിരം ബസുകൾകൂടി അധികമെത്തിക്കും. ശനി രാവിലെ ബസുകളെത്തും. ത്രിവേണിയിൽനിന്നാരംഭിക്കുന്ന ചെയിൻ സർവീസ് ഹിൽടോപ്പുചുറ്റി നിലയ്ക്കൽ വരെയുണ്ടാകും. നാനൂറ് ബസ് ഇതിനായി ഉപയോഗിക്കും. നിലയ്ക്കലിൽ ആറാമത്തെ പാർക്കിങ് ഗ്രൗണ്ടിൽ നൂറ് ബസുകൾ ക്രമീകരിക്കും. ചെയിൻ സർവീസിന്റെ ആദ്യ റൗണ്ടിൽ നാനൂറ് ബസുകളുപയോഗിക്കും. രണ്ടാം റൗണ്ട് മുതൽ തീർഥാടകരുടെ എണ്ണം കണക്കാക്കി ബസുകൾ ക്രമീകരിക്കും. ദീർഘദൂര സർവീസുകളും ആരംഭിക്കും. നിലയ്ക്കൽമുതൽ ഇലവുങ്കൽവരെയുള്ള ഭാഗത്ത് ദീർഘദൂര സർവീസുകൾക്കായി അമ്പത് ബസുകൾ സജ്ജമാക്കും. പമ്പയിൽനിന്ന് ദീർഘദൂര സർവീസ് ബസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഈ ബസുകൾ പമ്പയിലേക്കെത്തിക്കും. തുലാപ്പിള്ളി, ചെങ്ങന്നൂർ, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊൻകുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളിൽ ക്രമീകരിച്ച് നിർത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സർവീസ് ആരംഭിക്കും.