Tuesday, November 5, 2024
HomeNewshouseആദ്യ റോബോട്ടിക്‌ ശസ്‌ത്രക്രിയ ആർസിസിയിലും എംസിസിയിലും; സർക്കാർമേഖലയിലെ അർബുദ ചികിത്സയിൽ പുതുചരിത്രം

ആദ്യ റോബോട്ടിക്‌ ശസ്‌ത്രക്രിയ ആർസിസിയിലും എംസിസിയിലും; സർക്കാർമേഖലയിലെ അർബുദ ചികിത്സയിൽ പുതുചരിത്രം

തിരുവനന്തപുരം  -തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലും 60 കോടി രൂപ ചെലവിൽ റോബോട്ടിക് സർജറി സംവിധാനം സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം അർബുദചികിത്സാ മേഖലയിൽ സൃഷ്‌ടിക്കുക വലിയ മുന്നേറ്റം. ഒരിടത്ത്‌ റോബോട്ടിക്‌ മെഷിനുകൾ സ്ഥാപിക്കാൻ ഏകദേശം 30 കോടി രൂപയാകും. സംസ്ഥാനത്ത്‌ സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ്‌ റോബോട്ടിക്‌ സർജറി സംവിധാനം ഒരുക്കുന്നത്‌. 

റോബോട്ടിക്‌ സർജറിയുടെ സാധ്യത മനസ്സിലാക്കി നേരത്തേതന്നെ ആർസിസി പദ്ധതിരേഖ സംസ്ഥാന സർക്കാരിന്‌ സമർപ്പിച്ചിരുന്നു.  ഡോക്ടറിന്റെ കൈകളായി പ്രവർത്തിക്കുന്ന റോബോട്ട്‌ ശരീരത്തിന്റെ ഏത്‌ സങ്കീർണ മേഖലയിലും കടന്നുചെല്ലുമെന്നതാണ്‌ പ്രത്യേകത. മനുഷ്യന്റെ കൈകൾക്ക്‌ കടന്നുചെല്ലാൻ കഴിയാത്ത ശരീരഭാഗങ്ങളിലെ മുഴയും മറ്റും നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കും. സങ്കീർണമായ ശസ്‌ത്രക്രിയകൾ ഇതുവഴി മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകുമെന്നും ആരോഗ്യമേഖലയിൽ വലിയ മാറ്റത്തിന്‌ സർക്കാരിന്റെ ഈ തീരുമാനം കാരണമാകുമെന്നും ആർസിസി മെഡിക്കൽ സൂപ്രണ്ട്‌ മധു മുരളി പറഞ്ഞു. ആർസിസിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ബ്ലോക്കിലാകും റോബോട്ടിക്‌ സർജറി വിഭാഗം സ്ഥാപിക്കുക. ആറുമാസത്തിനകം ഇതിന്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ.

റോബോട്ടിക്‌ മെഷീൻ കമ്പനി തന്നെ ശസ്‌ത്രക്രിയാ വിദഗ്ധർക്ക്‌ പരിശീലനവും നൽകും. ടെൻഡർ നടപടികളിലൂടെയാകും ഏത്‌ കമ്പനിയെ തെരഞ്ഞെടുക്കുമെന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമാകുന്നത്‌. രണ്ടിടത്തും 18.87 കോടി രൂപ ചെലവിൽ ഡിജിറ്റൽ പാത്തോളജി മികവ്‌ കേന്ദ്രങ്ങളും സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്‌. പ്രത്യേക പദ്ധതിപൂർത്തീകരണത്തിന്‌ സമർപ്പിച്ച 49.02 കോടി രൂപയുടെ രണ്ടാം വർഷത്തേക്കുള്ള വിശദ പ്രവർത്തന രൂപരേഖയ്ക്കും തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്‌. റസിലിയന്റ്‌ കേരള ഫലപ്രാപ്തിയാധിഷ്ഠിത പദ്ധതിയുടെ കീഴിലാണിത്‌.

- Advertisment -

Most Popular