Friday, October 11, 2024
HomeNewshouseഭീതിയിൽ ജോഷി മഠ്, വിണ്ടുകീറി നാട്, പ്രതിഷേധം ആളുന്നു

ഭീതിയിൽ ജോഷി മഠ്, വിണ്ടുകീറി നാട്, പ്രതിഷേധം ആളുന്നു

ന്യൂഡൽഹി- ജോഷിമഠിനും കർണപ്രയാഗിനും പുറമെ ഉത്തരാഖണ്ഡിലെ മറ്റ്‌ നിരവധി പ്രദേശങ്ങളിലും ഭൂമി ഇടിഞ്ഞുതാഴലും കെട്ടിടങ്ങൾക്ക്‌ വിള്ളലും സംഭവിക്കുന്നതായി റിപ്പോർട്ട്‌. പൗഡി, ബാഗേശ്വർ, ഉത്തരകാശി, തെഹ്‌രി ഗഡ്‌വാൾ, രുദ്രപ്രയാഗ്‌ എന്നിവിടങ്ങളിലാണ്‌ കെട്ടിടങ്ങൾ അപകടനിലയിലായിട്ടുള്ളത്‌. ഏറെ നാളായി അധികൃതരോട്‌ പരാതിപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയുമില്ലെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.
ഋഷികേശിൽനിന്ന്‌ കർണപ്രയാഗിലേക്കുള്ള റെയിൽ ലൈൻ പദ്ധതിയാണ്‌ വീടുകൾക്കും കെട്ടിടങ്ങൾക്കും വലിയ ഭീഷണിയാകുന്നത്‌. മേഖലയിലെ പുതിയ ചില ജല വൈദ്യുത പദ്ധതികൾക്കായുള്ള നിർമാണപ്രവർത്തനങ്ങളും ദുർബലമായ മലനിരകൾക്ക്‌ ഭീഷണിയാകുന്നുണ്ട്‌. തെഹ്‌രിയിൽ അടാലി ഗ്രാമമാണ്‌ ഭീഷണിയിലുള്ളത്‌.

ഗ്രാമത്തിന്റെ ഒരു ഭാഗം തുടർച്ചയായി മണ്ണിടിച്ചിലുണ്ടാകുന്ന മേഖലയാണ്‌. മറുഭാഗത്ത്‌ റെയിൽപാളം നിർമാണം പുരോഗമിക്കുകയാണ്‌. മലകൾ തുരന്നാണ്‌ റെയിൽപാളം നിർമാണം. തുരങ്കത്തിനായി തുടർച്ചയായി സ്‌ഫോടനങ്ങൾ നടത്തി പാറകൾ പൊട്ടിക്കുകയാണ്‌. ശക്തിയേറിയ സ്‌ഫോടനങ്ങൾ സൃഷ്ടിക്കുന്ന കുലുക്കമാണ്‌ വീടുകളെയും കെട്ടിടങ്ങളെയും ദുർബലമാക്കുന്നത്‌. രാത്രികാലങ്ങളിൽ പല കുടുംബങ്ങളും വീടുകൾക്ക്‌ പുറത്താണ്‌ താമസം.

പൗഡി ജില്ലയിലെ ശ്രീനഗർ ഉത്തരാഖണ്ഡിലെ അറിയപ്പെടുന്ന പട്ടണമാണ്‌. കേദാർനാഥ്‌–- ബദരീനാഥ്‌ പാതയിലുള്ള ഇവിടെ ഹെദൽ മൊഹള്ള, ആശിഷ്‌ വിഹാർ, നഴ്‌സറി റോഡ്‌ തുടങ്ങി പല മേഖലകളിലും വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളൽ വീണിട്ടുണ്ട്‌. റെയിൽ പാളത്തിനായുള്ള ടണൽ നിർമാണമാണ്‌ ശ്രീനഗറിലും വീടുകൾക്കും മറ്റും ഭീഷണിയാകുന്നത്‌. ബാഗേശ്വറിൽ ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ പ്രവർത്തനങ്ങളാണ്‌ കെട്ടിടങ്ങളെ ദുർബലപ്പെടുത്തുന്നത്‌. 1991 ൽ ഭൂചലനമുണ്ടായ ഉത്തരകാശിയിൽ നിരവധി ഗ്രാമങ്ങൾ ഭീഷണിയുടെ നിഴലിലാണ്‌. രുദ്രപ്രയാഗിലും നിരവധി വീടുകൾക്ക്‌ വിള്ളൽ വീണിട്ടുണ്ട്‌.

ഭൂമി ഇടിഞ്ഞുതാഴ്‌ന്ന്‌ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരായി ജനങ്ങളുടെ പ്രതിഷേധം തുടരുന്നു. നഷ്ടപരിഹാരം കൃത്യമായി പ്രഖ്യാപിക്കാതെ വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നീക്കം നാട്ടുകാര്‍ ചെറുക്കുകയാണ്‌. ആദ്യം പൊളിച്ചുകളയാൻ സർക്കാർ തീരുമാനം എടുത്ത രണ്ട്‌ ഹോട്ടലുകൾക്ക്‌ മുന്നിൽ ആളുകൾ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു.  എതിർപ്പ്‌ കാരണം ബുധനാഴ്‌ചയും പൊളിച്ചുനീക്കൽ സാധ്യമായില്ല.

പ്രതിഷേധം കടുത്തതോടെ മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി മറ്റ്‌ പരിപാടികൾ റദ്ദാക്കി ബുധനാഴ്‌ച രാത്രിയോടെ ജോഷിമഠിലെത്തി. മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഇടക്കാല സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷയ്‌ക്കാണ്‌ പ്രാമുഖ്യമെന്നും പറഞ്ഞു. വിള്ളൽ വീണ വീടുകളിൽനിന്ന്‌ മാറ്റിപാർപ്പിക്കുന്ന കുടുംബങ്ങൾക്ക്‌ ഒന്നര ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ബുധനാഴ്‌ച പ്രഖ്യാപിച്ചു. എന്നാൽ, പൊളിച്ചുനീക്കുന്ന കടകളുടെയും ഹോട്ടലുകളുടെയും മറ്റ്‌ കെട്ടിടങ്ങളുടെയും നഷ്ടപരിഹാം പ്രഖ്യാപിച്ചിട്ടില്ല.അതേസമയം, ജനുവരി ഏഴിന്‌ ശേഷം ജോഷിമഠിൽ കെട്ടിടങ്ങൾക്ക്‌ വിള്ളൽ വീണിട്ടില്ലെന്ന്‌ മുഖ്യമന്ത്രിയുടെ സെക്രട്ടറി മീനാക്ഷി സുന്ദരം അറിയിച്ചു. 723 കെട്ടിടങ്ങൾക്കാണ്‌ ആകെ വിള്ളൽ. 131 കുടുംബങ്ങളെ മാറ്റി.

ജോഷിമഠ്‌ വർഷം രണ്ടര ഇഞ്ച്‌ വീതം താഴുന്നു
ജോഷിമഠിൽ ഓരോ വർഷവും ഭൂമി രണ്ടര ഇഞ്ച്‌ (ആറര സെ.മീ) വീതം താഴുന്നതായി റിപ്പോർട്ട്‌. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ റിമോട്ട്‌ സെൻസിങ്‌ സാറ്റലൈറ്റ്‌ ഡാറ്റകൾ വിശകലനം ചെയ്‌തുനടത്തിയ പഠനത്തിലാണ്‌ കണ്ടെത്തൽ. ജോഷിമഠ്‌ മേഖലയിൽ ഭൗമപാളികളിൽ വലിയ ഇളക്കം വരുന്നതായാണ്‌ വിദഗ്‌ധരുടെ വിശകലനം. വളരെ ലോലമായ മേഖലയാണിത്‌. 2020 ജൂലൈ മുതൽ 2022 മാർച്ച്‌ വരെയുള്ള സാറ്റലൈറ്റ്‌ വിവരങ്ങളാണ്‌ പഠനവിധേയമാക്കിയത്‌. വളരെ സാവധാനത്തിൽ ജോഷിമഠ്‌ ഇടിയുന്നുവെന്നാണ്‌ കണ്ടെത്തൽ.

- Advertisment -

Most Popular