Saturday, July 27, 2024
Homeചിന്തജെറോമിന്റെ ശമ്പളം നല്‍കാനുള്ള തീരുമാനം ഉടന്‍ ഉത്തരവായിറങ്ങില്ല; പരിശോധനകള്‍ക്ക് ശേഷം മാത്രം ഉത്തരവ്; പ്രതിസന്ധിക്കിടെ ഉടന്‍...
Array

ചിന്തജെറോമിന്റെ ശമ്പളം നല്‍കാനുള്ള തീരുമാനം ഉടന്‍ ഉത്തരവായിറങ്ങില്ല; പരിശോധനകള്‍ക്ക് ശേഷം മാത്രം ഉത്തരവ്; പ്രതിസന്ധിക്കിടെ ഉടന്‍ നടപടി വേണ്ടെന്ന് ധനവകുപ്പ്; വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് നിഗമനം

തിരുവനന്തപുരം: സംസ്ഥാനയുവജന കമ്മീഷന്‍ അധ്യക്ഷ ചിന്തജെറോമിന് എട്ടരലക്ഷം രൂപ ശമ്പളക്കുടിശ്ശിക നല്‍കാനുള്ള തീരുമാനം ധനവകുപ്പ് പുനപ്പരിശോധിക്കുന്നു. കൂടുതല്‍ പരിശോധനയ്ക്കും ആലോചനകള്‍ക്കും ശേഷം മാത്രമേ പണം നല്‍കേണ്ടതുള്ളൂവെന്നാണ് തീരുമാനം. 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള തീരുമാനം ധനവകുപ്പ് ഔദ്യോഗികമാക്കിയിരുന്നില്ല. ഉത്തരവിറക്കും മുമ്പ് തന്നെ ആലോചനകള്‍ വാര്‍ത്തയാകുകയും വിവാദത്തിലേക്ക് നയിക്കുകയും ചെയ്തു. അതുകതൊണ്ട് ഉടന്‍ ഉത്തരവിറക്കേണ്ടതില്ല എന്നാണ് ധനവകുപ്പിന്റെ തീരുമാനം. ശമ്പളത്തിലെ അപാകത തീര്‍ക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷന്‍ സെക്രട്ടറിയാണെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാല്‍ ചിന്താ ജെറോമിന്റെ അപേക്ഷയിലാണ് നടപടികളെന്ന് ഫയലുകളില്‍ വ്യക്തമാണ്. ചിന്തയ്ക്ക് എട്ടരലക്ഷം കുടിശ്ശിക നല്‍കാന്‍ പോകുന്നുവെന്ന മാതൃഭൂമി വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നാലെ ചിന്ത വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് വന്‍തുകയുടെ ശമ്പളകുടിശ്ശിക നല്‍കുന്നത്. 2016 ഒക്ടോബര്‍ നാലിനാണ് കമ്മീഷന്‍ അധ്യക്ഷയായി ചിന്ത ചുമതലയേല്‍ക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അന്‍പതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ല്‍ കമ്മീഷന്‍ ചട്ടങ്ങള്‍ രൂപീകരിച്ചപ്പോള്‍ ശമ്പളം ഒരുലക്ഷമാക്കി ഉയര്‍ത്തി. നിയമനം മുതല്‍ ശമ്പളം ഉയര്‍ത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നല്‍കണമെന്ന ചിന്തയുടെ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 26ന് യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചിന്തക്ക് കുടിശ്ശിക നല്‍കേണ്ടെന്ന് ഉത്തരവിറക്കി. പിന്നീട് ചിന്ത ധനമന്ത്രിക്ക് നല്‍കിയ അപേക്ഷയിലാണ് 17 മാസത്തെ കുടിശ്ശിക നല്‍കാനുള്ള തീരുമാനം. ധനവകുപ്പ് യുവജനക്ഷേമവകുപ്പിന് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവിറക്കാനായിരുന്നു തീരുമാനം.

എന്നാല്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചെന്ന വാര്‍ത്ത ചിന്ത ജെറോം നിഷേധിച്ചു.. മാധ്യമങ്ങള്‍ നല്‍കുന്നത് തെറ്റായ വാര്‍ത്തയാണ്. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നതും തെറ്റായ വാര്‍ത്തയാണെന്നും ചിന്ത വ്യക്തമാക്കി.

യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്‍ വി രാജേഷാണ് ശമ്പള കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയത്. ഇത് സംബന്ധിച്ച് ശമ്പള കുടിശിക നല്‍കാന്‍ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ പരിഗണനയിലോ മറ്റോ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഈ വിധിയുടെ മറവില്‍ ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും തുകയൊന്നും കൈവശം വയ്ക്കുന്ന ആളല്ലെന്ന് വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം. ഇതൊരു സോഷ്യല്‍ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നെ അറിയാമെന്നും ചിന്ത പറഞ്ഞു.

ചിന്തയുടെ ആരോപണം നിഷേധിച്ച് യുവജന കമ്മീഷന്‍ മുന്‍അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായി ആര്‍. വി.രാജേഷ് രംഗത്തെത്തി. ചിന്തയ്ക്ക് ശബള കുടിശ്ശിക തുക അനുവദിച്ചത് തന്റെ അപേക്ഷയില്‍ അല്ലെന്ന് ആര്‍ വി രാജേഷ് പറഞ്ഞു. ചിന്തക്ക് ശമ്പളം സര്‍ക്കാര്‍ നിശ്ചയിച്ചതിന് പിന്നാലെയാണ് താന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. തനിക്ക് ശമ്പളം അനുവദിച്ച് തരണം എന്ന കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ചിന്തയുടെ അപേക്ഷയും തന്റെ അപേക്ഷയും രണ്ടും രണ്ടാണെന്നും ആര്‍ വി രാജേഷ് പറയുന്നു.

- Advertisment -

Most Popular