2004 ജൂലൈ 6. അന്നൊരു ബുധനാഴ്ചയായിരുന്നു. ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാന് രാജിവയ്‌ക്കേണ്ടി വന്ന ദിവസം. ഒരുപക്ഷേ ഇപി ജയരാജനെ പോലെ ബന്ധുനിയമനമോ എകെ ശശീന്ദ്രനെ പോലെ അശ്ലീല ഫോണ്‍സംഭാഷണമോ ഒന്നുമല്ലാതെ കേവലമൊരുപ്രസംഗം, അത് ഗുരുതരമായ ചട്ടലംഘനമാണെന്ന് തിരിച്ചറിഞ്ഞുള്ള രാജി. രാജിവയ്ക്കുമ്പോള്‍ തന്നെ പാര്‍ട്ടി കുറ്റവിമുക്തനാക്കി സജി ചെറിയാനെ തിരിച്ചെത്തിക്കുമെന്ന് തീരുമാനിച്ചിരുന്നു. ഉണ്ടാകാനിടയുള്ള കേസുകളും ശക്തികുറയുകയും പൊലീസ് അനുകൂല റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ പഴയ പടിയായി. സജി ചെറിയാന്‍ തിരിച്ചെത്തുകയാണ്. തിരിച്ചെത്തുമ്പോള്‍ അതും ഒരുബുധനാഴ്ചയാണെന്നത് തികച്ചും യാദൃച്ഛികം.
എല്ലാബുധനാഴ്ചയും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ഓരോ മന്ത്രിമാരുടെ വസതികളില്‍ വിരുന്ന് നല്‍കുന്ന പരിപാടിയുണ്ട്. ഈ വിരുന്നില്‍ മന്ത്രിമാര്‍ എന്ന നിലയില്‍ പരസ്പരം ആര്‍ക്കും എന്തും പറയാം. പരാതിയും പരിഭവങ്ങളും കുറ്റങ്ങളും കുറവുകളുമെല്ലാം പറയാം. ഔദ്യോഗിക യോഗമല്ലാത്തതിനാല്‍ ഒന്നും മിനുട്‌സില്‍ രേഖപ്പെടുത്തില്ല. ഓരോ ബുധനാഴ്ച ഓരോ മന്ത്രിമാരുടെ വീട്ടിലായിരിക്കും വിരുന്ന്. അങ്ങനെ 2022 ജൂലൈ ആറിന് അങ്ങനെയൊരു വിരുന്ന് ചേരാനിരുന്ന ദിവസമായിരുന്നു സജി ചെറിയാന്റെ രാജി. ഇന്ന് സത്പ്രതിജ്ഞ കഴിഞ്ഞ് ആദ്യദിവസം തന്നെ അത്തരമൊരുവിരുന്നില്‍ പങ്കെടുക്കാനുള്ള സാഹചര്യവും സജി ചെറിയാന് ഒത്തുവന്നു. ഇന്നത്തെ ബുധനാഴ്ച വിരുന്ന് ആന്റണി രാജുവിന്റെ വീട്ടിലാണ്. ആ വിരുന്നില്‍ സജി ചെറിയാന്‍ പങ്കെടുക്കും. ഒരുപക്ഷേ രണ്ടാംവരവില്‍ സജി ചെറിയാന്‍ തന്നെയാണ് ഇന്നത്തെ താരവും.
അതേ സമയം സജി ചെറിയാന്റെ തിരിച്ചുവരവില്‍ അതൃപ്തി പ്രകടിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നത്തെ ദിവസം അനിഷ്ടം പ്രകടിപ്പിക്കില്ലെന്നാണ് വിവരം. അതിഥികളെ ക്ഷണിച്ച് എത്തിക്കുന്നത് മുതല്‍ അവസാനം മുഖ്യമന്ത്രിയെ യാത്രയാക്കുന്നത് വരെയുള്ള പതിവ് മുടക്കില്ലെന്നാണ് വിവരം. സജി ചെറിയാനെ ആശീര്‍വദിക്കാനും സന്തോഷത്തോടെ പെരുമാറാനും രാജ്ഭവന് നിര്‍ദേശമുണ്ട്.