Sunday, May 19, 2024
HomeNewshouseബ്രിട്ടാസിനെ കുരുക്കാന്‍ ബിജെപി; ഉപരാഷ്ട്രപതിക്ക് പരാതി; പൊലീസ് കേസെടുപ്പിക്കാനും നീക്കം; ഇല്ലെങ്കില്‍ കോടതിയെ സമീപിക്കും; ജഗ്ദീപ്...

ബ്രിട്ടാസിനെ കുരുക്കാന്‍ ബിജെപി; ഉപരാഷ്ട്രപതിക്ക് പരാതി; പൊലീസ് കേസെടുപ്പിക്കാനും നീക്കം; ഇല്ലെങ്കില്‍ കോടതിയെ സമീപിക്കും; ജഗ്ദീപ് ധൻകറിൻറെ നിലപാട് നിർണായകം

മുജാഹിദ് സമ്മേളനത്തില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുപ്പിക്കാന്‍ ബിജെപി. പൊലീസ് പരാതിയില്‍ കേസെടുപ്പിക്കുക, ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുക എന്നതാണ് കേരളത്തില്‍ അവര്‍ തേടുന്ന സാധ്യതകള്‍. മാത്രമല്ല രാജ്യസഭാ എംപിയായതിനാല്‍ പാര്‍ലമെന്ററി രീതിയില്‍ സമീപിക്കാനും തീരുമാനിച്ചു. അതിന്റെ ഭാഗമായി രാജ്യസഭാചെയര്‍മാന് ബിജെപി പരാതി നല്‍കി. പൊലീസ് കേസെടുക്കണമെന്ന് സംസ്ഥാനസെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രസംഗം മതവിദ്വേഷം ഉണ്ടാക്കുന്നതെന്നാരോപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍ക്കറിന് പരാതി നല്‍കിയത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗമെന്നാണ് പരാതി.

എംപിക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോഴിക്കോട്ട് നാലു ദിവസങ്ങളായി നടന്ന കേരള നദ്‌വത്തുള്‍ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ അത്രയും കേന്ദ്രീകരിച്ചത് ആര്‍എസ്എസിലായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളള രാജ്യത്തെ മതമൈത്രിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളോട് സിപിഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രതികരണമായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പിന്നീട് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂട് പകര്‍ന്നു.

സംവാദം നടത്തി ആര്‍എസ്എസിന്റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം കരുതുന്നുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. ജോണ്‍ ബ്രിട്ടാസും സിപിഎമ്മും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഒരു മതസംഘടനയുടെ വേദിയില്‍ ഇതരവിഭാഗങ്ങള്‍ക്കെതിരെ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി ലീഗ് നേതാക്കളുടെ സിപിഎം വിരുദ്ധ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും കടന്നാക്രമിച്ചിരുന്നു.

ആര്‍എസ്എസിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കേണ്ട സമയത്ത് സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനല്ല നോക്കേണ്ടെതെന്ന് പിണറായി തുറന്നടിച്ചു. മുജാഹിദ് സമ്മേളനത്തിനിടെ പികെ ബഷീറും പികെ ഫിറോസും നടത്തിയ വിമര്‍ശനത്തിനായിരുന്നു അതേ വേദിയില്‍ പിണറായിയുടെ മറുപടി. പി.കെ ബഷീറിനും ആര്‍എസ്എസ് പ്രതിനിധികളെ സമ്മേളനത്തിന് ക്ഷണിച്ച കെഎന്‍എം നേതൃത്വത്തിനും ഉളള മറുപടിയാണ് സമാപന സമ്മേളനത്തില്‍ പിണറായി നല്‍കിയത്.
രാജ്യസഭയിലും ബ്രിട്ടാസിന്റെ പ്രസംഗങ്ങള്‍ പലപ്പോഴും പലവിധത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാറുണ്ട്. കഴിഞ്ഞയാഴ്ചയാണ് ധനമന്ത്രി നിര്‍മലാസീതാരാമനെതിരെ ബ്രിട്ടാസ് സംസാരിച്ചത്. അതിന് പിന്നാലെ ശക്തമായ വികാരം ബിജെപിയില്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡുവിന്റെ കാലത്ത് കാര്യമായ ഇളവുള്‍ ബ്രിട്ടാസിന് അനുവദിച്ചുകൊടുത്തിരുന്നു. മുന്‍കാലസുഹൃത്തുക്കള്‍ എന്ന നിലയിലുള്ള പരിഗണനയ്‌ക്കെതിരെ അന്ന് ബിജെപിയില്‍ അമര്‍ഷമുണ്ടായിരുന്നു. എന്നാല്‍ ജഗ്ദീപ് ധന്‍കര്‍ ചെയറിലിരിക്കുമ്പോള്‍ അത് പ്രതീക്ഷിക്കേണ്ടെന്നാണ് ബിജെപിയുടെ നിലപാട്.

- Advertisment -

Most Popular